കൊച്ചി: മെട്രോ സര്‍വീസില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. പാളത്തിന് ചെരിവ് സംഭവിച്ച പത്തടിപ്പാലത്തിലെ തൂണ്‍ ബലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. പത്തിടിപ്പാലം വഴിയുള്ള സര്‍വീസുകളുടെ എണ്ണം കുറച്ചതായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) അറിയിച്ചു.
ആലുവയിൽ നിന്ന് പേട്ടയിലേക്കും തിരിച്ചും നേരിട്ടുള്ള ട്രെയിൻ സർവീസ് ഇനി 20 മിനിറ്റ് ഇടവേളയിലായിരിക്കും. പത്തടിപ്പാലത്ത് നിന്ന് പേട്ട, ആലുവ എന്നിവിടങ്ങളിലേക്കും തിരിച്ചും ഏഴ് മിനിറ്റ് ഇടവിട്ട് സർവീസ് ഉണ്ടായിരിക്കുമെന്നും കെഎംആര്‍എല്‍ അറിയിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു മെട്രോ പാളത്തില്‍ ചെരിവുണ്ടായ കാര്യം കെഎംആര്‍എല്‍ സ്ഥിരീകരിച്ചത്. മെട്രോ സ്റ്റേഷന് സമീപമുള്ള 347-ാം നമ്പര്‍ പില്ലറിന്റെ അടിത്തറയില്‍ ലഘുവായ വ്യത്യാസം ഉണ്ടായതിനെ തുടര്‍ന്നാണ് ട്രാക്കില്‍ ചെരിവ് സംഭവിച്ചതെന്നാണ് ഔദ്യോഗിക വിവരം.
പ്രസ്തുത ഭാഗത്തെ മണ്ണിന്റെ ഘടനയിലുള്ള മാറ്റമാണോ ഇതിന് കാരണമെന്ന് പരിശോധിക്കും. മുന്‍കരുതല്‍ എന്ന നിലയില്‍ ഇവിടെ ട്രയിനിന്റെ വേഗം കുറച്ചിരുന്നു. പ്രശ്‌നത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തി പരിഹരിക്കാനുള്ള വിദഗ്ധസേവനം തേടിയതായും അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
Also Read: ഗവര്‍ണര്‍ക്ക് പുതിയ ബെന്‍സ് കാര്‍ വാങ്ങാം; 85 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചു