scorecardresearch

കൊച്ചി കൂട്ട ബലാത്സംഗ കേസ്: പെൺകുട്ടിയെ മയക്കി കടത്താൻ ശ്രമം നടന്നതായി പൊലീസ് സംശയം

സംഭവത്തിൽ നാലു പേർക്കു പുറമേ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്

കൊച്ചി കൂട്ട ബലാത്സംഗ കേസ്: പെൺകുട്ടിയെ മയക്കി കടത്താൻ ശ്രമം നടന്നതായി പൊലീസ് സംശയം

കൊച്ചി: ഓടുന്ന കാറിൽ കൂട്ട ബലാത്സംഗത്തിനിരയായ പെൺകുട്ടിയെ മയക്കി കടത്തിക്കൊണ്ടു പോകാൻ ശ്രമം നടന്നതായി പൊലീസ് സംശയം. കൊച്ചി പൊലീസ് കമ്മീഷണറും ഇക്കാര്യം ഇന്നലെ വ്യക്തമാക്കിയിരുന്നു. കൊച്ചി തേവരയിലെ ബാറിൽ ലഹരി വിൽപന നടന്നോ എന്നതിലും അന്വേഷണം നടക്കുന്നുണ്ട്. പ്രതികളെ ലഹരി പരിശോധനയ്ക്കും വിധേയരാക്കിയിട്ടുണ്ട്.

അതേസമയം, സംഭവത്തിൽ നാലു പേർക്കു പുറമേ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കേസിലെ പ്രതികളായ പീഡനത്തിനിരയായ പെൺകുട്ടിയുടെ സുഹൃത്ത് ഡോളി, കൊടുങ്ങല്ലൂർ സ്വദേശികളായ വിവേക്, നിതിൻ, സുധി എന്നിവർ റിമാൻഡിലാണ്. ഡിസംബർ മൂന്നുവരെയാണ് എറണാകുളം എസിജെഎം കോടതി ഇവരെ റിമാൻഡ് ചെയ്തത്.

ബാറിൽ തനിക്ക് തന്ന ബിയറിൽ എന്തോ പൊടി ചേർത്തതായി സംശയമെന്ന് പീഡനത്തിനിരയായ പെൺകുട്ടി ഇന്നലെ പറഞ്ഞിരുന്നു. ബാറിലേക്കു തന്നെ കൊണ്ടുപോയത് സുഹൃത്തായ യുവതിയാണ്. ബിയർ കുടിച്ച് അവശയായ തന്നോട് സുഹൃത്തുക്കളുടെ കാറിൽ കയറാൻ ഈ യുവതിയാണ് ആവശ്യപ്പെട്ടതെന്നു പെൺകുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

നഗരത്തിലൂടെ വാഹനം സഞ്ചരിച്ചു കൊണ്ടിരിക്കെയാണ് മൂവരും പീഡിപ്പിച്ചത്. പീഡനത്തിനുശേഷം ഹോട്ടലിൽ ഇറക്കി ഭക്ഷണം വാങ്ങി. അവിടെ വച്ച് പ്രതികരിക്കാൻ ഭയമായിരുന്നു. പീഡിപ്പിച്ചവരെ കണ്ടാൽ തിരിച്ചറിയാമെന്നും പരാതിയിൽ താൻ ഉറച്ചുനിൽക്കുന്നതായും പെൺകുട്ടി പറഞ്ഞു.

വ്യാഴാഴ്ച അർധരാത്രിയാണ് കൊച്ചിയില്‍ ഓടുന്ന കാറില്‍വച്ച് പത്തൊൻപതുകാരിയായ മോഡലിനെ കൂട്ടബലാത്സംഗം ചെയ്തത്. സംഭവത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ നാലു പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kochi model gangraped in car police suspects conspiracy