Kochi-Muziris Biennale 2018 International Contemporary Art Exhibition: കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെയുടെ നാലാം പതിപ്പിന് ഇന്ന് തുടക്കം. ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സമകാലീന കലാപ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും.
ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി, എറണാകുളം എന്നിവിടങ്ങളിലായി 10 വേദികളാണ് ബിനാലെയ്‌ക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്. 30 രാജ്യങ്ങളില്‍ നിന്നായി 94 കലാകാരന്മാരുടെ പ്രദര്‍ശനങ്ങള്‍ ഇത്തവണത്തെ ബിനാലെയുടെ കാഴ്ചകളെ സമ്പന്നമാക്കും.
ഡിസംബർ 12 മുതല്‍ 2019 മാര്‍ച്ച് 29 വരെ 108 ദിവസങ്ങൾ നീണ്ടുനിൽക്കുന്നതാണ് ബിനാലെ പ്രദര്‍ശനം. പ്രദര്‍ശനങ്ങള്‍ കാണുന്നതിന് 100 രൂപയാണ് ടിക്കറ്റ് വില. പ്രശസ്ത ആര്‍ട്ടിസ്റ്റ് അനിത ദുബെയാണ് ഇത്തവണ ബിനാലെയുടെ ക്യൂറേറ്റർ. രാവിലെ പത്ത് മണിക്ക് അനിത ദുബെ പതാക ഉയർത്തുന്നതോടെ ബിനാലെയ്ക്ക് തുടക്കമാകും.
നൂറ് രൂപയുടെ ടിക്കറ്റ് എടുത്താൽ ബിനാലെയുടെ ആസ്‌പിൻവാൾ മൈതാനത്ത് മൂന്ന് തവണയും മറ്റിടങ്ങളിൽ ഓരോ തവണയും പ്രവേശനം അനുവദിക്കും. രണ്ട് പേർക്ക് മൂന്ന് ദിവസം എല്ലാ വേദികളിലും പരിധിയില്ലാതെ പ്രവേശിക്കുന്നതിന് 500 രൂപയുടെ ഗ്രൂപ്പ് ടിക്കറ്റ് എടുക്കണം. പതിനെട്ട് വയസ്സില്‍ താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 50 രൂപയാണ് ടിക്കറ്റ് നിരക്ക്.
അതേസമയം, സ്റ്റുഡന്റ്സ് ബിനാലെയിൽ വിവിധ രാജ്യങ്ങളിൽ നിന്നുളള 200 ഓളം കലാ വിദ്യാർത്ഥികൾ പങ്കെടുക്കുന്നുണ്ട്. ഇതിന് പുറമെ ഇത്തവണത്തെ ബിനാലെയിൽ സ്ത്രീകളുടെ പങ്കാളിത്തം കൂടുതലാണ്.