കൊച്ചി: കേരളത്തെ ഞെട്ടിച്ച തീപിടുത്തം നടന്ന പാരഗൺ ഓഫീസിൽ അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടെന്നാണ് നിഗമനം എന്ന് രക്ഷാപ്രവർത്തനത്തിന്റെ നേതൃത്വം വഹിച്ച കോട്ടയം ആർഎഫ്ഒ അരുൺ കുമാർ. എന്താണ് ഇത്രയും വലിയൊരു തീപിടിത്തത്തിലേക്ക് നയിച്ചതെന്ന് കൂടുതൽ വിശദമായ അന്വേഷണത്തിൽ മാത്രമേ വ്യക്തമാകൂ എന്നും അദ്ദേഹം പറഞ്ഞു.

തീയണക്കാനെത്തിയ ഫയർ എഞ്ചിനുകൾ

വിതരണത്തിനെത്തിച്ച ചെരിപ്പുകളാണ് ഇവിടെ ഉണ്ടായിരുന്നത്. റബ്ബറും, പോളിയുറെത്തീനും പിവിസിയും മറ്റും ഉഫയോഗിച്ച് നിർമ്മിച്ച ചെരിപ്പുകളായിരുന്നു ഇതിലേറെയും. ഇവയിലേക്ക് തീ പടർന്നതാണ് കെട്ടിടത്തെ വിഴുങ്ങുന്ന നിലയിലേക്ക് കാര്യങ്ങൾ മാറിമറിഞ്ഞതെന്നാണ് അഗ്നിരക്ഷാ സേനയുടെ പ്രാഥമിക വിലയിരുത്തൽ.

“കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്നാണ് തീ പടർന്നത്. ഞാൻ താഴത്തെ നിലയിൽ കയറിനോക്കിയിരുന്നു. മുകളിലത്തെ നിലകളിലേക്ക് കയറി നോക്കാവുന്ന സാഹചര്യം ആയിട്ടില്ല. തീ നിയന്ത്രണ വിധേയമായി. എന്നാൽ തീയണഞ്ഞിട്ടില്ല. ചെരിപ്പിനുപയോഗിക്കുന്ന മെറ്റീരിയലുകൾ വേഗം തീപിടിക്കുന്നതും അണയ്ക്കാൻ പ്രയാസമുളളതുമാണ്. അതിനാലാണ് ഇത്രയേറെ ബുദ്ധിമുട്ടേണ്ടി വന്നത്,” അരുൺ കുമാർ ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.

തീപിടിച്ചത് രാവിലെയാണെങ്കിലും അപകടത്തിന്റെ തുടക്കം രാത്രിയിലായിരിക്കുമെന്ന് കോട്ടയത്ത് നിന്ന് എത്തിയ അഗ്നിരക്ഷാ സേന സ്റ്റേഷൻ ഓഫീസർ ശിവദാസൻ പറഞ്ഞു. കെട്ടടത്തിനകത്ത് വായുമർദ്ദം കൂടുകയും തീപ്പൊരികൾ വീഴുകയും ചെയ്തിരിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പൂർണ്ണമായും തീയണക്കാതെ അന്വേഷണം ആരംഭിക്കാൻ സാധിക്കില്ലെന്ന് അരുൺ കുമാർ പറഞ്ഞു. എറണാകുളം റീജണൽ ഫയർ ഓഫീസർ ആറ്റുകാൽ പൊങ്കാല ഡ്യൂട്ടിക്ക് തിരുവനന്തപുരത്തേക്ക് പോയതാണ് കോട്ടയം ആർഎഫ്ഒ സ്ഥലത്തെത്താൻ കാരണമായത്.

കേരള ഫയർ ഫോ‌ഴ്‌സിന്റെ നാല് ജില്ലകളിൽ നിന്നുളള സംഘമാണ് തീയണക്കാൻ എറണാകുളം സൗത്ത് കളത്തിപ്പറമ്പ് റോഡിലെത്തിയത്. “സമീപജില്ലകളിൽ നിന്നെല്ലാം സ്പെയർ ചെയ്യാവുന്ന ഫയർ എഞ്ചിനുകൾ എറണാകുളത്തെത്തിക്കാനാണ് നിർദ്ദേശം നൽകിയത്. എറണാകുളത്തിന് പുറമെ, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ ജില്ലകളിൽ നിന്നുളള സംഘം സ്ഥലത്തെത്തിയിരുന്നു.

കൊച്ചി പോർട്ട്, ഇന്ത്യൻ നാവികസേന എന്നിവരുടെയും ഫയർ യൂണിറ്റുകളെത്തി. കേരള ഫയർ ഫോഴ്സിന്റെ 25 ഫയർ എഞ്ചിനുകളും നാവികസേനയുടെ മൂന്നും പോർട്ടിന്റെ രണ്ടും ഫയർ യൂണിറ്റുകളുമാണ് തീയണക്കാനുളള ശ്രമത്തിൽ പങ്കാളികളായത്.

കെട്ടിടം തീർത്തും ഉപയോഗശൂന്യമായെന്ന് റീജണൽ ഫയർ ഓഫീസർ അരുൺ കുമാർ പറഞ്ഞു. “നഷ്ടം സംബന്ധിച്ച കണക്കുകൾ ഇപ്പോൾ പറയാനാകില്ല. കെട്ടിടം ഇനി ഉപയോഗിക്കാനാവുമെന്ന് കരുതുന്നില്ല. കൂടുതൽ അന്വേഷണം നടത്തണം എങ്കിൽ തീ പൂർണ്ണമായും അണയേണ്ടതുണ്ട്. അതിനായി കാത്തിരിക്കുകയാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ