കൊച്ചി: കേരളത്തെ ആഗോള സാംസ്കാരിക ഭൂപടത്തിൽ അടയാളപ്പെടുത്തിയ കൊച്ചി മുസിരിസ് ബിനാലെയ്ക്ക് മറ്റൊരു തിലകച്ചാർത്ത് കൂടി. ബിനാലെയുടെ പ്രചാരണത്തിനായി കേരള ടൂറിസം വകുപ്പ് തയ്യാറാക്കിയ പരസ്യ ചിത്രം പ്രശസ്തമായ ക്യൂരിയസ് അവാർഡിന് അർഹമായി. യുവധാര വായനശാലയിൽ നിന്ന് പുറത്തേക്ക് നോക്കുമ്പോൾ കാണുന്ന സാംസ്കാരിക വൈവിധ്യങ്ങളാണ് പരസ്യ ചിത്രത്തിന്റെ ഉള്ളടക്കം.

ഒരു മിനിറ്റിൽ കൂടുതൽ ദൈർഘ്യമുള്ള പരസ്യചിത്രങ്ങളുടെ വിഭാഗത്തിലാണ് ചിത്രത്തിന് അവാർഡ് നേടിയത്. ലോകത്തെ പ്രമുഖ ക്രിയേറ്റീവ് മാധ്യമ സ്ഥാപനങ്ങളുമായി ചേർന്ന് ലണ്ടനിലെ ഡി ആന്‍ഡ് ഡി എന്ന സ്ഥാപനമാണ് അവാര്‍ഡ് സംഘടിപ്പിച്ചത്. ഛായഗ്രാഹകനെന്ന നിലയിലും സംവിധായകനെന്ന നിലയിലും മികച്ച സിനിമകളിലൂടെ മലയാളികളുടെ കൈയ്യടി വാങ്ങിയ സമീർ താഹിറാണ് എ റൂം വിത്ത എ വ്യു സംവിധാനം ചെയ്തത്.

ഏഴു മികച്ച ഫീച്ചര്‍ ഫിലിമുകളില്‍ നിന്നാണ് എ റൂം വിത്ത എ വ്യു ഒന്നാമതെത്തിയത്. ദക്ഷിണേന്ത്യയില്‍ നിന്നും നോമിനേഷനുണ്ടായിരുന്ന ഏക ചിത്രമായിരുന്നു ഇത്. ക്രിസ് ബെയ്‌ലിസ്, ജിഗി ലീ, ജോസി പോള്‍, രാജ് കാമ്പ്‌ളെ തുടങ്ങിയ പ്രമുഖരുള്‍പ്പെട്ടതായിരുന്നു ക്യൂരിയസ്-ഡി ആന്‍ഡ് ഡി ജൂറി പാനല്‍.

Read More :ടെലിവിഷൻ പരസ്യത്തിന് ബിനാലെയ്ക്ക് സർക്കാർ വക മൂന്ന് കോടി

കലാസാസ്‌കാരികരംഗത്ത് കേരളത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണങ്ങളിലൊന്നായി കൊച്ചി മുസിരിസ് ബിനാലെയെ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടെന്നും കേരളത്തിന്റെ അമൂല്യമായ സാംസ്‌കാരിക വൈവിധ്യവും സാമൂഹ്യ ഐക്യവും സംരക്ഷിക്കേണ്ട ഉത്തരവാദിത്വം നമുക്കുണ്ടെന്നും സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

ദേശീയവും അന്തര്‍ദേശീയവുമായി അവതരിപ്പിച്ച ‘ലിവ് ഇന്‍സ്പയേഡ്’ പ്രചാരണത്തിന്റെ ഭാഗമായുള്ളതാണ് ഈ ചിത്രം. സംസ്ഥാനത്തെ കലയുടെയും സംസ്‌കാരത്തിന്റെയും കേന്ദ്രമായി ഉയര്‍ത്തിക്കാട്ടുന്നതാണ് ചിത്രം. ഇന്ത്യയിലെ പ്രഥമ കലാ ബിനാലെയായ മുസിരിസ് ബിനാലെ കലാകാരന്മാരുടെയും കലാസ്ഥാപനങ്ങളുടെയും പൊതുജനങ്ങളുടെയും സ്വാതന്ത്ര്യവും താല്‍പര്യങ്ങളും സംരക്ഷിക്കുന്നതിന്റെ പ്രതീകമാണ്.

കേരള ടൂറിസത്തിന്റെ ബ്രാന്‍ഡ് മാനേജ്‌മെന്റ് ഏജന്‍സിയായ സ്റ്റാര്‍ക്ക് കമ്മ്യൂണിക്കേഷനാണ് ചിത്രം ആവിഷ്‌കരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ സംവിധായകനായ സമീര്‍ താഹിറിനെ മികച്ച ഏഴു പുതുമുഖസംവിധായകരിലൊരാളായി അവാര്‍ഡ് സമിതി തെരഞ്ഞെടുത്തു.

യുവധാര വായനശാലയിൽ നിന്ന് പുറത്തേക്ക് നീളുന്ന ജാലകത്തിലൂടെ കാണുന്ന കേരളത്തിന്റെ സാംസ്കാരിക സമ്പത്താണ് പരസ്യചിത്രം അടയാളപ്പെടുത്തുന്നത്. മഹാത്മാ ഗാന്ധി, ചെ ഗുവേര, രബീന്ദ്രനാഥ് ടാഗോര്‍ എന്നിവരുടെ ചിത്രങ്ങളിലൂടെ കേരളത്തിന്റെ വ്യത്യസ്തമായ സാമൂഹ്യാന്തരീക്ഷമാണ് വ്യക്തമാക്കുന്നത്. വ്യത്യസ്തമായ മതാനുഷ്ഠാനങ്ങളും സംസ്‌കാരങ്ങളും വൈരുദ്ധ്യങ്ങളും കേരളസംസ്‌കാരത്തിന്റെ ഭാഗമായത് ലളിതമായി പ്രദര്‍ശിപ്പിക്കുകയാണ് ചിത്രം.

വീഡിയോ കാണാം

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ