കൊച്ചി: എറണാകുളം പുല്ലേപ്പടി റെയിൽവേ ട്രാക്കിനു സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. സുഹൃത്ത് ജോബിയെ ഫോർട്ടുകൊച്ചി മാനാശേരി സ്വദേശി ഡിനോയിയാണ് കൊലപ്പെടുത്തിയത്. മോഷണക്കേസിൽ പൊലീസിനു തെളിവു ലഭിക്കാതിരിക്കാനാണ് കൂട്ടുപ്രതിയായ ജോബിയെ ഡിനോയ് കൊലപ്പെടുത്തിയത്. കഴിഞ്ഞ പുതുവൽസര രാത്രിയിൽ എളമക്കര പുതുക്കലവട്ടത്തെ വീടു കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതി ജോബിയെയാണ് കഴിഞ്ഞ ദിവസം റെയിൽവെ ട്രാക്കിനു സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. ഡിനോയിയും ജോബിയും ഒരുമിച്ചാണ് പുതുവൽസര ദിനത്തിൽ മോഷണം നടത്തിയത്.

വിശദമായ ചോദ്യം ചെയ്യലിനു ഒടുവിലാണ് ഡിനോയ് കുറ്റസമ്മതം നടത്തിയത്. എന്തിനാണ് സുഹൃത്തിനെ കൊന്നതെന്നും ഡിനോയ് പൊലീസിനോട് വിശദീകരിച്ചു. ജോബിയുടെ വിരലടയാളം പൊലീസിന് മോഷണ സ്ഥലത്തുനിന്നു ലഭിച്ചിരുന്നതിനാലാണ് കൊലപ്പെടുത്തിയതെന്നാണ് ഡിനോയ് പൊലീസിന് മൊഴി നൽകി. ജോബിയുടെ വിരലടയാളം പൊലീസിനു ലഭിക്കാതിരിക്കാനായിരുന്നു കൊലപാതകം. ജോബിയെ കൊന്നാൽ അന്വേഷണം തന്നിലേക്ക് എത്തില്ലെന്ന് ഡിനോയ് വിചാരിച്ചു. മോഷണക്കേസിലെ കൂട്ടു പ്രതികളായ സുലു, പ്രദീപ്, മണിലാൽ എന്നിവരെയും പൊലീസ് പിടികൂടി ചോദ്യം ചെയ്തതോടെയാണ് സത്യം പുറത്തുവന്നത്. മോഷണമുതൽ പങ്കുവയ്ക്കുന്നതിലുള്ള തർക്കത്തെ തുടർന്നാണ് കൊലപാതകമെന്നായിരുന്നു പ്രതി ആദ്യം നൽകിയ മൊഴി.

Read Also: വളരെ കൂടുതൽ സംസാരിക്കുന്ന രീതിയാണ് നമുക്ക്, മാറ്റങ്ങൾ മനസിലാക്കണം; തിരുത്തുമായി മുഖ്യമന്ത്രി

ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് പുല്ലേപ്പടിയിൽ കത്തിക്കരിഞ്ഞ നിലയിൽ ജോബിയുടെ മൃതദേഹം കണ്ടെത്തിയത്. ട്രാക്കിലേക്ക് തലവച്ച് പൂർണമായും കത്തിയ നിലയിലായിരുന്നു മൃതദേഹം. കത്തിക്കുന്നതിന് ഉപയോഗിച്ച ലൈറ്ററും പെട്രോൾ കൊണ്ടുവന്ന കുപ്പിയും സമീപത്തു നിന്നു കണ്ടെടുത്തിരുന്നു.

മോഷണക്കുറ്റവുമായി ബന്ധപ്പെട്ട് ഡിനോയിയെ ഇന്നലെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഈ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. പുതുവൽസര ദിനത്തിൽ മോഷണം നടന്ന വീടിന്റെ ഉടമയുടെ സഹോദര പുത്രനാണ് പ്രതി ഡിനോയ്. പ്രതിയുടെ സഹോദരിയുടെ വിവാഹത്തിനു വീട്ടുടമ പോയ സമയം നോക്കിയാണ് ജോബി അടക്കമുള്ള സുഹൃത്തുക്കൾക്കൊപ്പം ഡിനോയ് മോഷണത്തിനു കയറിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.