കൊച്ചി: ശബരിമല സംഘർഷവുമായി ബന്ധപ്പെട്ട് നടക്കുന്ന അറസ്റ്റുകൾ സംസ്ഥാനത്തെ അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ തെളിവാണെന്ന് രാഹുൽ ഈശ്വർ. തിരുവനന്തപുരത്ത് നിന്ന് അറസ്റ്റ് ചെയ്ത് കൊച്ചിയിൽ എത്തിച്ചപ്പോഴായിരുന്നു രാഹുൽ ഇങ്ങനെ പറഞ്ഞത്.
രാവിലെ പ്രഭാത ഭക്ഷണം കഴിക്കാൻ സമ്മതിക്കാതെയാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് രാഹുൽ ഈശ്വറിന്റെ ഔദ്യോഗിക ട്വിറ്റർ പേജിൽ ട്വീറ്റ് ചെയ്തിരുന്നു. കിംസ് ആശുപത്രിയിൽ കൊണ്ടുപോകുമെന്ന് പറഞ്ഞാണ് അറസ്റ്റ് ചെയ്തതെന്നും എന്നാൽ പിന്നീട് ഈ വാഗ്ദാനം പൊലീസ് ലംഘിച്ചെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
Police not allowed me to take breakfast, 1st promised that they will take me to kims hospital. Changed promise and taking me to central police station near high court kochi.
Is this not human rights violation.
— Rahul Easwar (@RahulEaswar) October 28, 2018
എന്നാൽ ഇതിനെ പൂർണ്ണമായും നിഷേധിച്ചാണ് പൊലീസ് സംസാരിച്ചത്. “യാത്രയ്ക്കിടെ കഴിക്കാൻ പഴവും ഓറഞ്ചും വാങ്ങി നൽകിയിരുന്നു. പിന്നീട് വെജിറ്റേറിയൻ ഹോട്ടലിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ചു. ഭക്ഷണം കഴിക്കാനും വെളളം കുടിക്കാനുമായി മൂന്നിടത്താണ് യാത്രയ്ക്കിടെ നിർത്തിയത്. വേണമെങ്കിൽ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും ഹാജരാക്കാം,” എറണാകുളം സെൻട്രൽ സിഐ എ.അനന്തലാൽ ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു.
അറസ്റ്റ് ചെയ്ത് കൊച്ചിയിലേക്ക് കൊണ്ടുവരുമ്പോൾ രാഹുൽ ഈശ്വറിനെ ഫോൺ ഉപയോഗിക്കാൻ അനുവദിച്ചിരുന്നതായി കൂടെയുണ്ടായിരുന്ന പൊലീസുകാർ വ്യക്തമാക്കി. “അദ്ദേഹം ഇടയ്ക്ക് അമ്മയെയും ഭാര്യയെയും വിളിച്ചിരുന്നു. അഭിഭാഷകരെയും ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഇന്നലെ കിംസ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തയാൾ ഇന്ന് രാവിലെ ആശുപത്രിയിൽ പോകുമോ? അങ്ങിനെയൊരാവശ്യം ഞങ്ങളോട് പറഞ്ഞിട്ടില്ല,” പൊലീസ് ഉദ്യോഗസ്ഥൻ വിശദീകരിച്ചു.
രാവിലെ 10 മണിയോടെയാണ് രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം നന്താവനത്തെ ഫ്ലാറ്റിൽ നിന്നാണ് പൊലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് തടയാൻ സന്നിധാനത്ത് രക്തം ചീന്താൻ ആളെ നിർത്തിയിരുന്നുവെന്ന പ്രസ്താവനയാണ് രാഹുൽ ഈശ്വറിനെതിരെ ഇപ്പോൾ ചുമത്തിയിരിക്കുന്ന കേസ്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 117, 153 (a), കേരള പൊലീസ് ആക്ടിലെ 118-ാം വകുപ്പ് എന്നിവയാണ് രാഹുൽ ഈശ്വറിനെതിരെ ചുമത്തിയിരിക്കുന്നത്. വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കുന്ന രാഹുലിനെ കസ്റ്റഡിയിൽ വിട്ടുതരാൻ ആവശ്യപ്പെടുമെന്ന് സിഐ അനന്തലാൽ വ്യക്തമാക്കി.
രക്തം ചീന്തി ക്ഷേത്രം അടച്ചിടാൻ 20 ഓളം പേരെ സന്നിധാനത്ത് നിർത്തിയിരുന്നുവെന്ന് എറണാകുളം പ്രസ് ക്ലബിൽ വച്ചാണ് അദ്ദേഹം വെളിപ്പെടുത്തിയത്. സംഭവം വിവാദമായപ്പോൾ ഈ പ്രസ്താവന രാഹുൽ ഈശ്വർ നിഷേധിക്കുകയും ചെയ്തു.