scorecardresearch

കിതയ്ക്കാതെ, കുതിക്കുന്ന കൊച്ചി മെട്രോ

സെപ്റ്റംബര്‍ മാസം മാത്രമായി 8.3 ലക്ഷം പേരും ഓഗസ്റ്റില്‍ ആറുലക്ഷം പേരും മെട്രോ ഉപയോഗിച്ചു എന്നാണ് ഔദ്യോഗിക കണക്ക്. 9.97 ലക്ഷംപേര്‍ ആണ് ജൂലൈയില്‍ മെട്രോ സവാരി നടത്തിയത്.

സെപ്റ്റംബര്‍ മാസം മാത്രമായി 8.3 ലക്ഷം പേരും ഓഗസ്റ്റില്‍ ആറുലക്ഷം പേരും മെട്രോ ഉപയോഗിച്ചു എന്നാണ് ഔദ്യോഗിക കണക്ക്. 9.97 ലക്ഷംപേര്‍ ആണ് ജൂലൈയില്‍ മെട്രോ സവാരി നടത്തിയത്.

author-image
Vishnu Varma
അപ്‌ഡേറ്റ് ചെയ്‌തു
New Update
Kochi Metro, KMRL, Kochi Metro Transgenders, KMRL Transgenders, കേരളത്തിലെ ട്രാനസ്ജെന്റേഴ്സ്, കൊച്ചി മെട്രോയിൽ ട്രാൻസ്ജെന്റേഴ്സ്, ട്രാൻസ്ജെന്റേഴ്സിന്റെ തൊഴിലിടങ്ങൾ, കൊച്ചിയിലെ തൊഴിലിടങ്ങൾ, transgenders work places in kochi

കൊച്ചി : തുടങ്ങിയിട്ട് നാലു മാസം പിന്നിടുമ്പോള്‍ ആശ്വസിക്കാന്‍ വകയുണ്ട് എന്നാണ് കേരളത്തിന്‍റെ സ്വന്തം കൊച്ചി മെട്രോയ്ക്ക് പറയാനുള്ളത്. യാത്രക്കാരുടെ വരവ് കണക്കെടുക്കുമ്പോള്‍ ഒട്ടും വൈകാതെ തന്നെ മെട്രോയുടെ കാര്യങ്ങള്‍ ഭദ്രമായ  നിലയിലെത്തുമെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് പറയുന്നു.

Advertisment

ഒക്ടോബര്‍ 18 വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ആറുലക്ഷം പേരാണ് ഈ മാസം മാത്രം കൊച്ചി മെട്രോ ഉപയോഗിച്ചിട്ടുള്ളത്. ഇവരുടെ ടിക്കറ്റുകളില്‍ നിന്നും പരസ്യങ്ങളില്‍ നിന്നും മാത്രമായി കെഎംആര്‍എല്ലിനു ലഭിച്ചത് 2.28 കോടി രൂപയാണ്. സെപ്റ്റംബര്‍ മാസം മാത്രമായി 8.3 ലക്ഷം പേരും ഓഗസ്റ്റില്‍ ആറുലക്ഷം പേരും മെട്രോ ഉപയോഗിച്ചു എന്നാണ് ഔദ്യോഗിക കണക്ക്. ആരംഭിച്ചതിന്‍റെ ശേഷം രണ്ടാം മാസമായ ജൂലൈയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മെട്രോ സവാരി നടത്തിയത്. 9.97 ലക്ഷംപേര്‍ ആണ് ജൂലൈയില്‍ മെട്രോയാത്ര നടത്തിയത്. ഈ മാസങ്ങളില്‍ സംസ്ഥാനത്തെ മറ്റ്  ജില്ലകളില്‍ നിന്നും മെട്രോയില്‍ സഞ്ചരിക്കുവാനെന്ന ഒറ്റ ആഗ്രഹത്തോടെ അനേകംപേര്‍ കൊച്ചിയിലേക്ക് എത്തി എന്നാണു നിഗമനം.

" മെട്രോയില്‍ ജോലി ദിവസങ്ങളെക്കാള്‍ തിരക്കാണ് അവധിദിവസങ്ങളില്‍ അനുഭവപ്പെടുന്നത്. ഇതുവരെയും ലഭിച്ച പ്രതികരണം നല്ലതാണ് എന്നുവേണം പറയാന്‍" കെഎംആര്‍എല്‍ കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍ ജോയിന്‍റ മാനേജര്‍ രശ്‌മി സിആര്‍ പറഞ്ഞു.

ഒക്ടോബര്‍ മാസത്തോടെ മെട്രോ സഞ്ചാരികളുടെ എണ്ണത്തില്‍ വലിയൊരു ആധിക്യം തന്നെ ഉണ്ടാകും എന്നാണു കെഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ കണക്കുകൂട്ടുന്നത്. ഏറെ വ്യാപാരസ്ഥാപനങ്ങളുളള  എംജി റോഡിലേയ്ക്കും മെട്രോ വിന്യസിപ്പിച്ചതാണ് ഈ പ്രതീക്ഷയ്ക് കാരണം. ആലുവ മുതല്‍ മഹാരാജാസ് കോളേജ് വരെയുള്ള 18.4 കിലോമീറ്ററാണ് (16 സ്റ്റേഷന്‍) ഇപ്പോള്‍ മെട്രോ പ്രവര്‍ത്തിക്കുന്നത്.

Advertisment

മെട്രോയുടെ ആദ്യഘട്ടം പൂര്‍ത്തീകരിക്കുമ്പോൾ തൃപ്പൂണിത്തുറ വരെ മെട്രോ വികസിക്കും. വരും വര്‍ഷങ്ങളില്‍ ഒമ്പത് സ്റ്റേഷനുകള്‍ കൂടി ചേര്‍ത്താണ് തൃപ്പൂണിത്തുറവരെ വികസിപ്പിക്കുന്നത്.  രണ്ടാം ഘട്ടവികസനത്തില്‍ മെട്രോ നഗരത്തിലെ ഐടി കേന്ദ്രമായ കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെയാണ് നീട്ടുന്നത്.

മെട്രോയ്ക്കായി ഭൂമി ഏറ്റെടുക്കുക എന്നതാണ് ഏറെ ബുദ്ധിമുട്ടുള്ള കാര്യമെന്ന് കെഎംആര്‍എല്ലും സമ്മതിക്കുന്നു. മെട്രോ പദ്ധതിയില്‍ പെടുന്ന ചമ്പക്കര പോലുള്ള സ്ഥലങ്ങളില്‍ നഷ്ടപരിഹാരത്തെ ചൊല്ലി ഭൂവുടമകളുമായുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഇനിയും കെഎംആര്‍എല്ലിനു സാധിച്ചിട്ടില്ല.

ഫുട്ബോള്‍ ജ്വരം മെട്രോയിലും

അണ്ടര്‍ പതിനേഴ്‌ ലോകകപ്പ് വേദിയായ കലൂരിലെ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തിലേക്കുള്ള ആരാധകരുടെ ഒഴുക്ക് ഗുണം ചെയ്തു എന്നാണ് കെഎംആര്‍എല്‍ നിരീക്ഷിക്കുന്നത്. മലബാറില്‍ നിന്നും മറ്റും വരുന്ന ഫുട്ബോള്‍ ആരാധകര്‍ പലരും തങ്ങളുടെ വാഹനങ്ങള്‍ ആലുവയില്‍ വച്ചശേഷം മെട്രോ ഉപയോഗിച്ചാണ് കളികാണാന്‍ എത്തിയത്. ഇതിനുപുറമേ എറണാകുളം നോര്‍ത്തിലും ജങ്ങ്ഷനിലും വണ്ടി ഇറങ്ങിയവരും മെട്രോയെ ആശ്രയിച്ചു. അഞ്ചുമണിക്കും എട്ടുമണിക്കുമായി നടന്ന കളികളിലെത്തുന്നവരെ റോഡിലെ ട്രാഫിക്കില്‍ നിന്നും രക്ഷിക്കാന്‍ മെട്രോയ്ക്ക് സാധിച്ചു.

ട്രെയിനുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചും സേവനസമയം നീട്ടിക്കൊണ്ടുമാണ് കെഎംആര്‍എല്‍ ലോകകപ്പിനായി എത്തിയ ആരാധകര്‍ക്ക് സൗകര്യമൊരുക്കിയത്.

സ്മാര്‍ട്ട് കാര്‍ഡുകളും പാസുകളും

കെഎംആര്‍എല്‍ ആക്സിസ് ബാങ്കുമായി ബന്ധിപ്പിച്ചുകൊണ്ട് ഓട്ടോമേറ്റഡ് ഫെയര്‍ കളക്ഷന്‍ സംവിധാനം ഒരുക്കുകയും യാത്രക്കാര്‍ക്കായി കൊച്ചി-1 എന്ന സ്മാര്‍ട്ട് കാര്‍ഡ് സേവനം പുറത്തിറക്കുകയും ചെയ്തിരുന്നു. നിലവിലെ ടികറ്റ് നിരക്കുകളില്‍ നിന്നും ഇരുപത് ശതമാനത്തോളം ഇളവ് നല്‍കുന്നതാണ് ഈ സ്മാര്‍ട്ട് കാര്‍ഡ് സൗകര്യം. മെട്രോയാത്രകള്‍ക്ക് പുറമേ ഷോപ്പിങ്ങിനും മറ്റും ഉപയോഗിക്കാവുന്ന ഈ കാര്‍ഡുകള്‍ എടിഎം കാര്‍ഡ് പോലെയാണ് പ്രവര്‍ത്തിക്കുന്നത്. നിലവില്‍ ഏഴായിരത്തോളം പേര്‍ ഈ സേവനം ഉപയോഗിക്കുന്നുണ്ട് എന്നാണ് കെഎംആര്‍എല്ലിന്‍റെ കണക്ക്. ഇപ്പോള്‍ ഒരു സ്റ്റേഷനില്‍ മാത്രം വിതരണം ചെയ്യുന്ന സ്മാര്‍ട്ട് കാര്‍ഡുകള്‍ നവംബര്‍ ഒന്നോടുകൂടി പതിനാറു സ്റ്റേഷനില്‍ നിന്നും എടുക്കാനാവും.

ബദല്‍ പരസ്യ മോഡലുകള്‍

ടിക്കറ്റ് വില്‍പ്പന വരുമാനത്തിന്‍റെ ഒരു മാര്‍ഗം മാത്രമായി കണക്കാക്കികൊണ്ട് പരസ്യങ്ങളിലും കൂടുതല്‍ ശ്രദ്ധ ചെലുത്താനാണ് കെഎംആര്‍എല്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ ആദ്യപടിയായി നിലവില്‍ ചൈനീസ് ഇലക്ട്രോണിക് കമ്പനിയായ ഒപ്പോയ്ക്ക് ഇടപള്ളിയിലെയും എംജി റോഡിലേയും സ്റ്റേഷനുകളിലെ ബ്രാന്‍ഡിങ്ങ് അവകാശം നല്‍കിയിട്ടുണ്ട്. പ്രതിവര്‍ഷം 6.60 കോടി രൂപയും 5.50 കോടി രൂപയുമാണ് ഓരോ സ്റ്റേഷനുകള്‍ക്കുമായി ഒപ്പോ നല്‍കുന്നത്.

ട്രെയിനുകളും ബ്രാന്‍ഡ് ചെയ്യാനുള്ള ലേലം വിളിച്ചിട്ടുണ്ട് എന്നാണ് കെഎംആര്‍എല്‍ പറയുന്നത്. " ഇതിനോട് നല്ല പ്രതികരണമാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്. ബാക്കി നമുക്ക് നോക്കാം" കെഎംആര്‍എല്ലിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Kochi Kochi Metro Fifa Under 17 World Cup

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: