കൊച്ചി: നഗരത്തിലെ മോഷണ പരമ്പരയുമായി ബന്ധപ്പെട്ട് പൊലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. തൃപ്പുണിത്തുറയിലെ തിയറ്ററില്‍ 10 ഇതരസംസ്ഥാന തൊഴിലാളികള്‍ മോഷണം നടന്ന വ്യാഴാഴ്ച്ച രാത്രി സിനിമ കാണാനായി കയറിയ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ഇവര്‍ തന്നെയാണ് മോഷണം നടത്തിയതെന്നാണ് സംശയിക്കുന്നത്.

തൃപ്പൂണിത്തുറയിലെ വീട്ടില്‍ മോഷണം നടക്കുന്നതിന് മുമ്പ് ഏരൂരിലെ സ്വകാര്യ സ്ഥാപനത്തിന്റെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇവര്‍ തന്നെയാണോ തിയറ്ററിലും കയറിയതെന്ന് പരിശോധിച്ച് വരികയാണ്. മുഖം മറച്ച് കമ്പി വടി അരയില്‍ തിരുകുന്ന ആളെ ദൃശ്യങ്ങളില്‍ കാണാം. തൊട്ടുപിന്നാലെ ആറോളം പേര്‍ പല സ്ഥലങ്ങളില്‍ നിന്നായി എത്തുന്നു.

ഇവരില്‍ ഓരാള്‍ ക്യാമറ തകര്‍ക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. മോഷണത്തിന് പിന്നില്‍ പൂനെ കേന്ദ്രീകരിച്ചുള്ള ഇതരസംസ്ഥാന സംഘമാണെന്നാണ് നിഗമനം. മോഷണത്തിനായുള്ള വീടുകള്‍ നേരത്തെ തീരുമാനിച്ചുറപ്പിച്ചതിന് ശേഷം സംഘമായി എത്തി വീട്ടിലുള്ളവരെ അക്രമിച്ചും കെട്ടിയിട്ടും മോഷണം നടത്തുന്ന രീതി സ്ഥിരമായി നടപ്പിലാക്കുന്ന സംഘമാണിതെന്നാണ് പോലീസ് നിഗമനം.

നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതോടെ കൊച്ചി നഗരത്തെ ഞെട്ടിച്ച തുടര്‍ കവര്‍ച്ചകളില്‍ തുമ്പുണ്ടാക്കാനാവുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ