തിരുവനന്തപുരം: കൊച്ചി-മുസിരിസ് ബിനാലെയുടെ സ്പര്‍ശം ആകാശത്തിലും. ബിനാലെയില്‍ തയാറാക്കിയ ടെയില്‍ ആര്‍ട്ട് എയര്‍ ഇന്ത്യ എക്‌പ്രസ് വിമാനം വഹിക്കും.
കോഴിക്കോട് സ്വദേശിയായ ചിത്രകാരി ജി എസ് സ്മിതയുടെ അക്രലിക് പെയിന്റിങ്ങാണ് 25 അടി നീളമുള്ള ടെയില്‍ ആര്‍ട്ടായി മാറ്റിയത്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ബോയിങ് 737-800 വിടി-എ എക്‌സ് എന്‍ വിമാനത്തിന്റെ വാലിലാണു പെയിന്റിങ് പതിപ്പിച്ചിരിക്കുന്നത്.
വര്‍ണാഭമായ പ്രകൃതിദൃശ്യങ്ങള്‍ പുനരാവിഷ്‌കരിച്ച് ഓര്‍മകളിലൂടെ സമാന്തരമായ ടൈംലൈന്‍ ചിത്രീകരിക്കുന്നതാണ് ഈ പെയിന്റിങ്. ഒരേസമയം ചെറുജീവികളുടെ സൂക്ഷ്മതയും കുന്നുകളുടെയും പൂമെത്തകളുടെയും വിശാലതയും സംയോജിപ്പിക്കുന്നതു കൂടിയാണ് ഈ മെറ്റാഫിസിക്കല്‍ പെയിന്റിങ്.
തിരുവനന്തപുരം വിമാനത്താവളത്തിലെ എയര്‍ ഇന്ത്യ എന്‍ജിനീയറിങ് സര്‍വീസസ് ലിമിറ്റഡിന്റെ ഹാങ്കറില്‍ നടന്ന ചടങ്ങില്‍ പൊതുമരാമത്ത്, ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ടെയില്‍ ആര്‍ട്ട് അനാച്ഛാദനം ചെയ്തു.
എയര്‍ ഇന്ത്യ എക്‌സ്പ്രസും കൊച്ചി ബിനാലെയും തമ്മിലുള്ള അതുല്യ പങ്കാളിത്തവും രാജ്യത്തിന്റെ സംസ്‌കാരത്തെ സൂചിപ്പിക്കുന്ന ഊര്‍ജസ്വലമായ ഈ ടെയില്‍ ആര്‍ട്ടും കലയോടും സംസ്‌കാരത്തോടുമുള്ള അവരുടെ പ്രതിബദ്ധതയാണു കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളില്‍നിന്നും എയര്‍ ഇന്ത്യ എക്‌പ്രസ് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നടത്തുന്നുണ്ട്. ഇന്ത്യന്‍ വ്യോമയാനരംഗത്ത് എയര്‍ ഇന്ത്യ എക്‌പ്രസ് മെച്ചപ്പെട്ട ശക്തിയായി മാറണമെന്ന് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
1935-ല്‍ ടാറ്റയുടെ ആദ്യ വിമാനം തിരുവനന്തപുരത്തെ ഈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയതു മുതല്‍ അത്തരം നിരവധി നാഴികക്കല്ലുകള്‍ നമ്മള്‍ പിന്നിട്ടിട്ടുണ്ട്. സംസ്ഥാനത്ത് വിനോദസഞ്ചാരം വളരെ പ്രധാനപ്പെട്ട പങ്കാണു വഹിക്കുന്നത്. ഇതു മികച്ച ടൂറിസം കേന്ദ്രങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഈ കലാസൃഷ്ടി വിമാനത്തില്‍ സ്ഥാപിക്കുക വഴി തങ്ങള്‍ ബിനാലെയുടെ ആവേശം രാജ്യാന്തര തലത്തിലേക്ക് എത്തിക്കുകയാണെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സി ഇ ഒയും എയര്‍ ഏഷ്യ ഇന്ത്യ പ്രസിഡന്റുമായ അലോക് സിങ് പറഞ്ഞു. ഈ കലാ സംരംഭത്തിന്റെ ടൂറിസം സാധ്യതകള്‍ ശക്തമാക്കാന്‍ തങ്ങളുടെ നീക്കം സഹായകമാകുമെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
പ്രാദേശിക തലത്തിലുള്ളതും അന്താരാഷ്ട്ര തലത്തിലുള്ളതുമായ കലാകാരര്‍ക്കു തങ്ങളുടെ സൃഷ്ടികള്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ അവസരം നല്‍കുന്നതിലാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസും കൊച്ചി ബിനാലെ ഫൗണ്ടേഷനും വിശ്വസിക്കുന്നതെന്നു പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി പറഞ്ഞു. ദിവസവും ആയിരക്കണക്കിന് ആളുകള്‍ ആസ്വദിക്കുന്ന ഇത്തരമൊരു ടെയില്‍ ആര്‍ട്ട് സൃഷ്ടിക്കാനായതില്‍ തങ്ങള്‍ ആവേശഭരിതരാണെന്നും അദ്ദേഹം പറഞ്ഞു.
രൂപീകൃതമായ കാലം മുതല്‍ തന്നെ ടെയില്‍ ആര്‍ട്ടുകളിലൂടെ ഇന്ത്യയുടെ ശക്തമായ സംസ്‌കാരവും പാരമ്പര്യവും പ്രകടിപ്പിക്കുന്ന രീതിയാണ് എയര്‍ ഇന്ത്യ എക്‌പ്രസ് പിന്തുടരുന്നത്. എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസുമാണു ഏഷ്യയിലെ ഏറ്റവും വലിയ സമകാലിക ആര്‍ട്ട് ഫെസ്റ്റിവലായ ബിനാലെയുടെ ഔദ്യോഗിക യാത്രാ പങ്കാളികള്‍. ഡിസംബറില്‍ ആരംഭിച്ച ബിനാലെ ഏപ്രില്‍ വരെ നീളും.