കൊച്ചി: കൊച്ചി സിറ്റി പൊലീസിനെതിരെ പരാതിയുമായി അന്തരിച്ച സൈമൺ ബ്രിട്ടോയുടെ ഭാര്യ സീന ഭാസ്കർ. പൊലീസ് വീട്ടിൽ അതിക്രമിച്ച് കയറി പരിശോധന നടത്തിയെന്നാണ് പരാതി. കൊലക്കേസ് പ്രതിയെ അന്വേഷിച്ച് വീട്ടിൽ കയറിയെന്നാണ് പൊലീസ് അറിയിച്ചതെന്ന് പരാതിയിൽ പറയുന്നു. സിറ്റി പൊലീസ് കമ്മീഷണർക്കാണ് സീന പരാതി നൽകിയത്.
ഞാറയ്ക്കൽ പൊലീസിൽ നിന്നെന്ന് പറഞ്ഞ് ഒരു സംഘം പൊലീസ് എറണാകുളം വടുതലയിലെ വീടിന്റെ വാതിൽ കുത്തിപ്പൊളിച്ച് അകത്ത് കടന്നുവെന്നാണ് സീന പരാതിയിൽ പറയുന്നത്. പൊലീസ് പോയതിനുപിന്നാലെ വീട്ടിൽ സൂക്ഷിച്ചിരുന്ന മകളുടെ പത്ത് പവനോളം വരുന്ന ആഭരണങ്ങൾ കാണാതായെന്നും ബ്രിട്ടോയ്ക്ക് ലഭിച്ച പുരസ്കാരങ്ങളിൽ ചിലതും കാണാതായെന്നും പരാതിയിൽ പറയുന്നു.
മകളുടെ പഠനാവശ്യത്തിനായി ഡൽഹിയിലാണ് സീന താമസിക്കുന്നത്. ഒരു മാസം മുൻപ് വീട് വാടകയ്ക്ക് നൽകിയിരുന്നു. ഇവിടേക്കാണ് നടപടി ക്രമങ്ങൾ പാലിക്കാതെ പൊലീസ് എത്തിയത്. തന്നോടോ അടുത്ത് താമസിക്കുന്ന ബന്ധുക്കളോടോ പരിശോധനയുടെ വിവരം പൊലീസ് അറിയിച്ചിരുന്നില്ലെന്നും പരാതിയിൽ പറയുന്നുണ്ട്.
അതേസമയം, വീട് സൈമൺ ബ്രിട്ടോയുടേത് ആയിരുന്നുവെന്ന് തങ്ങൾക്ക് അറിയില്ലായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കിയത്. ആലപ്പുഴ സ്വദേശിയായ വിഷ്ണുവാണ് വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്നത്. എസ്എഫ്ഐ പ്രവർത്തകനായ ഇയാൾ നേരത്തെ ചില കേസുകളിൽ പ്രതിയാണെന്ന സംശയമുണ്ട്. ഇയാൾക്കൊപ്പം ഗുണ്ടാ സംഘ തലവൻ ലിപിൻ ജോസഫും താമസിച്ചിരുന്നതായാണ് പൊലീസ് നിഗമനം. ഇയാളെ തേടിയാണ് വീട്ടിൽ എത്തിയതെന്ന് പൊലീസ് പറഞ്ഞു.