കൊച്ചി: കേരളത്തെ നടുക്കിയ തീപിടിത്തത്തിനാണ് ഇന്ന് കൊച്ചി നഗരം സാക്ഷിയായത്. പ്രമുഖ ചെരുപ്പ് നിർമ്മാണ കമ്പനിയായ പാരഗണിന്റെ എറണാകുളത്തെ റീജണൽ ആസ്ഥാനമാണ് അഗ്നിക്കിരയായത്. രാവിലെ പതിനൊന്നരയോടെ തീപിടിച്ച കെട്ടിടം മണിക്കൂറുകളോളം നിന്ന് കത്തി.

കൊച്ചിക്ക് ഇന്ന് സാധാരണമായ ഒരു ദിവസമായിരുന്നില്ല. രാജ്യത്തെ പ്രമുഖ വ്യക്തികൾ പങ്കെടുക്കുന്ന അഡ്വർടൈസേർസ് അസോസിയേഷന്റെ സമ്മേളനം കൊച്ചി ഗ്രാന്റ് ഹയാത്തിൽ ആരംഭിച്ച ദിവസമാണ്. അമിതാഭ് ബച്ചൻ, മുകേഷ് അംബാനി, ശ്രീ ശ്രീ രവിശങ്കർ തുടങ്ങി നിരവധി പ്രമുഖ വ്യക്തികൾ പങ്കെടുക്കുന്ന പരിപാടിയായിരുന്നു ശ്രദ്ധാകേന്ദ്രം. 2500 ലേറെ പേർ സമ്മേളിക്കുന്ന മഹാസമ്മേളനം ആയിരുന്നു ഇത്.

എന്നാൽ ആ തിരക്കുകൾക്കിടയിലേക്കാണ് പാരഗൺ ഓഫീസിന് തീപിടിച്ച വാർത്ത പാഞ്ഞെത്തിയത്. തീ പോലെ തന്നെ വാർത്തയും പരന്നു. അഗ്നിരക്ഷാസേനയും പൊലീസും പാഞ്ഞെത്തിയെങ്കിലും കെട്ടിടത്തിന് അകത്ത് അപ്പോഴേക്കും തീ പടർന്നിരുന്നു.

രാവിലെ പതിനൊന്ന് മണിയോടെ കെട്ടിടത്തിന്റെ പുറകുവശത്ത് നിന്നാണ് ആദ്യം പുക ഉയർന്നത്. കനത്തരീതിയിൽ പുക ഉയർന്നതോടെ ജീവനക്കാർ ഒന്നടങ്കം പുറത്തേക്കോടി. ഓഫീസിനകത്ത് എല്ലാ നിലകളിലും ചെരുപ്പുകളുടെ സ്റ്റോക്ക് ഉണ്ടായിരുന്നതായാണ് ലഭിക്കുന്ന വിവരം. ഇത് അഗ്നിക്കിരയാകാൻ മിനിറ്റുകൾ മാത്രമാണ് സമയമെടുത്തത്.

സുരക്ഷാ വിഭാഗങ്ങൾ സ്ഥലത്തെത്തുന്നതിന് മുൻപ് തന്നെ താഴത്തെ നിലയൊഴികെ മറ്റെല്ലാ നിലകളിലേക്കും തീപടർന്നിരുന്നു. നാട്ടുകാർക്ക് നോക്കിനിൽക്കാനേ സാധിച്ചുളളൂ. ആദ്യമെത്തിയ മൂന്ന് ഫയർ യൂണിറ്റുകൾക്ക് തീയണക്കാൻ പരിമിതികളുണ്ടെന്ന് മനസിലായതോടെ കൂടുതൽ വാഹനങ്ങളെത്തിച്ചു.

കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട നിർമ്മാണം നടക്കുന്നതിനാൽ കളത്തിപ്പറമ്പ് റോഡിൽ ഈ ഭാഗത്ത് ഗതാഗതം നിരോധിച്ചിരുന്നു. മുൻപ് ജനവാസ മേഖലയായിരുന്ന ഇവിടം ഇന്ന് ചെരുപ്പ് മൊത്തക്കച്ചവടക്കാരുടെ കേന്ദ്രമാണ്. രണ്ട് ഡസനോളം ചെരുപ്പ് മൊത്ത വ്യാപാര കേന്ദ്രങ്ങളാണ് ഇവിടെ പ്രവർത്തിക്കുന്നത്.

പാരഗൺ ഓഫീസിൽ ആളിയ തീ എത്ര നഷ്ടം വരുത്തിവച്ചുവെന്നതിന്റെ കൃത്യമായ കണക്കുകൾ ലഭ്യമല്ല. എന്നാൽ കുറഞ്ഞത് രണ്ട് കോടിയുടെ നഷ്ടം തീർച്ചയായും സംഭവിച്ചിരിക്കാം. കെട്ടിടം പൂർണ്ണമായും കത്തിനശിച്ചതിനാൽ പുനർനിർമ്മാണം ആവശ്യമായി വരുമെന്നാണ് ലഭിക്കുന്ന വിവരം. സ്ഥാപനത്തിലുണ്ടായ മുഴുവൻ സ്റ്റോക്കുകളും കത്തിനശിച്ചിട്ടുണ്ട്.

അഗ്നിബാധ ഉണ്ടായതോടെ എറണാകുളം എംജി റോഡിനും എറണാകുളം സൗത്ത് റെയിൽവെ സ്റ്റേഷനും ഇടയിലെ സ്ട്രെച്ചിൽ മെട്രോ നിർമ്മാണം നിർത്തിവച്ചു. വൈദ്യുതി ബന്ധം പൂർണ്ണമായും വിച്ഛേദിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ജനക്കൂട്ടം കാഴ്ചകൾ മൊബൈലിൽ പകർത്താൻ ശ്രമിച്ചത് പൊലീസും അഗ്നിരക്ഷാ സേനാംഗങ്ങൾക്കും കൂടുതൽ തലവേദന സൃഷ്ടിച്ചു.

കേരളത്തിലെ ചെരുപ്പ് നിർമ്മാണ കമ്പനിയാണ് പാരഗൺ. ഫാൽക്കൺ ഏജൻസീസ് പ്രൈവറ്റ് ലിമിറ്റഡ് പാരഗണിന്റെ സഹോദര സ്ഥാപനവും വിതരണ വിഭാഗവുമാണ്. സംസ്ഥാനത്തിന് അകത്തും പുറത്തും ചെരുപ്പുകൾ കയറ്റി അയക്കുന്ന പ്രധാന കേന്ദ്രമാണ് ഈ ആറ് നില കെട്ടിടം.

പതിറ്റാണ്ടുകളുടെ പ്രവർത്തന പരിചയമുളള സ്ഥാപനമാണ് പാരഗൺ. 1975 ൽ പ്രതിദിനം 1500 ജോഡി ചെരുപ്പുകൾ നിർമ്മിച്ചാണ് പാരഗൺ ഇന്ത്യൻ വിപണിയിലേക്ക് കടന്നുവന്നത്. 1982 ൽ സംസ്ഥാനത്തിന് പുറത്തേക്ക് കൂടി പ്രവർത്തനം വ്യാപിപ്പിച്ചു. നിലവിൽ രാജ്യത്ത് 18 ഇടങ്ങളിൽ ഇവർക്ക് ഡിപ്പോകളുണ്ട്. ഇന്ന് പ്രതിദിനം നാല് ലക്ഷം ചെരുപ്പുകളാണ് കമ്പനി നിർമ്മിക്കുന്നത്. കോട്ടയം, സേലം, ബെംഗലുരു, കൊൽക്കത്ത എന്നിവിടങ്ങളിലും കമ്പനിക്ക് ഇപ്പോൾ നിർമ്മാണശാലകളുണ്ട്. പ്രതിവർഷം 14 കോടി ചെരുപ്പുകളാണ് കമ്പനി വിറ്റഴിക്കുന്നതെന്നാണ് കണക്ക്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ