കൊച്ചി: എറണാകുളം മറൈൻ ഡ്രൈവിൽ നടന്ന ഡിവൈഎഫ്ഐ അഖിലേന്ത്യാ സമ്മേളനത്തിന്റെ പേരിൽ വ്യാജ റസീറ്റ് അച്ചടിച്ച് പണപ്പിരിവ് നടത്തിയ ഡിവൈഎഫ്ഐ പ്രവർത്തകൻ പിടിയിൽ. തേവര സ്വദേശി മനോജാ(36)ണ് പിടിയിലായത്. കേസിൽ ഇയാളുടെ കൂട്ടുപ്രതിയായ സിപിഐ(എംഎൽ) പ്രവർത്തകൻ രവീന്ദ്രൻ(47) പിടിയിലായിട്ടുണ്ട്.
എറണാകുളം സെൻട്രൽ പൊലീസാണ് പ്രതികളെ പിടികൂടിയത്. ഇരുവരും ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചിട്ടുണ്ട്. രാവിലെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്നും കേസ് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് പ്രാദേശിക സിപിഎം ഡിവൈഎഫ്ഐ നേതാക്കൾ സെൻട്രൽ പൊലീസിനെ ബന്ധപ്പെട്ടിരുന്നു. എന്നാൽ ഡിവൈഎഫ്ഐ അഖിലേന്ത്യ സമ്മേളന സംഘാടക സമിതി ചെയർമാനും സിപിഎം എറണാകുളം ജില്ല സെക്രട്ടറിയുമായ പി.രാജീവ് കേസിൽ ഉറച്ചു നിന്നതോടെയാണ് ഇവർ പിന്മാറിയത്.
ഈ വർഷം ഫെബ്രുവരി 1 മുതൽ 5 വരെയാണ് എറണാകുളം ജവഹർലാൽ നെഹ്റു സ്റ്റേഡിയം പരിസരത്ത് ഡിവൈഎഫ്ഐ യുടെ പത്താമത് അഖിലേന്ത്യ സമ്മേളനം നടന്നത്. ഇതിനായി തുക കണ്ടെത്താൻ എല്ലാ ഡിവൈഎഫ്ഐ ഘടകങ്ങൾക്കും രസീത് കൈമാറിയിരുന്നു. മനോജിന് ലഭിച്ച രസീത്, ഇയാൾ രവീന്ദ്രന് കൈമാറി പകർപ്പെടുത്തു. പിന്നീടാണ് ഇരുവരും ചേർന്ന് പിരിവ് നടത്തിയത്.
കല്യാൺ സിൽക്സ്, ബജാജ് അലയൻസ് തുടങ്ങി നിരവധി സ്ഥാപനങ്ങളിൽ ഇവർ പിരിവിനായി ചെന്നിരുന്നു. പിന്നീട് അതതിടങ്ങളിലെ ഡിവൈഎഫ്ഐ പ്രവർത്തകരോട് സ്ഥാപനങ്ങളിൽ നിന്ന് അറിയിച്ചതിനെ തുടർന്നാണ് സംഭവം അന്വേഷിച്ചത്. ഫെബ്രുവരി രണ്ടിനാണ് കേസിൽ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പി.രാജീവ് കൊച്ചി സിറ്റി പൊലീസ് കമ്മിഷണറെ ബന്ധപ്പെട്ടത്.
കേസ് രജിസ്റ്റർ ചെയ്ത് ഇന്ന് വൈകിട്ട് തന്നെ പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്ന് സെൻട്രൽ സിഐ പറഞ്ഞു. മനോജിനെ ഡിവൈഎഫ്ഐ യിൽ നിന്ന് പുറത്താക്കുമെന്നാണ് വിവരം. അതേസമയം തേവരയിലെ സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകരിൽ ആർക്കെങ്കിലും സംഭവത്തിൽ പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
അതേസമയം പി.രാജീവ് നൽകിയ പരാതിയിൽ 40 ദിവസം കഴിഞ്ഞിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ ജില്ല കമ്മിറ്റി മുഖ്യമന്ത്രിയുടെ ഓഫീസിനെ ബന്ധപ്പെട്ടു. ഇതേ തുടർന്ന് മുഖ്യമന്ത്രി കൊച്ചി സിറ്റി പൊലീസ് കമ്മിഷണറെ ഫോണിൽ വിളിച്ച് ശാസിച്ചതായാണ് വിവരം.
സാധാരണക്കാർക്ക് നീതി ലഭ്യമാക്കും വിധമായിരിക്കണം പൊലീസിന്റെ ഓരോ കേസിലെയും ഇടപെടൽ. കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാ കേസിലും നീതിയുക്തമായ അന്വേഷണം നടത്തണം. കേസുകൾ രജിസ്റ്റർ ചെയ്യാനോ പ്രതികളെ പിടികൂടാനോ കാലതാമസം ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി കമ്മിഷണറോട് പറഞ്ഞിട്ടുണ്ട്.
കേസിൽ പ്രാഥമിക അന്വേഷണം നടത്താൻ പോലും 40 ദിവസം കഴിഞ്ഞിട്ടും കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എംപി ദിനേശ് നിർദ്ദേശിച്ചിരുന്നില്ല. ഇതിനിടയിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയും തൃപ്പൂണിത്തുറ എംഎൽഎ യുമായ എം.സ്വരാജ് കേസിലെ അന്വേഷണ പുരോഗതി ആരാഞ്ഞ് പൊലീസിനെ ബന്ധപ്പെട്ടിരുന്നു. എന്നാൽ അന്വേഷണം എങ്ങുമെത്തിയില്ലെന്നായിരുന്നു മറുപടി. ഇദ്ദേഹം സമ്മർദ്ദം ചെലുത്തിയിട്ടും കേസ് അന്വേഷണം മുന്നോട്ട് പോയിരുന്നില്ല.