scorecardresearch

കൊച്ചി ബിനാലെ അഞ്ചാം ലക്കത്തിന്റെ ക്യൂറേറ്ററായി ശുഭിഗി റാവുവിനെ തിരഞ്ഞെടുത്തു

2018 ല്‍ ആരംഭിച്ച കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കത്തിലെ പങ്കാളിത്ത കലാകാരിയായിരുന്നു ശുഭിഗി റാവു

Kochi-Muziris Biennale, കൊച്ചി ബിനാലെ, Biennale fifth edition, ബിനാലെ അഞ്ചാം ലക്കം, Shubigi Rao, ശുഭഗി റാവു,IE Malayalam, ഐഇ മലയാളം
Kochi-Muziris Biennale fifth edition curator Shubigi Rao

കൊച്ചി: സിംഗപ്പൂരിലെ  ഇന്ത്യന്‍ വംശജയായ ആര്‍ട്ടിസ്റ്റ് ശുഭിഗി റാവുവിനെ കൊച്ചി – മുസിരിസ് ബിനാലെ അഞ്ചാം ലക്കത്തിന്റെ ക്യൂറേറ്ററായി തിരഞ്ഞെടുത്തു. ബിനാലെ തിരഞ്ഞെടുപ്പു സമിതി വെനീസില്‍ വച്ചാണ് പ്രഖ്യാപനം നടത്തിയത്. തുടര്‍ച്ചയായി രണ്ടാം തവണയാണ് ബിനാലെയ്ക്ക് വനിതാ ക്യൂറേറ്ററെ തിരഞ്ഞെടുക്കുന്നത്.

2020 ഡിസംബര്‍ 12 നാണ് കൊച്ചി ബിനാലെ അഞ്ചാം ലക്കത്തിന് തുടക്കമാകുന്നത്. കലാകാരൻമാർ തന്നെ ക്യൂറേറ്റര്‍മാരാകുന്ന പതിവ് നിലനിർത്തിയാണ് ഇത്തവണയും തിരഞ്ഞെടുപ്പ് സമിതി ശുഭിഗിയുടെ പേര് നിർദേശിച്ചത്.

Read More: മീടു ആരോപണത്തെ തുടര്‍ന്ന് രാജിവച്ച റിയാസ് കോമുവിനെ തിരിച്ചെടുത്ത് ബിനാലെ ഫൗണ്ടേഷന്‍

വെനീസിലെ പലാസോ ഫ്രാഞ്ചെറ്റിയിലുള്ള ഇസ്റ്റിറ്റ്യൂട്ടോ യൂറോപ്യോ ഡി ഡിസൈനിലായിരുന്നു ക്യൂറേറ്റര്‍ പ്രഖ്യാപനം. അമൃത ഝാവേരി, സുനിത ചോറാറിയ, ഗായത്രി സിന്‍ഹ, ജിതിഷ് കല്ലാട്ട്, തസ്നീം മേഹ്ത്ത, കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ട്രസ്റ്റികളായ ബോസ് കൃഷ്ണമാചാരി, വി സുനില്‍, അലക്സ് കുരുവിള, തുടങ്ങിയവര്‍ അടങ്ങിയതായിരുന്നു തിരഞ്ഞെടുപ്പു നിര്‍ണയ സമിതി.

സങ്കീര്‍ണങ്ങളായ പ്രതിഷ്ഠാപനങ്ങളും കലാചിന്തകളുമാണ് മുംബൈയില്‍ ജനിച്ച എഴുത്തുകാരി കൂടിയായ ശുഭിഗി റാവുവിനെ ശ്രദ്ധേയയാക്കുന്നത്. പുരാവസ്തുശാസ്ത്രം, ന്യൂറോ സയന്‍സ്, ലൈബ്രറീസ്, ആര്‍ക്കൈവല്‍ സിസ്റ്റംസ്, ചരിത്രവും നുണകളും, സാഹിത്യം, അക്രമം, പരിസ്ഥിതി,  പ്രകൃതി ചരിത്രം തുടങ്ങിയ വിഷയങ്ങളിലാണ് ശുഭിഗി തന്‍റെ രചനകളെ സങ്കീര്‍ണമായി അവതരിപ്പിച്ചിരിക്കുന്നത്.

Read More: ചെറിയ കലാകാരന്മാർക്ക് ബിനാലെ നല്‍കുന്നത് വലിയ വേദി: സീതാറാം യെച്ചൂരി

സ്വദേശത്തു നിന്ന് പറിച്ചെറിയപ്പെട്ട് ഒഴുകി നടക്കുന്ന നഗരങ്ങളെപ്പോലെയാണ് പലപ്പോഴും ബിനാലെകളെന്ന് ശുഭിഗി റാവു പ്രതികരിച്ചു. എന്നാല്‍, കൊച്ചി-മുസിരിസ് ബിനാലെ നഗരത്തിന്‍റെ ചരിത്രവും സാംസ്ക്കാരിക വൈവിധ്യവുമായി ഇഴചേര്‍ന്നു കിടക്കുന്നു. വിമര്‍ശനാത്മകവും രാഷ്ട്രീയവും സാമൂഹ്യവുമായ കലാപ്രവര്‍ത്തനങ്ങള്‍ക്കുള്ള നിര്‍ണായകമായ വേദിയാണിത്. സന്നിഗ്ദ്ധ ഘട്ടങ്ങളെ അംഗീകരിക്കുന്നതിനോടൊപ്പം ചര്‍ച്ച, പ്രായോഗികത എന്നിവയെ എക്സിബിഷന്‍റെ വീക്ഷണത്തോടു കൂടി മാത്രം കാണാതെ അവയുടെ ഇടങ്ങളെ വ്യത്യസ്തമാക്കാനും ശ്രമിക്കണമെന്ന് അവര്‍ പറഞ്ഞു. പ്രാദേശികമായ വാസ്തവികതയെ നിലനിറുത്തുന്നതിനൊപ്പം നവപൊതുബോധത്തെ അരക്കിട്ടുറപ്പിക്കാനും ബിനാലെയിലൂടെ തനിക്കു സാധിക്കുമെന്നാണ് വിശ്വാസമെന്നും അവര്‍ പറഞ്ഞു.

യുവത്വവും വൈവിധ്യമാർന്ന താത്പര്യവുമുള്ള ക്യൂറേറ്ററെയാണ് ആഗ്രഹിച്ചതെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി പറഞ്ഞു. ക്യൂറേറ്റര്‍ നിര്‍ണയ സമിതി മികച്ച തീരുമാനമാണ് കൈക്കൊണ്ടത്. അനിതരസാധാരണമായ പ്രതിഭയുള്ള കലാകാരിയാണ് ശുഭിഗിയെന്നും ബോസ് ചൂണ്ടിക്കാട്ടി. വിവിധ വിഷയങ്ങളില്‍ അവഗാഹമുള്ള ബഹുമുഖ പ്രതിഭയാണ് ശുഭിഗിയെന്ന് കെബിഎഫ് സെക്രട്ടറി വി സുനില്‍ അഭിപ്രായപ്പെട്ടു. മികച്ച ബിനാലെയെയാണ് ഏവരും കാത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

2018 ല്‍ ആരംഭിച്ച കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കത്തിലെ പങ്കാളിത്ത കലാകാരിയായിരുന്നു ശുഭിഗി റാവു. പത്താമത് തായ്പേയി ബിനാലെ(2016), രണ്ടാമത് സിംഗപ്പൂര്‍ ബിനാലെ(2008) എന്നിവയിലും അവര്‍ പങ്കെടുത്തിട്ടുണ്ട്. ദി വുഡ് ഫോര്‍ ദി ട്രീസ്(2018), റിട്ടണ്‍ ഇന്‍ ദി മാര്‍ജിന്‍സ്(2017), ദി റെട്രോസ്പെക്ടബിള്‍ ഓഫ് എസ്. റൗള്‍(2013), യുസ്ഫുള്‍ ഫിക്ഷന്‍സ്(2013) എന്നിവയാണ് അവരുടെ ശ്രദ്ധേയ പ്രദര്‍ശനങ്ങള്‍. എബൗട്ട് ബുക്ക്സ്( റോം 2018), നാഷണല്‍ മ്യൂസിയം ഓഫ് സിംഗപ്പൂരിലെ സിഗ്നേച്ചര്‍ ആര്‍ട്ട് പ്രൈസ് ഫൈനലിസ്റ്റ്, ഗോസ്റ്റ് ഓണ്‍ ദി വയര്‍ 21(2016), ഡിയര്‍ പെയിന്‍റര്‍(2015), അര്‍ബന്‍നെസ്സ്(2015), മോഡേണ്‍ ലവ്(2014), സ്റ്റില്‍ ബില്‍ഡിംഗ്(2012), സിംഗപ്പൂര്‍ സര്‍വേ; ബിയോണ്ട് എല്‍കെവൈ(2010), ഫൗണ്ട് ആന്‍ഡ് ലോസ്റ്റ്(2009), സിംഗപ്പൂര്‍ മ്യൂസിയത്തിലെ ആര്‍ട്ട് ഷോ(2007), സെക്കന്‍റ് ഡാന്‍സ് സോങ്(2006), അപ്പിറ്റൈറ്റ്സ് ഫോര്‍ ലിറ്റര്‍(2006) ന്യൂ കണ്ടംപററീസ്(2005) എന്നിവ അവരുടെ സംയോജിത കലാപദ്ധതികളാണ്.

2014 മുതല്‍ പുസ്തകങ്ങള്‍ നശിപ്പിക്കുന്നതിന്‍റെ ചരിത്രം അന്വേഷിക്കുകയാണ് ശുഭിഗി. രണ്ട് പുസ്തകങ്ങളാണ് ഈ വിഷയത്തിന്ററെ അടിസ്ഥാനത്തില്‍ അവര്‍ പുറത്തിറക്കിയിരിക്കുന്നത്. പള്‍പ്പ്; എ ഷോര്‍ട്ട് ബയോഗ്രഫി ഓഫ് ദി ബാനിഷ്ഡ് ബുക്ക്സ് എന്നാണ് രണ്ട് വാല്യങ്ങളായി പ്രസിദ്ധീകരിച്ചിട്ടുള്ള ഈ പുസ്തകങ്ങളുടെ പേര്. റിട്ടണ്‍ ഇന്‍ മാര്‍ജിന്‍സ് എന്ന ആദ്യ ഭാഗത്തിന് എപിബി സിഗ്നേച്ചര്‍ പ്രൈസ് 2018 ന്‍ററെ ജൂറേഴ്സ് ചോയ്സ് പുരസ്ക്കാരത്തിനര്‍ഹമായിട്ടുണ്. സിംഗപ്പൂര്‍ ലിറ്ററേച്ചര്‍ പ്രൈസ് 2018 ന്‍റെ അവസാന റൗണ്ടിലും ആദ്യ ഭാഗം തെരഞ്ഞടുക്കപ്പെട്ടിരുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kochi muziris biennale fifth edition curator shubigi rao