കൊച്ചി: മുനമ്പത്തുനിന്നും മത്സ്യബന്ധനത്തിനു പോയ ബോട്ടിൽ കപ്പലിടിച്ച് മൂന്നു മത്സ്യത്തൊഴിലാളികൾ മരിച്ചു. തമിഴ്നാട് സ്വദേശികളായ മാണിക്കൊടി, യുഗനാഥൻ, യാക്കൂബ് എന്നിവരാണ് മരിച്ചത്. മലയാളി അടക്കം മൂന്നുപേരെ രക്ഷപ്പെടുത്തി. മറ്റു രണ്ടുപേർ കൊൽക്കത്ത, കുളച്ചൽ സ്വദേശികളാണ്. കടലിൽ ഒഴുകി നീങ്ങുകയായിരുന്ന ഇവരെ മറ്റു മത്സ്യത്തൊഴിലാളികളാണ് രക്ഷപ്പെടുത്തിയത്.

എട്ടുപേരെ കുറിച്ച് യാതൊരു വിവരവും ഇല്ല. 14 പേരാണ് അപകടത്തിൽപ്പെട്ട ബോട്ടിൽ ഉണ്ടായിരുന്നത്. കാണാതായവർക്കുളള തിരച്ചിൽ തുടരുകയാണ്. രക്ഷാപ്രവർത്തനത്തിനായി തീരദേശസേനയും രംഗത്തുണ്ട്.

ഇന്നു പുലർച്ചെ മൂന്നു മണിയോടെ നാട്ടിക തീരത്ത് നിന്ന് 15 കിലോമീറ്റർ അകലെ പടിഞ്ഞാറൻ പുറംകടലിലാണ് അപകടം. മുനമ്പത്തുനിന്നും മത്സ്യബന്ധനത്തിന് പോയ ഓഷ്യാന എന്ന ബോട്ടിൽ കപ്പൽ ഇടിക്കുകയായിരുന്നു. ഇടിച്ചശേഷം കപ്പൽ നിർത്താതെ പോയി. ഇടിയുടെ ആഘാതത്തിൽ ബോട്ട് പൂർണമായും തകർന്ന് മുങ്ങി.

ഇടിച്ചത് ഇന്ത്യൻ കപ്പലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മുംബൈ ആസ്ഥാനമായ എംവി ദേശഭക്തി എന്ന കപ്പലാണ് ഇടിച്ചത്. കപ്പൽ ചൈനയിൽനിന്നും ഇറാഖിലേക്ക് പോവുകയായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ