കൊച്ചി: തിരശ്ശീല വീഴാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കൊച്ചി-മുസിരീസ് ബിനാലെയില്‍ സാമ്പത്തിക പ്രശ്‌നം. ചില വേദികള്‍ നിര്‍മ്മിച്ചതിനുള്ള പണം നല്‍കിയിട്ടില്ലെന്ന് ആരോപിച്ച് കോണ്‍ട്രാക്ടര്‍ വക്കീല്‍ നോട്ടീസ് അയച്ചതോടെയാണ് ബിനാലെയ്ക്ക് തിരിച്ചടി നേരിട്ടിരിക്കുന്നത്. ഇതിന് പിന്നാലെ ബിനാലെയിലെ ദിവസവേതന തൊഴിലാളികളും പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ കോണ്‍ട്രാക്ട് ഏറ്റെടുത്തിരുന്ന തോമസ് ക്ലെരി ഇന്‍ഫ്രാസ്റ്റ്രക്ചര്‍ ആന്‍ഡ് ഡെവലപ്പേഴ്‌സ് ആണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. 77.59 ലക്ഷം രൂപയുടെ ബില്ല് മുടങ്ങിക്കിടക്കുകയാണെന്നും ഇത് അടക്കാതെ വന്നാല്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്നാണ് നോട്ടീസില്‍ പറയുന്നത്. ഇത് കൂടാതെ വിവിധ ആളുകള്‍ക്കായി 45 ലക്ഷം രൂപയും നല്‍കാനുണ്ടെന്ന് നോട്ടീസില്‍ പറയുന്നു.

Read More: മീ ടൂ ആരോപണം: ബിനാലേ ഫൗണ്ടേഷനില്‍ നിന്ന് റിയാസ് കോമു രാജിവച്ചു

ബിനാലെയുടെ കഴിഞ്ഞ പതിപ്പിലും തങ്ങള്‍ തന്നെയായിരുന്നു നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തിയിരുന്നതെന്നും അതുകൊണ്ടാണ് ഇത്തവണ പ്രധാന വേദികളായ ആസ്പിന്‍ വാള്‍ ഹൗസിലേതടക്കമുള്ള ജോലി ഏറ്റെടുത്തതെന്നും ടിസിഐഡി ഡയറക്ടര്‍ അപ്പു തോമസ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ബിനാലെ ആരംഭിക്കാന്‍ രണ്ട് മാസം മാത്രം മുമ്പാണ് തങ്ങള്‍ക്ക് നിര്‍മ്മാണത്തിന്റെ ചുമതല ലഭിക്കുന്നതെന്നും രാത്രിയും പകലും അധ്വാനിച്ചാണ് ജോലി പൂര്‍ത്തിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

തോമസിന്റെ കമ്പനിയില്‍ നിന്നും നിര്‍മ്മാണ ജോലിയുടെ കോണ്‍ട്രാക്ട് ലഭിച്ച സൈമണ്‍ പറയുന്നത് തനിക്കും തന്റെ തൊഴിലാളികള്‍ക്കും മൂന്നര ലക്ഷം രൂപയലധികം ഇപ്പോഴും കിട്ടാനുണ്ടെന്നാണ്.

എന്നാല്‍ ആരോപണങ്ങളോട് പ്രതികരിച്ചുകൊണ്ട് കൊച്ചിന്‍ ബിനാലെ ഫൗണ്ടേഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത് ‘കാബ്രല്‍ യാര്‍ഡിലെ ബിനാലെ വേദി നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഇതുവരെ കോണ്‍ട്രാക്ടര്‍ക്കും അദ്ദേഹത്തിന്റെ തൊഴിലാളികള്‍ക്കും 1,80,59,00 രൂപയാണ് നല്‍കിയിട്ടുള്ളത്. മറ്റ് തൊഴിലാളികള്‍ക്ക് വേതനം നല്‍കേണ്ടത് കോണ്‍ട്രാക്ടറുടെ ഉത്തരവാദിത്തമാണ്.’

‘കോണ്‍ട്രാക്ടര്‍ സമര്‍പ്പിച്ച അന്തിമ ബില്‍ ക്രമാതീതമായി തോന്നിയതിനാല്‍ കരാര്‍ പരസ്പര ധാരണയുടെ അടിസ്ഥാനത്തില്‍ ഇത് പരിശോധിക്കാനായി ഒരു സ്വതന്ത്ര സര്‍ക്കാര്‍ അംഗീകൃത വ്യക്തിയെ നിയമിച്ചിട്ടുണ്ട്. അദ്ദേഹം സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം ബില്ലുകളില്‍ വലിയ തോതില്‍ വര്‍ദ്ധനയുള്ളതായും കോണ്‍ട്രാക്ടര്‍ ആവശ്യപ്പെട്ട തുക തീര്‍ത്തും ഏകപക്ഷീയമാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇപ്പോള്‍ കാര്യങ്ങള്‍ നിയമപരമായാണ് നടക്കുന്നത്,’ എന്നാണ് ബിനാലെ ഫൗണ്ടേഷന്‍ പ്രതികരിച്ചിരിക്കുന്നത്.

ഇതിനു പുറമെ കൊച്ചിന്‍ ബിനാലെ ഫൗണ്ടേഷന്‍ സഹസ്ഥാപകൻ റിയാസ് കോമു കഴിഞ്ഞ ദിവസം തന്റെ സ്ഥാനമാനങ്ങൾ രാജിവച്ചിരുന്നു. മീടൂ ആരോപണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ ബിനാലെയുടെ സ്ഥാനമാനങ്ങളിൽ നിന്നും മാറ്റി നിർത്തിയിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് റിയാസ് കോമുവിന്റെ രാജി എന്നാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് പേരുവെളിപ്പെടുത്താത്ത യുവതി ഇന്‍സ്റ്റഗ്രാം പോസ്റ്റ് വഴി റിയാസ് കോമുവിനെതിരെ ആരോപണം ഉന്നയിക്കുന്നത്. ഒരു സ്റ്റുഡിയോ വിസിറ്റിന്റെ ഭാഗമായി താന്‍ മുംബൈയില്‍ വച്ച് റിയാസ് കോമുവിനെ കണ്ടിരുന്നുവെന്നും പിന്നീട് അദ്ദേഹത്തിന്റെ ക്ഷണപ്രകാരം കൊച്ചിയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനായെത്തിയ തന്നോട് റിയാസ് കോമു മോശമായി പെരുമാറിയെന്നും പോസ്റ്റില്‍ യുവതി ആരോപിച്ചിരുന്നു. സംഭവത്തില്‍ ക്ഷമാപണം നടത്തി റിയാസ് കോമു രംഗത്തെത്തിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.