എറണാകുളം: കേരളത്തിന്റെ വികസന ചരിത്രത്തിലെ ഏറ്റവും വലിയ നാഴികല്ലായ കൊച്ചി മെട്രോയുടെ ഔദ്യോഗിക കുതിപ്പ് തുടങ്ങാൻ നാട് കാത്തിരിക്കുകയാണ്. അവസാന മിനുക്കുപണികളുമായി കെ.എം.ആർ.എൽ ജീവനക്കാർ രാപ്പകലില്ലാതെ അധ്വാനിക്കുകയാണ്. ജൂൺ 17 ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് കൊച്ചി മെട്രോയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിക്കുക. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെയാണ് കൊച്ചി മെട്രോ യാഥാർഥ്യമാകുന്നത്. കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കൊച്ചി മെട്രോ ട്രാക്കിലേക്ക് എത്തുമ്പോൾ കേരളത്തിലെ രാഷ്ട്രീയ പാർട്ടി പ്രവർത്തകർക്കും അഭിമാനിക്കാം. കക്ഷിരാഷ്ട്രീയ പോരുകൾക്ക് അപ്പുറം കൊച്ചി മെട്രോ യാഥാർഥ്യമാകുന്നതിനായി പാർട്ടികൾ ഒന്നിച്ചു പ്രവർത്തിച്ചത് വലിയ അഭിമാനമായി.

ആലുവയിൽനിന്നു പാലാരിവട്ടം വരെയുള്ള 13 കിലോമീറ്റർ ദൂരത്തിലാണ് മെട്രോ ആദ്യം ഓടുന്നത്. രണ്ടോമൂന്നോ മാസത്തിനുശേഷം എംജി റോഡിൽ മഹാരാജാസ് കോളജ് ഗ്രൗണ്ടു വരെ മെട്രോ ഓടിയെത്തും. ഫിഫ അണ്ടർ 17 ലോകകപ്പ് മത്സരങ്ങൾക്ക് മുൻപ് ഈ പ്രവർത്തികൾ പൂർത്തിയാകുമെന്ന് ഉറപ്പാണ് . ഒരുവർഷത്തിനുള്ളിൽ തൃപ്പൂണിത്തുറ വരെയുള്ള 26.5 കിലോമീറ്റർ ദൂരത്തേക്ക് മെട്രോ ഓടിയെത്തും. ഇതിനൊപ്പം തന്നെ കലൂർ രാജ്യാന്തര സ്‌റ്റേഡിയത്തിൽ നിന്നു കാക്കനാട് ഇൻഫോ പാർക്കിലേക്കുള്ള മെട്രോ നിർമാണവും ആരംഭിക്കും.

Read More : കൊച്ചി മെട്രോ-ലിംഗ സമത്വത്തിന്റെ പുതുവഴികളിലേയ്ക്കുളള യാത്ര

ദിവസേന ഇരുന്നൂറിലധികം സർവീസാണ് മെട്രോ നടത്തുന്നത് . 8.33 മിനിട്ടിന്റെ ഇടവേളയിലായിരിക്കും ഓരോ മെട്രോ ട്രെയിനും സർവീസ് നടത്തുക. ആലുവ മുതൽ പാലാരിവട്ടം വരെ 25 മിനിട്ട് കൊണ്ടാണു ട്രെയിൻ ഓടിയെത്തുന്നത്. ആകെ ഒൻപതു ട്രെയിനുകളാണ് എത്തിയിട്ടുള്ളത് കൊച്ചി മെട്രോയ്ക്ക് ലഭിച്ചിരിക്കുന്നത്. ഇതിൽ 6 ട്രെയിനുകളാകും​ ഇപ്പോൾ സർവീസിനായി ഉപയോഗിക്കുക. ബാക്കിയുള്ള മൂന്നെണ്ണം കരുതലായി കൊച്ചി മെട്രോയുടെ മുട്ടം യാർഡിൽ സൂക്ഷിക്കും. ഇന്ത്യയിൽ അതിവേഗം നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ മെട്രോ കൊച്ചിയിലേത് ആണെന്നാണ് ഇ ശ്രീധരൻ പറഞ്ഞത്. 4 വർഷത്തിൽ താഴെയാണ് ആലുവ മുതൽ പാരാലിവട്ടം വരെയുള്ള പ്രവർത്തികൾ പൂർത്തിയാക്കാൻ എടുത്തത്.

രാജ്യത്ത് ഇതുവരെ നിർമിച്ചിട്ടുള്ള ഏതു മെട്രോയെക്കാളും മികച്ചതാണ് കൊച്ചി മെട്രോ. മെട്രോയുടെ നിയന്ത്രണത്തിനായി അത്യാധുനിക സംവിധാനമായ കമ്യൂണിക്കേഷൻ ബേസ്ഡ് കൺട്രോളാണ് ഉപയോഗിക്കുന്നത്. ട്രെയിനുകളെ നിയന്ത്രിക്കുന്നതിനും വേഗത നിശ്ചയിക്കുന്നതിനുമാണ് ഈ സംവിധാനം ഉപയോഗിക്കുന്നത്. ട്രെയിൻ ഓടിക്കാൻ ഇപ്പോൾ ലോക്കോ പൈലറ്റുമാർ ഉണ്ടെങ്കിലും ഭാവിയിൽ അവ ഉണ്ടാവില്ല. ഓട്ടോമാറ്റിക്ക് സംവിധാനത്തിലായിരിക്കും ട്രെയിനുകൾ പ്രവർത്തിക്കുക. സ്ത്രീകൾക്കും, ഭിന്നലിംഗക്കാർക്കും ജോലി നൽകി കൊച്ചി മെട്രോ ലോകത്തിന് തന്നെ മാത്രകയായി കഴിഞ്ഞിരിക്കുകയാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ