കൊച്ചി: കായലിൽ ചാടിയ എളങ്കുന്നപ്പുഴ പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഎം നേതാവുമായ വി.കെ.കൃഷ്‌ണന്റെ (74) മൃതദേഹം കണ്ടെത്തി. ഇന്നു രാവിലെയോടെയാണ് കണ്ണമാലി തീരത്തുനിന്നും മൃതദേഹം കണ്ടെത്തിയത്. കടൽത്തീരത്തെ പാറക്കെട്ടുകൾക്കിടയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു മൃതദേഹം.സമീപത്തുനിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് പ്രദേശവാസികൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് കൃഷ്‌ണന്റെ ബന്ധുക്കളെ വിവരം അറിയിക്കുകയും അവർ മൃതദേഹം തിരിച്ചറിയുകയും ചെയ്‌തു.
ചൊവ്വാഴ്‌ച രാത്രി 7.30 ഓടെയാണ് വൈപ്പിനിൽനിന്ന് ഫോർട്ടുകൊച്ചിയിലേക്കുളള ബോട്ടിൽനിന്ന് കൃഷ്‌ണൻ കായലിലേക്ക് ചാടിയത്. പാർട്ടി നേതൃത്വത്തിനെതിരെ താൻ എഴുതിയ ആത്മഹത്യ കുറിപ്പ് ബോട്ടിലുണ്ടായിരുന്ന യാത്രക്കാരനെ ഏൽപ്പിച്ച ശേഷമായിരുന്നു ചാടിയത്. തന്നെ പുകച്ച് പുറത്താക്കുന്ന ഒരു പാർട്ടിയാണ് എളങ്കുന്നപ്പുഴ ലോക്കൽ കമ്മിറ്റിയെന്ന് ആത്മഹത്യ കുറിപ്പിൽ ഉണ്ടായിരുന്നു.
കൃഷ്‌ണൻ കായലില്‍ ചാടിയ സംഭവത്തില്‍ സിപിഎമ്മിനെതിരേ ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. പാര്‍ട്ടിയില്‍നിന്നുള്ള മാനസിക പീഡനം മൂലമാണ് കൃഷ്‌ണന്‍ ആത്മഹത്യക്ക് ശ്രമിച്ചതെന്ന് സഹോദരീ പുത്രന്‍ ആരോപിച്ചിരുന്നു.
പഞ്ചായത്ത് പ്രസിഡന്റായിരുന്ന കൃഷ്‌ണന് രണ്ടു മാസം മുമ്പ് കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലൂടെ സ്ഥാനം നഷ്‌ടമായിരുന്നു. റെയിൽവേ മെയിൽ സർവിസിൽനിന്ന് വിരമിച്ചശേഷമാണ് രാഷ്‌ട്രീയത്തിൽ സജീവമായത്. 2005-2010 കാലയളവിലും പ്രസിഡന്റായിരുന്നു.