കൊച്ചി: കൊച്ചി മെട്രോയുടെ തൈക്കൂടം-പേട്ട സ്ട്രെച്ചിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ ഏഴിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഇതോടൊപ്പം കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ ആലുവ മുതല്‍ പേട്ട വരെയുള്ള ഒന്നാം ഘട്ടം പൂര്‍ത്തിയായതായും പ്രഖ്യാപിക്കും.
മെട്രോ സര്‍വീസ് ഏഴിനാണു പുനരാരംഭിക്കുന്നത്. പേട്ട സ്‌റ്റേഷനില്‍നിന്നുള്ള ട്രെയിന്‍ ഉച്ചയ്ക്കു 12.30നു കേന്ദ്ര ഭവന-നഗരകാര്യ മന്ത്രി ഹര്‍ദീപ് സിങ് പുരിക്കൊപ്പം മുഖ്യമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും.
കോവിഡ് പശ്ചാത്തലത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയുള്ള വെര്‍ച്വല്‍ ഉദ്ഘാടനമാണു നടക്കുക. ചടങ്ങില്‍ കേന്ദ്രമന്ത്രി അധ്യക്ഷത വഹിക്കും. ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍, മേയര്‍ സൗമിനി ജെയിന്‍, ഹൈബി ഈഡന്‍ എംപി, എം സ്വരാജ് എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുക്കും.
Also Read: കൊച്ചി മെട്രോ: സമയക്രമത്തിൽ മാറ്റം, യാത്രക്കാർക്ക് നിയന്ത്രണം, നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
1.33 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള തൈക്കൂടം-പേട്ട സ്ട്രെച്ചിന്റെ നിര്‍മാണം മാര്‍ച്ചില്‍ പൂര്‍ത്തിയായിരുന്നു. മേയ് അവസാനത്തോടെ കേന്ദ്ര റെയില്‍ സേഫ്റ്റി കമ്മിഷണര്‍ അനുമതി നല്‍കിയതോടെ പാത സര്‍വീസിനു സജ്ജമായി. തുടര്‍ന്ന് ജൂണില്‍ ലളിതമായ ചടങ്ങില്‍ ഉദ്ഘാടനം നടത്താനായിരുന്നു കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) ലക്ഷ്യമിട്ടത്. എന്നാല്‍ ലോക്ക് ഡൗണില്‍ ഇളവ് വരുത്തിയിട്ടും മെട്രോ സര്‍വീസ് പുനരാരംഭിക്കുന്നതിന് അനുമതി വൈകിയതോടെയാണ് ഉദ്ഘാടനം നീണ്ടത്.
” മെട്രോ സര്‍വീസ് പുനരാരംഭിക്കുന്ന ദിവസം തന്നെ പുതിയ സ്റ്റേഷനിലേക്കു സര്‍വീസ് ദീര്‍ഘിപ്പിക്കുന്നതില്‍ സന്തോഷമുണ്ട്. പുതിയ സ്ട്രെച്ച് ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ ട്രെയിന്‍ ആലുവയില്‍നിന്ന് പേട്ടയിലേക്കും തിരിച്ചും സര്‍വീസ് നടത്തും,”കെഎംആര്‍എല്‍ മാനേജിങ് ഡയരക്ടര്‍ അല്‍കേഷ് കുമാര്‍ ശര്‍മ പറഞ്ഞു.
24 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ളതാണു മെട്രോയുടെ ഒന്നാംഘട്ടമായ ആലുവ- പേട്ട പാത. ആദ്യഘട്ടത്തിന്റെ നിര്‍മാണം പൂര്‍ത്തിയായ സാഹചര്യത്തില്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ (ഡിഎംആര്‍സി)യുടെ സേവനം അവസാനിക്കും. ഡിഎംആര്‍സി കൊച്ചിയിലെ ഓഫീസ് പ്രവര്‍ത്തനം അവസാനിപ്പിക്കും. 2009 ല്‍ കൊച്ചിയില്‍ ഓഫീസ് തുറന്ന ഡിഎംആര്‍സി 2011 നവംബറില്‍ എറണാകുളം നോര്‍ത്ത് റോഡ് ഓവര്‍ബ്രിഡ്ജിന്റെ പുനര്‍നിര്‍മാണത്തോടെയാണു മെട്രോയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.
2013 ജൂണ്‍ ഏഴിനാണു മെട്രോ നിര്‍മാണം ആരംഭിച്ചത്. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 13 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള ആദ്യ റീച്ച് 2017 ജൂണില്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഒക്‌ടോബറില്‍ മഹാരാജാസ് കോളേജ് വരെ സര്‍വീസ് വിപുലീകരിച്ചു. ഇവിടെനിന്നു തൈക്കൂടം വരെ കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ മൂന്നിനാണു സര്‍വീസ് ആരംഭിച്ചത്.
Also Read: പാലാരിവട്ടം പാലം പൊളിക്കണമെന്ന ആവശ്യത്തിൽ തീരുമാനം രണ്ടാഴ്ചയ്ക്കുശേഷം: സുപ്രീംകോടതി
ലോക്ക് ഡൗണിനെത്തുടര്‍ന്ന് സര്‍വീസ് പുനരാരംഭിക്കുന്ന തിങ്കളാഴ്ച മുതല്‍ പുതുക്കിയ സമയക്രമത്തിലായിരിക്കും ട്രെയിനുകള്‍ ഓടുക. ആദ്യ രണ്ട് ദിവസങ്ങളില്‍ രാവിലെ ഏഴു മുതല്‍ ഒന്നു വരെയും ഉച്ചയ്ക്കു രണ്ടു മുതല്‍ രാത്രി എട്ടു വരെയുമാണ് സര്‍വീസ് നടത്തുക.
പിന്നീടുള്ള ദിവസങ്ങളില്‍ രാവിലെ ഏഴു മുതല്‍ 12വരെയും ഉച്ചയ്ക്കു രണ്ടു മുതല്‍ രാത്രി ഒമ്പതുവരെയുമായിരിക്കും സര്‍വീസ്. അവസാന ട്രെയിന്‍ ആലുവ, തൈക്കുടം സ്റ്റേഷനുകളില്‍നിന്ന് ഒമ്പത് മണിക്ക് പുറപ്പെടും.
ഞായറാഴ്ചകളില്‍ എട്ട് മണിക്കായിരിക്കും സര്‍വീസുകള്‍ ആരംഭിക്കുന്നത്. 10 മിനിറ്റ് ഇടവേളകളിലായിരിക്കും സര്‍വീസ് നടത്തുന്നത്. ഓരോ നാലു മണിക്കൂറിലും ട്രെയിന്‍ അണുവിമുക്തമാക്കും.