കൊച്ചി: ദക്ഷിണ നാവിക സേന നാവിക കേന്ദ്രത്തിലെ മിലിറ്ററി എന്‍ജിനീയറിങ് സര്‍വീസ് ചീഫ് എന്‍ജിനീയര്‍ രാകേഷ് കുമാര്‍ ഗാര്‍ഗിലിന്റെ വീട്ടിലും ഓഫിസിലും നടത്തിയ റെയ്‌ഡിൽ സിബിഐ സംഘം ഇന്നലെ അഞ്ചു കോടിയിലധികം രൂപ പിടിച്ചെടുത്തു. നാവികസേനയുമായി ബന്ധപ്പെട്ട ജോലികളിൽ കൈക്കൂലി വാങ്ങി കരാർ നൽകിയെന്ന കേസിലായിരുന്നു റെയ്‌ഡ്. കൊച്ചിയിലെയും ഡൽഹിയിലെയും വീടുകളിലും ഓഫീസുകളിലുമാണ് റെയ്‌ഡ് നടത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് രാകേഷ് കുമാർ ഗാർഗെ അടക്കം മൂന്ന് പേരെ സിബിഐ സംഘം അറസ്റ്റ് ചെയ്‌തു. കൈക്കൂലി വാങ്ങിയെന്നു സംശയിക്കുന്ന ഒന്നരക്കോടി രൂപ ഡല്‍ഹിയിലെ വീട്ടില്‍ നിന്നാണ് കണ്ടെടുത്തത്. വജ്ര, സ്വർണ ആഭരണങ്ങളും റെയ്‌ഡിൽ സിബിഐ സംഘം കണ്ടുകെട്ടി. അറസ്റ്റിലായവരെ ഇന്ന് ഡൽഹിയിലേക്ക് കൊണ്ടുപോകും.
ദക്ഷിണ നാവികസേനയ്‌ക്കും തിരുവനന്തപുരത്തെ ദക്ഷിണ വ്യോമസേനയ്‌ക്കും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് മിലിറ്ററി എന്‍ജിനീയറിങ് സര്‍വീസാണ്. ഈ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ ക്രമക്കേടുകള്‍ നടന്നതായി സിബിഐയ്‌ക്കു പരാതി കിട്ടിയിരുന്നു.
ഉച്ചയ്‌ക്കു ശേഷം ആരംഭിച്ച റെയ്‌ഡ് രാത്രിയോടെയാണ് പൂര്‍ത്തിയാക്കിയത്. സിബിഐ കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരായിരുന്നു പരിശോധനയ്‌ക്കെത്തിയത്. അന്വേഷണ ഉദ്യോഗസ്ഥര്‍ രാകേഷ് കുമാര്‍ ഗാര്‍ഗിനെ മണിക്കൂറുകളോളം ചോദ്യം ചെയ്‌തു.
സിവില്‍ ജോലികള്‍ക്കു ചുമതലപ്പെട്ട മിലിറ്ററി എന്‍ജിനീയറിങ്ങിന് സൈന്യവുമായി നേരിട്ടു ബന്ധമില്ലെന്നും സിവില്‍ സര്‍വീസ് വിഭാഗം മാത്രമാണിതെന്നും നാവിക സേനാ വക്താവ് അറിയിച്ചു.
കര, വ്യോമ, നാവിക സേനാ വിഭാഗങ്ങളുടെ കീഴിൽ നേരിട്ടു പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ സിബിഐ ഉള്‍പ്പെടെയുള്ള അന്വേഷണ സംഘങ്ങള്‍ക്ക് മുൻകൂർ അനുമതിയില്ലാതെ പരിശോധന നടത്താനാവില്ല. എന്നാൽ സൈനിക എൻജിനീയറിങ് സർവ്വീസ് സിവിൽ വിഭാഗത്തിലായതിനാലാണ് സിബിഐ സംഘത്തിന് നേരിട്ട് പരിശോധന നടത്താൻ സാധിച്ചത്.
നേവല്‍ ബേസിലെത്തിയതിനു ശേഷമാണ് വിവരം സിബിഐ ഉദ്യോഗസ്‌ഥര്‍ നാവികസേനയെ അറിയിച്ചത്. ചീഫ് എന്‍ജിനീയറുടെ ഓഫീസിലേക്കെത്തണമെങ്കില്‍ നാവികസേനാ ആസ്‌ഥാനത്തിന് അകത്തു കൂടി കടന്നുപോകേണ്ടതിനാലാണു നേവിയുടെ അനുമതി തേടിയത്.
സിബിഐ എസ്‌പി നാവിക സേനയിലെ ഉന്നതരെ നേരിട്ടു ബന്ധപ്പെട്ടാണ് അനുമതി വാങ്ങിയത്. സിവില്‍ വിഭാഗമായതിനാല്‍ മറ്റ് നടപടികള്‍ക്ക് നില്‍ക്കാതെ നാവികസേന ഉടന്‍ അനുമതി നല്‍കുകയായിരുന്നു. ഇതേസമയം തന്നെ സിബിഐയുടെ മറ്റൊരു സംഘം കഠാരിബാഗില്‍ നാവികസേനാ ഉദ്യോഗസ്ഥര്‍ താമസിക്കുന്ന ഫ്‌ളാറ്റില്‍ ഗാര്‍ഗിന്റെ താമസസ്‌ഥലത്തും പരിശോധനയാരംഭിച്ചു.