കൊച്ചി: യുവനടിയുടെ പീഡന പരാതിയിൽ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ കൂടുതൽ സാവകാശം വേണമെന്ന വിജയ് ബാബുവിന്റെ ആവശ്യം തള്ളി അന്വേഷണ സംഘം. ഈ മാസം 19 ന് ഹാജാരാകാമെന്നായിരുന്നു അന്വേഷണ സംഘം നൽകിയ നോട്ടീസിന് വിജയ് ബാബുവിന്‍റെ രേഖാമൂലമുളള മറുപടി. എന്നാൽ ഈ ആവശ്യം അംഗീകരിക്കേണ്ടെന്നാണ് കൊച്ചി സിറ്റി പൊലീസിന്‍റെ തീരുമാനം.
ബിസിനസ് ടൂറിലാണെന്നും മേയ് 19 ന് ഹാജരാകാമെന്നുമാണ് കൊച്ചി സിറ്റി പൊലീസിനെ വിജയ് അറിയിച്ചത്. എത്രയും വേഗം ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നല്‍കിയ നോട്ടീസിന് മറുപടിയായാണ് വിജയ് സാവകാശം തേടിയത്. മേയ് 18 നാണ് വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത്. ഇത് കണക്കിലെടുത്താകാം 19 ന് ഹാജരാകാമെന്ന് വിജയ് ബാബു അറിയിച്ചതെന്നാണ് പൊലീസ് നിഗമനം.
ഈ മാസം 22 നാണ് നടി വിജയ് ബാബുവിനെതിരെ പൊലീസിൽ പരാതി നൽകിയത്. സിനിമയിൽ കൂടുതൽ അവസരം വാഗ്‌ദാനം ചെയ്ത് കൊച്ചിയിലെ ഫ്ലാറ്റിലും ആഡംബര ഹോട്ടലിലും പാർപ്പിച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്തെന്നായിരുന്നു നടിയായ യുവതിയുടെ പരാതി. ബലാത്സംഗം, ഗുരുതരമായി പരുക്കേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾക്കുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.
നടി പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് വിജയ് ബാബു ദുബായിലേക്ക് കടന്നത്. ബാംഗ്ലൂര്‍ വഴിയാണ് വിദേശത്തേക്ക് കടന്നതെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
Read More: ബലാത്സംഗക്കേസ്: ‘ബിസിനസ് ടൂറിലാണ്’; ഹാജരാകാന്‍ സാവകാശം വേണമെന്ന് വിജയ് ബാബു