തിമിർത്ത് പെയ്യുന്ന മഴ. വൈറ്റില ബോട്ട് ജെട്ടിയിൽ വലിയ തിരക്കുണ്ടായിരുന്നില്ല. ആകെ കൂടി പതിനഞ്ചോളം പേർ മാത്രം. ഏഴ് മണിയ്‌ക്കുള്ള ബോട്ടിൽ കാക്കനാടേക്ക് പോകുന്നവർ നന്നേ കുറവാണ്. ഹബ്ബിൽ നിന്നുള്ള നടവഴിയിലൂടെ ആരെങ്കിലും വരുന്നുണ്ടോയെന്ന് അവസാനമായി നോക്കിയ ശേഷം ജീവനക്കാർ ബോട്ട് മുന്നോട്ട് എടുക്കാൻ നിർദ്ദേശം നൽകി.

ചമ്പക്കര കനാലിന്റെ ഓളപ്പരപ്പിന് മുകളിലൂടെ ജലഗതാഗത വകുപ്പിന്റെ ബോട്ട് ദിവസത്തെ ആദ്യ യാത്ര തുടങ്ങുകയാണ്. ഇനി അരമണിക്കൂറുണ്ട് കാക്കനാടേക്ക്. ചളിക്കവട്ടവും തുതിയൂരും ഏരൂരും പിന്നിട്ട് അവസാനം ചിറ്റേത്തുകര പാലത്തിന് സമീപത്താണ് യാത്ര അവസാനിക്കുന്നത്. ഈ യാത്രയിൽ കേരളത്തിന്റെ ഹരിതഭംഗിയെ വർണ്ണിക്കുന്ന ഏതെങ്കിലും വരികൾ നിങ്ങളുടെ മനസിലേക്ക് ഓടിയെത്തിയാൽ അതിൽ ഒട്ടും തന്നെ അദ്ഭുതപ്പെടാനില്ല.

കൊടുംകാടിനോട് ചേർന്നാണോ കനാൽ ഒഴുകുന്നതെന്ന് തോന്നും ഒരു ഭാഗത്ത്. പിന്നൊരിടത്ത് ഒറ്റതിരിഞ്ഞ് നിൽക്കുന്ന തെങ്ങിൻതലപ്പുകളാണ്. മറ്റൊരു ഭാഗത്ത് വീടുകൾ കാണാം. അവിടെ നിന്ന് മലയാളിയുടെ തനത് ജീവിതക്കാഴ്ചകളും പകർത്താനാകും. പിന്നെയും മുന്നോട്ട് പോയാൽ കനാലിന്റെ ഹരിതഭംഗിയെ ലക്ഷ്യമിട്ട് പണികഴിപ്പിക്കുന്ന വലിയ മാളികകളും കാണാം.

ബോട്ടിൽ പതിവ് തിരക്കില്ലെന്നാണ് ഡ്രൈവർ അൻസാദിന്റെ വിശദീകരണം. “മഴയായത് കൊണ്ടാണ്, അല്ലെങ്കിൽ ഇതിലും അധികം ആൾക്കാർ ഉണ്ടാകാറുണ്ട്” അൻസാദ് പറഞ്ഞു. “സത്യത്തിൽ എട്ട് മണിയുടെയും 9.20ന്റെയും ബോട്ടിലാണ് തിരക്ക്. അപ്പോഴാണ് കാക്കനാട് കളക്ടറേറ്റിലേക്കും ഇൻഫോപാർക്കിലേക്കും സെപ്സിലേക്കുമുള്ളവർ വരുന്നത്” അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സമയത്ത് ബോട്ടിലുണ്ടായിരുന്നവരെല്ലാം കണ്ണ് പുറത്തേക്ക് പായിച്ച് മഴത്തുള്ളികൾ ഒളപ്പരപ്പിൽ വീണ് ചിതറിത്തെറിക്കുന്നതും നോക്കി ഇരിക്കുകയായിരുന്നു.

എട്ട് മണിക്ക് വൈറ്റില ജെട്ടിയിൽ ബോട്ടെത്തിയപ്പോൾ മുപ്പതോളം പേരാണ് കാത്തു നിന്നത്. അപ്പോഴേക്കും മഴ തണുത്തിരുന്നു. കാത്തു നിന്നവരിൽ സ്ഥിരം യാത്രക്കാരാണ് ഏറെയുമെന്ന് കണ്ടക്ടർ പറഞ്ഞു.

“ഇതിന് പോയാൽ യാതൊരു അലച്ചിലുമില്ലാതെ അര മണിക്കൂർ കൊണ്ട് അങ്ങെത്താം”-പറഞ്ഞത് വൈറ്റില സ്വദേശി വിനു ജോർജ്. കാക്കനാട് ഒരു സ്വകാര്യ ഫ്ലാറ്റിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയാണ് വിനു. എല്ലാ ദിവസവും കാക്കനാടേക്ക് ഇദ്ദേഹം പോകുന്നത് ബോട്ടിനാണ്. “റോഡ് വഴി പോയാൽ രണ്ടോ മൂന്നോ ബസ് മാറിക്കയറണം. ഇതിന് സുഖമായി അങ്ങെത്താം. ഹർത്താലുള്ള ദിവസവും പോകാം. കാക്കനാട് ജെട്ടിയിൽ നിന്ന് നടന്നുപോകാവുന്ന ദൂരമേയുള്ളൂ ഫ്ലാറ്റിലേക്ക്. വൈകിട്ട് ഒരു സുഹൃത്തിനൊപ്പം മടങ്ങും” അദ്ദേഹം പറഞ്ഞു.

മെട്രോയ്ക്ക് അനുബന്ധമായി ജലഗതാഗതമാർഗ്ഗങ്ങൾ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് കൊച്ചി മെട്രോ റയിൽ ലിമിറ്റഡ് ഈ റൂട്ടിൽ ബോട്ട് സർവ്വീസ് ആരംഭിക്കാൻ നിർദ്ദേശിച്ചത്. സംസ്ഥാന ജല ഗതാഗത വകുപ്പ് ഈ നിർദ്ദേശം സ്വീകരിച്ചതോടെയാണ് വൈറ്റിലയ്ക്കും കാക്കനാടിനും ഇടയിലെ ജലപാത ഉണർന്നത്. ഈ സർവ്വീസിലേക്ക് ഇൻഫോപാർക് ജീവനക്കാരെ ആകർഷിക്കാനാണ് സൗജന്യ ഫീഡർ സർവ്വീസ് കെഎംആർഎൽ ആരംഭിച്ചത്. ദിവസം പതിനാറ് സർവ്വീസാണ് ഈ ബോട്ട് വൈറ്റിലയക്കും കാക്കനാടിനും ഇടയിൽ നടത്തുന്നത്. രാവിലെ ഏഴ് മണിക്ക് വൈറ്റിലയിൽ നിന്നും ആരംഭിക്കുന്ന സർവ്വീസ് വൈകിട്ട് ഏഴ് മണിക്ക് വൈറ്റിലയിൽ അവസാനിക്കും.

സ്ഥിരമായി യാത്ര ചെയ്യുന്ന 60 ലേറെ യാത്രക്കാരുണ്ട് ഈ റൂട്ടിൽ. 3000 ത്തോളം ജീവനക്കാരുള്ള ഇൻഫോപാർക്കിലേക്ക് ഇങ്ങിനെയൊരു ഗതാഗത സൗകര്യമുള്ളത് വേണ്ടവിധത്തിൽ പ്രചാരം നേടിയിട്ടില്ലെന്നതാണ് ഇപ്പോഴും ജനത്തിരക്ക് കുറയാൻ കാരണമെന്ന് യാത്രക്കാരും ജീവനക്കാരും പറയുന്നു.

എട്ട് മണിയ്ക്കും 9.20 നും ഉള്ള ബോട്ടുകളിൽ ഉണ്ടായിരുന്നത് അധികവും ഇൻഫോപാർക്കിലേക്കുള്ള ജീവനക്കാരായിരുന്നു. അതിൽ തന്നെ ടാറ്റ കൺസൾട്ടൻസി സർവ്വീസ് കമ്പനി ജീവനക്കാരാണ് ഏറെയും. എളംകുളം സ്വദേശിനി റിനു 2014 ൽ ബോട്ട് സർവ്വീസ് ആരംഭിച്ചപ്പോൾ മുതൽ ഇതിലാണ് യാത്ര ചെയ്യുന്നത്. “എനിക്ക് ഏറ്റവും സൗകര്യപ്രദം ബോട്ടാണ്. ബോട്ടിന്റെ സമയത്ത് ജെട്ടിയിൽ എത്താൻ പറ്റാത്തപ്പോഴേ ബസിന് പോകാറുള്ളൂ. രണ്ടോ – മൂന്നോ ബസ് മാറി കയറി വേണം റോഡ് വഴി ഇൻഫോപാർക്കിൽ എത്താൻ. ഫീഡർ സർവ്വീസ് ബസുള്ളത് കൊണ്ട് സമയത്തിന് ഓഫീസിൽ എത്താനുമാകും” റിനു പറഞ്ഞു.

ഇടക്കാലത്ത് ഫീഡർ സർവ്വീസ് ബസ് പതിവായി യാത്ര മുടക്കിയപ്പോൾ റിനു അടക്കമുള്ള ബോട്ട് യാത്രക്കാരാണ് കെ.എം.ആർ.എല്ലിന് പരാതി നൽകിയത്. ഈ സമയത്ത് കുറേ സ്ഥിരം യാത്രക്കാർ മറ്റ് വഴികൾ തേടി. എന്നാൽ കെഎംആർഎൽ ഉടനടി ബസ് ഡ്രൈവറെ മാറ്റി നിയമിച്ചു. ഇപ്പോൾ ബോട്ടിന്റെ സമയക്രമം അനുസരിച്ച് ഫീഡർ സർവ്വീസ് ബസ് ജെട്ടിയിൽ നിന്ന് ഇൻഫോപാർക്ക് വഴി കാക്കനാട് വരെ യാത്ര ചെയ്യും. യാത്രക്കാർ ഉള്ളപ്പോൾ മാത്രമാണ് ഫീഡർ ബസ് കാക്കനാടേക്ക് യാത്ര ചെയ്യാറുള്ളത്. അല്ലാത്ത സമയങ്ങളിൽ ഇൻഫോപാർക്കിന് അകത്ത് കാർണിവൽ കെട്ടിടം വരെ ബസ് സർവ്വീസ് നടത്തും.

കാക്കനാട് പ്രത്യേക സാമ്പത്തിക മേഖലയിലേക്കുള്ള ജീവനക്കാരുടെ ആശ്രയവും ഇതേ ഗതാഗത മാർഗ്ഗമാണ്. എന്നാൽ ഫീഡർ സർവ്വീസ് ബസിനെ ഇവർ ഭാഗികമായേ ആശ്രയിക്കുന്നുള്ളൂ. സീപോർട്ട്-എയർപോർട്ട് റോഡിൽ നിന്ന് ഇൻഫോപാർക്കിലേക്ക് പ്രവേശിക്കുന്ന ബസ് പിന്നീട് കാക്കനാട് വഴി ചുറ്റിത്തിരിഞ്ഞ ശേഷമേ സെസിലേക്ക് എത്തുകയുള്ളൂ.

“ബോട്ടിന് വന്നിറങ്ങിയാൽ പിന്നെ ഫീഡർ ബസിൽ കയറി രാജഗിരിയിലിറങ്ങും. അവിടെ നിന്ന് ബസോ ഓട്ടോറിക്ഷയോ പിടിച്ചാണ് സെസിലേക്ക് പോകുന്നത്. കാക്കനാട് ചുറ്റിത്തിരിഞ്ഞ് പോകുമ്പോഴേക്കും ഒരുപാട് സമയമെടുക്കും.” ബോട്ടിലെ സ്ഥിരം യാത്രക്കാരിയും സെസിലെ തൊഴിലാളിയുമായ ജെ.ടിനു പറഞ്ഞു. കടവന്ത്രയിലാണ് ടിനുവിന്റെ വീട്.

അതേസമയം ഹബ്ബിൽ സ്ഥിരമായി എത്തുന്നവർക്ക് പോലും ഇതിന് പുറകിൽ ജെട്ടിയുണ്ടെന്ന് അറിയില്ല. ഇതിന് സഹായകരമാകുന്ന യാതൊരും സൂചനാ ബോർഡും ജെട്ടിയിലില്ലെന്ന് റിനു പറഞ്ഞു. വൈറ്റില ഹബ്ബിൽ നിന്ന് വെറും 20 മീറ്റർ മാത്രമേ ജെട്ടിയിലേക്കുള്ളൂ.

ഹരിത ഭംഗിയാർന്ന ഇരുകരകൾ, ചമ്പക്കര കനാലിന്റെ സമ്പത്തും കേരളത്തിന്റെ പ്രകൃതിഭംഗിയുടെ അടയാളങ്ങളുമാണ്. ഈ ദൃശ്യഭംഗിയെ ലക്ഷ്യമിട്ട് ബഹുനില മാളികകൾ കനാലിനോട് ചേർന്ന ചില ഭാഗത്ത് ഉയരുന്നുണ്ട്. എങ്കിലും കനാലിലൂടെയുള്ള യാത്ര ഏറെ ഉന്മേഷം നൽകുന്നതാണെന്ന് ഇൻഫോപാർക്കിൽ ടിസിഎസിലെ ജീവനക്കാരിയായ ലക്ഷ്മി പറഞ്ഞു.

ചെന്നൈയിൽ നിന്ന് കൊച്ചിയിലേക്ക് ജോലി മാറ്റം ലഭിച്ച് രണ്ട് മാസം മുൻപാണ് ലക്ഷ്മി എത്തിയത്. ഒന്നര മാസത്തിലധികം ബസ് മാർഗം യാത്ര ചെയ്ത ലക്ഷ്മിയോട് സുഹൃത്താണ് ബോട്ട് സർവ്വീസിനെ കുറിച്ച് പറഞ്ഞു കൊടുത്തത്. “ഇത് രണ്ടാമത്തെ ദിവസമാണ് ഈ റൂട്ടിൽ ഞാൻ ബോട്ടിലൂടെ യാത്ര ചെയ്യുന്നത്. ബസിനേക്കാൾ വളരെയേറെ സുഖകരമാണ് ബോട്ട് യാത്ര. വീട്ടുകാർക്ക് ബോട്ടെന്ന് കേൾക്കുമ്പോൾ പേടിയുണ്ട്. പക്ഷെ ബസിനേക്കാൾ എനിക്ക് കംഫർട്ടബിൾ ബോട്ടാണ്” അവർ പറഞ്ഞു.

ഒറ്റ ബോട്ടാണ് വൈറ്റിലയ്ക്കും കാക്കനാടിനും ഇടയിൽ സർവ്വീസ് നടത്തുന്നത്. വൈറ്റിലയും കാക്കാനാടും കൂടാതെ ചളിക്കവട്ടം, തുതിയൂർ, ഏരൂർ തുടങ്ങിയ ഇടങ്ങളിലെ ജെട്ടികളിലും ബോട്ട് നിർത്തും. രാവിലെ 7 മണിക്ക് വൈറ്റിലയിൽ നിന്നും പുറപ്പെടുന്ന ബോട്ട് 7.30 ന് കാക്കനാടെത്തും. 8 മണിക്ക് തിരിച്ച് വൈറ്റിലയിൽ. തിരക്കേറിയ സർവ്വീസ് ആരംഭിക്കുന്നത് ഈ സമയത്താണ്. 8.40 ന് കാക്കനാട് നിന്ന് തിരിച്ച് 9.10 ന് വൈറ്റിലയിൽ എത്തും. പിന്നീട് 9.20 നാണ് വൈറ്റിലയിൽ നിന്ന് അടുത്ത സർവ്വീസ് ആരംഭിക്കുന്നത്.

“8 മണിക്കും 9.20 നും വൈറ്റിലയിൽ നിന്ന് നിറയെ യാത്രക്കാർ ബോട്ടിലുണ്ടാകും. വൈകിട്ട് 6.30ന്റെ സർവ്വീസിലാണ് പിന്നെ ഏറെ തിരക്കുണ്ടാവുക”-അൻസാദ് പറഞ്ഞു.

9.50 ഓടെ കാക്കനാട് എത്തുന്ന ബോട്ട് 10 മണിയോടെ തിരിച്ച് വരും. പിന്നീട് 11 മണിക്കാണ് അടുത്ത സർവ്വീസ്. 11.40 ന് കാക്കനാട് നിന്നും മടങ്ങിയാൽ 12.10 ന് ബോട്ട് വൈറ്റിലയിൽ എത്തും. ഉച്ചയ്ക്ക് ശേഷം 1.30, 3.20, 4.40 എന്നീ സമയങ്ങളിലാണ് കാക്കനാടേക്കുള്ള സർവ്വീസുകൾ. 2.20, 4.00, 5.20 എന്നീ സമയങ്ങളിൽ കാക്കനാട് നിന്ന് തിരിച്ചും ബോട്ടുണ്ട്. വൈകിട്ട് 5.50 നാണ് വൈറ്റിലയിൽ നിന്നുളള അവസാന സർവ്വീസ്. കാക്കനാട് 6.20 നെത്തുന്ന ബോട്ട് യാത്രക്കാരെ കയറ്റിയ ശേഷം ഉടൻ മടങ്ങും.

എട്ട് രൂപ മാത്രമാണ് ബോട്ട് മാർഗം ഇൻഫോപാർക്കിലെത്താനുള്ള ചിലവ്. വൈറ്റിലയിൽ നിന്ന് പാലാരിവട്ടം ബൈപ്പാസിലെത്തി ഇൻഫോപാർക്കിലേക്ക് പോകുന്നവർക്ക് മൂന്ന് ബസ് വരെ മാറിക്കയറേണ്ടി വരികയും ഒരു മണിക്കൂർ വരെ സമയം ചിലവഴിക്കേണ്ടിയും വരികയും ചെയ്യുമ്പോഴാണ് ഇത്. ബോട്ടിൽ ഇരുചക്രവാഹനങ്ങൾ കയറ്റാനുള്ള സൗകര്യവും ഉണ്ട്. 15 രൂപ ഈടാക്കിയാണ് ബോട്ടിൽ ബൈക്കുകൾ കയറ്റുന്നത്. പരമാവധി പത്ത് ഇരുചക്രവാഹനങ്ങൾ വരെ ബോട്ടിൽ കയറ്റാനാകും.

ബോട്ട് കാക്കനാട് എത്തുമ്പോഴേക്കും ഫീഡർ ബസ് കാക്കനാട് ചേർന്ന് പാർക് ചെയ്തിരിപ്പുണ്ടാകും. ഫീഡർ സർവ്വീസ് നടത്തുന്നത് ഒരു ടെംപോ ട്രാവലറാണ്. ഇതിലെ പരമാവധി 20 പേർക്കേ യാത്ര ചെയ്യാനാകൂ. തിരക്കേറിയ സമയത്ത് ഈ ഒരൊറ്റ ബസിൽ തിക്കിത്തിരക്കി യാത്ര ചെയ്യേണ്ടി വരുന്നതാണ് യാത്രക്കാർക്കുള്ള പ്രധാന ബുദ്ധിമുട്ട്. ഒരോ മണിക്കൂർ ഇടവിട്ടാണ് വൈറ്റിലയിൽ നിന്നും കാക്കനാട് നിന്നും ബോട്ട് സർവ്വീസ് ഉള്ളതെന്നതാണ് മറ്റൊരു വെല്ലുവിളി. ഇതോടെ ബോട്ടിന്റെ സമയത്തിനെത്താൻ സാധിച്ചില്ലെങ്കിൽ യാത്രക്കാർ ജോലിക്കെത്താനും ഒരു മണിക്കൂറോളം വൈകും.

കാക്കനാട് ജെട്ടിയിൽ നിന്ന് 50 മീറ്റർ നടന്നാൽ സീപോർട് എയർപോർട് റോഡിലെത്താം. ഇതൊരു ചെറിയ കയറ്റമാണ്. മുകളിലെത്തിയാൽ കാക്കനാടേക്കും തൃപ്പൂണിത്തുറയിലേക്കുമുള്ള ബസുകൾ കിട്ടും. ഇൻഫോപാർക് വഴി വണ്ടർലാ യിൽ എത്താൻ ഒൻപത് കിലോമീറ്ററാണ് ദൂരം. ഇവിടെ നിന്ന് തൃപ്പൂണിത്തുറ ഹിൽ പാലസിലേക്ക് വെറും ആറ് കിലോമീറ്റർ സഞ്ചരിച്ചാൽ മതി.

ഫീഡർ സർവ്വീസ് നിലനിൽക്കേ തന്നെ ചമ്പക്കര കനാലിലൂടെ ഇൻഫോപാർക്ക് വരെ ബോട്ടിന് സഞ്ചരിക്കാനാവുമെന്നും, ഈ തരത്തിൽ ജലപാത നീട്ടണമെന്നും ഇറിഗേഷൻ വകുപ്പ് മുഖേന ഇൻഫോപാർക് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ പാതയുടെ ആഴം വർദ്ധിപ്പിച്ച് തന്നാൽ ബോട്ടിറക്കാമെന്നാണ് ജലഗതാഗത വകുപ്പ് പറഞ്ഞിരിക്കുന്നതെന്ന് ജലഗതാഗത വകുപ്പ് ജില്ല ട്രാഫിക് സൂപ്രണ്ട് സുജിത് പറഞ്ഞു.

ഈ റൂട്ടിൽ രണ്ട് ബോട്ടുകൾ ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നേനെയെന്നാണ് മറ്റൊരു യാത്രക്കാരിയായ കടവന്ത്ര കാത്തലിക് സിറിയൻ ബാങ്കിലെ ജീവനക്കാരി ഷീല പറഞ്ഞു. “നേരത്തേ ഹൈക്കോടതിക്ക് അടുത്തായിരുന്നു താമസം. ഇപ്പോഴാണ് ഇവിടെ വീട് വച്ചത്. എല്ലാവരും പറയുമായിരുന്നു യാത്ര വളരെ ബുദ്ധിമുട്ടാകുമെന്ന്. പക്ഷെ എനിക്കിതാണ് ഏറ്റവും സുഖം. നല്ല സമാധാനമാണ് ഇപ്പോൾ യാത്ര” ഷീല പറഞ്ഞു. രാവിലെ 8.40 ന്റെ ബോട്ടിൽ ജോലിക്ക് പോകുന്ന ഇവർ വൈകിട്ട് 5.50 ന്റെ അവസാന സർവ്വീസിലാണ് മടങ്ങുന്നത്.

“ഇൻഫോപാർക് വരെ ജലപാത നീട്ടാൻ സാധിച്ചാൽ കൂടുതൽ യാത്രക്കാരുണ്ടാകും. എന്നാലേ ബോട്ടിറക്കാനാവൂ. ഇപ്പോഴത്തെ നിലയ്‌ക്ക് സ്ഥിരം യാത്രക്കാരാണ് റൂട്ടിലുള്ളത്. ഇൻഫോപാർക് വരെ നീട്ടിയാൽ ഫീഡർ സർവ്വീസിന്റെ ദൂരം നമുക്ക് ജലപാതയിലൂടെ എത്താനാകും. സമയവും ചിലവും കുറയും. പക്ഷെ ഒന്നും പരസ്യം ചെയ്യാൻ നമുക്കാവില്ല. ആളുകൾ പറഞ്ഞറിഞ്ഞാണ് ബോട്ടിന് യാത്രക്കാരെ കിട്ടുന്നത്. സ്ഥിരം യാത്രക്കാരാണ് ഭൂരിഭാഗവും”, സുജിത് വ്യക്തമാക്കി.

എന്നാൽ ഈ പദ്ധതിക്ക് തടസങ്ങളും ഏറെയാണ്. ഇവിടെ കനാലിൽ സ്ഥിരമായി താത്കാലിക ബണ്ട് നിർമ്മിക്കാറുണ്ട്. ഇതിന്റെ സ്ഥാനത്ത് സ്ഥിരം ബണ്ട് നിർമ്മിക്കാൻ ഇറിഗേഷൻ വകുപ്പിൽ പി.ടി.തോമസ് എംഎൽഎ ശുപാർശ സമർപ്പിച്ചിട്ടുണ്ട്. “25 കോടിയെങ്കിലും ഈ ബണ്ട് നിർമ്മിക്കാൻ ചിലവ് വരും. കനാലിന് ആഴം കൂട്ടാതെ ബോട്ടിറക്കാനും സാധിക്കില്ല. പദ്ധതികൾ എല്ലാം പരിഗണനയിലാണ്. പക്ഷെ ഈ തടസങ്ങളുള്ളത് കൊണ്ട് എങ്ങോട്ടും നീങ്ങിയിട്ടില്ല,” തൃക്കാക്കര എംഎൽഎ പി.ടി.തോമസ് പറഞ്ഞു.

സ്ഥിരം ജീവനക്കാരിൽ നിന്ന് മാത്രം ഒരു ദിവസം 3500 മുതൽ 4000 രൂപ വരെ ഈ റൂട്ടിൽ ബോട്ടിന് വരുമാനമുണ്ട്. നഷ്ടമില്ലാതെയാണ് ബോട്ട് സർവ്വീസ് നടത്തുന്നത്. ഞായറാഴ്ച രാവിലെയുള്ള സർവ്വീസുകൾ റദ്ദാക്കി, എറണാകുളത്തെ ജെട്ടിയിലെത്തി ബോട്ടിൽ ഇന്ധനം നിറയ്ക്കും. അറ്റകുറ്റപ്പണികളും നടത്തി പത്ത് മണിയോടെ തിരിച്ച് പോകും. രാവിലെ 11 മണി മുതലുള്ള സർവ്വീസുകളാണ് ഞായറാഴ്ചകളിൽ നടത്താറുള്ളത്.

നിരവധിയാളുകളുണ്ട്, ചമ്പക്കരയുടെ ഓളപ്പരപ്പിൽ ചൂടും പുകയുമേൽക്കാതെ, ഹോണടികളുടെ മുഴക്കങ്ങളില്ലാതെ, ബസുകളുടെ ഭയപ്പെടുത്തുന്ന മത്സരയോട്ടങ്ങളറിയാതെ ശാന്തമായി യാത്ര ചെയ്യുന്നു. നഗരത്തിലെ രണ്ട് തിരക്കേറിയ കേന്ദ്രങ്ങളെ തമ്മിൽ എളുപ്പത്തിൽ ബന്ധിപ്പിക്കുന്നുവെന്നതിന് പുറമേ, വൈറ്റില കാക്കനാട് ബോട്ട് സർവ്വീസ് കൊച്ചിയുടെ ഇനിയും നഷ്ടപ്പെട്ടിട്ടില്ലാത്ത പച്ചപ്പിലേക്കുള്ള ജാലകം കൂടിയാണ്. ഈ ജലപാത കൂടുതൽ സജീവമാക്കി വിപുലീകരിക്കാനായാൽ കൊച്ചിയുടെ വിനോദസഞ്ചാര മേഖലയ്ക്കും കരുത്താകും.

 

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ