കൊച്ചി: കേരളത്തിന്റെ വികസന പദ്ധതികളിൽ സുപ്രധാനമായ കൊച്ചി മെട്രോ കൂടുതൽ ജനകീയമാകാൻ വഴികൾ തേടുന്നു. കൊച്ചിയിൽ വിവിധ സ്ഥലങ്ങളിലെത്തുന്ന യാത്രക്കാരെ മെട്രോ സ്റ്റേഷനുകളിലേക്ക് നേരിട്ടെത്തിക്കാനും, മെട്രോ വഴി യാത്ര തുടരുന്നതിനും സഹായിക്കുന്ന തരത്തിൽ ഗതാഗത തന്ത്രങ്ങൾ ആവിഷ്കരിക്കാനാണ് ശ്രമം.
നഗരത്തിലെത്തുന്ന യാത്രക്കാർക്ക് മെട്രോ സ്റ്റേഷനുകളിലേക്കെത്താനുള്ള യാത്രാ സൗകര്യങ്ങളുടെ കുറവ് വർദ്ധിപ്പിക്കാനുളള ശ്രമങ്ങൾ പുരോഗമിക്കുന്നുണ്ട്. ഇതിനായി ബസ്, ഓട്ടോറിക്ഷ, ബോട്ട് തുടങ്ങിയ അനുബന്ധ സർവീസുകളെ മെട്രോ സ്റ്റേഷനുകളുമായി ബന്ധിപ്പിക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. എല്ലാ ഗതാഗത മാർഗങ്ങളെയും യോജിപ്പിച്ച് ഏകീകൃത സംവിധാനം ഒരുക്കാനാണ് നീക്കം.
ഇതിന് പുറമെ, മെട്രോയെ ജനകീയമാക്കുന്നതിന് ഗതാഗത മേഖലയിൽ കാലങ്ങളായി പ്രവർത്തിക്കുന്ന വിവിധ ഏജൻസികളിൽ നിന്നും അഭിപ്രായങ്ങളും ആശയങ്ങളും തേടാൻ മെട്രോ റെയിൽ ലിമിറ്റഡ് തീരുമാനിച്ചു. ഇതിന് കൊച്ചിയിൽ കെഎംആർഎൽ മാനേജിങ് ഡയറക്ടർ പിഎം മുഹമ്മദ് ഹനീഷ് തുടക്കം കുറിച്ചു.
മെട്രോ സ്റ്റേഷനുകളിലേക്ക് കൂടുതൽ ആളുകളെ എത്തിക്കാൻ എന്ത് ചെയ്യാനാകുമെന്നതാണ് കെഎംആർഎൽ അന്വേഷിക്കുന്നത്. നടപ്പിലാക്കാൻ സാധിക്കുന്ന നല്ല ആശയത്തിന് കെഎംആർഎൽ സമ്മാനവും നൽകും.