കൊച്ചി: രണ്ട് നാവികസേനാ ഉദ്യോഗസ്ഥരുടെ മരണത്തിനിടയാക്കിയ അപകടം നടന്നത് രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന നേവൽ എയർ സ്റ്റേഷനിൽ. കൊച്ചിയിലെ ദക്ഷിണ നാവിക സേനാ ആസ്ഥാനമായ കൊച്ചി നേവൽ ബേസിലെ ഐഎൻഎസ് ഗരുഡയിലെ ഹങ്കറിലാണ് രണ്ട് നാവികരുടെ .

ഇന്ത്യ സ്വതന്ത്ര റിപ്പബ്ലിക് ആയ ശേഷം ആദ്യമായി സ്ഥാപിച്ച എയർ സ്റ്റേഷനാണിത്. 1953 മെയ് 11 നാണ് ഐഎൻഎസ് ഗരുഡ പ്രവർത്തനം ആരംഭിച്ചത്. കൊച്ചിൻ പോർട്ട് ട്രസ്റ്റ് മദ്രാസ് പ്രസിഡൻസിയിൽ നിന്നും ബ്രിട്ടീഷ് ഹാർബർ കോർപ്സിലെ ഉദ്യോഗസ്ഥരെ പോർട്ട് നിർമ്മാണത്തിന് എത്തിക്കാനായി സ്ഥാപിച്ചതാണ് ഈ വ്യോമത്താവളം. രാജ്യം സ്വാതന്ത്ര്യം നേടിയ ശേഷം ഇന്ത്യൻ നാവികസേന ഈ വ്യോമത്താവളം ഏറ്റെടുക്കുകയും ഐഎൻഎസ് ഗരുഡ എന്ന് പുനർ നാമകരണം ചെയ്യുകയുമായിരുന്നു.

Read More: നാവിക സേനാ ആസ്ഥാനത്തെ അപകടം; പ്രാഥമിക അന്വേഷണം തുടങ്ങി

ഐഎൻഎസ് ഗരുഡയിലെ റൺവേയോട് ചേർന്നുളള ഹങ്കറിലാണ് ഇന്ന് രാവിലെ അപകടം ഉണ്ടായത്. ഹങ്കറിന്റെ ഉയർത്തിവച്ചിരുന്ന വാതിലുകളിൽ ഒന്ന് തകർന്ന് വീണായിരുന്നു അപകടം. ഭാരമേറിയ ഇരുമ്പുവാതിൽ ഘടിപ്പിച്ചിരുന്ന റെയിലിൽ നിന്ന് ഇളകി വീഴുകയായിരുന്നു.

ഈ സമയത്ത് ഹങ്കറിൽ നിന്നും പുറത്തേക്ക് നടന്നുപോവുകയായിരുന്നു അപകടത്തിൽ മരിച്ച നാവികസേന ഉദ്യോഗസ്ഥർ. ഹരിയാന സ്വദേശി, നവീൻ (28), രാജസ്ഥാൻ സ്വദേശി അജീത്ത് സിങ് (29) എന്നിവരാണ് മരിച്ചത്.വാതിൽ വീണ് ഇരുവരുടെയും തലയിലും ശരീരത്തിലും അതീവ ഗുരുതരമായ പരിക്കുണ്ടായി. ഉടനെ തന്നെ നേവൽ ബേസിലെ ആശുപത്രിയായ ഐഎൻഎസ് സഞ്ജീവനിയിൽ എത്തിച്ചെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല.

Read More: കൊച്ചി നാവികസേന ആസ്ഥാനത്ത് അപകടം; രണ്ട് നാവികർ മരിച്ചു

സംഭവത്തിൽ നാവികസേന അന്വേഷണം തുടങ്ങിയിട്ടുണ്ട്. നാവികസേനയിലെ ഏവിയേഷൻ ഇലക്ട്രിക്കൽ ബ്രാഞ്ചിലെ ചീഫ് പെറ്റി ഓഫീസർമാരാണ് മരിച്ച നവീനും അജീത് സിങും. ഹരിയാനയിലെ ബീവാനി ജില്ലക്കാരനായ നവീൻ, 2008 ജനുവരി 25 നാണ് ഇന്ത്യൻ നാവിക സേനയിൽ ചേർന്നത്. രാജസ്ഥാനിലെ ഭരത്‌പൂർ ജില്ലക്കാരനാണ് അജീത് സിങ്. 2009 ജൂലൈ 29 നാണ് ഇദ്ദേഹം നാവികസേനയുടെ ഭാഗമായത്. ആരതിയാണ് നവീന്റെ ഭാര്യ. ഇവർക്ക് രണ്ട് വയസുളള മകളും ഉണ്ട്. പാർവതിയാണ് അജീതിന്റെ ഭാര്യ. ഇവർക്ക് അഞ്ച് വയസുളള മകനുണ്ട്. അതേസമയം അപകടത്തിന്റെ കാരണം എന്താണെന്ന് ദക്ഷിണ നാവിക സേന ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.