കൊച്ചി: ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും വലിയ സമകാലീന കലാപ്രദര്‍ശനമായ കൊച്ചി-മുസിരിസ് ബിനാലെയുടെ നാലാം പതിപ്പിന് നാളെ തുടക്കമാകും. ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ബിനാലെയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കുന്നത്.
ഡിസംബർ 12 മുതല്‍ 2019 മാര്‍ച്ച് 29 വരെ 108 ദിവസങ്ങൾ നീണ്ടുനിൽക്കുന്നതാണ് ബിനാലെ പ്രദര്‍ശനം. ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി, എറണാകുളം എന്നിവടങ്ങളിലായി 10 വേദികളാണ് ബിനാലെയുടെ ഭാഗമായുള്ളത്. പ്രശസ്ത ആര്‍ട്ടിസ്റ്റ് അനിത ദുബെയാണ് ബിനാലെ ക്യൂറേറ്റർ.
ഇത്തവണത്തെ ബിനാലെയില്‍ 30 രാജ്യങ്ങളില്‍ നിന്നുള്ള 94 കലാകാരന്മാർ പ്രദര്‍ശനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 2012 ലാണ് കൊച്ചി-മുസിരിസ് ബിനാലെ ആദ്യമായി സംഘടിപ്പിക്കപ്പെടുന്നത്.
ബിനാലെ പ്രദര്‍ശനങ്ങള്‍ കാണുന്നതിന് 100 രൂപയാണ് ടിക്കറ്റ് നിരക്ക്. ആസ്പിന്‍വാള്‍ ഹൗസില്‍ ദിവസത്തില്‍ 3 തവണയും മറ്റ് വേദികളില്‍ ഒരു തവണയുമാണ് പ്രവേശനം അനുവദിക്കുന്നത്. 500 രൂപയുടെ ഗ്രൂപ്പ് ടിക്കറ്റ് എടുത്താല്‍ രണ്ട് പേര്‍ക്ക് 3 ദിവസത്തേക്ക് എല്ലാ വേദികളിലും പരിധിയില്ലാതെ പ്രവേശനം അനുവദിക്കും. പതിനെട്ട് വയസ്സില്‍ താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 50 രൂപയാണ് ടിക്കറ്റ് നിരക്ക്.