/indian-express-malayalam/media/media_files/uploads/2017/06/kochi-metro-1.jpg)
തിരുവനന്തപുരം: കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ നെഹ്റു സ്റ്റേഡിയം മുതല്‍ കാക്കനാട് വഴി ഇന്‍ഫോപാര്‍ക്ക് വരെയുളള രണ്ടാം ഘട്ടത്തിന്‍റെ പുതുക്കിയ പദ്ധതി റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചു. 2310 കോടി രൂപ ചെലവുളള പദ്ധതിയാണ് അംഗീകരിച്ചത്.
11.2 കിലോമീറ്റർ ദൂരമാണ് ഈ ഘട്ടത്തിലൂടെ മെട്രോ വഴി ബന്ധിപ്പിക്കുക. ജവഹർലാൽ നെഹ്രു സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോ പാർക്ക് വരെയുളള ഈ ദൂരത്തിൽ 11 സ്റ്റേഷനുകളുണ്ടാകും. പാലാരിവട്ടം ജംക്‌ഷൻ, പാലാരിവട്ടം ബൈപാസ്, ചെമ്പുമുക്ക്, വാഴക്കാല, കുന്നുംപുറം, കാക്കനാട് ജംക്‌ഷൻ, കൊച്ചി എസ് ഇ ഇസഡ്, ചിറ്റേത്തുകര, കിൻഫ്ര, ഇൻഫോപാർക്ക്- 1 എന്നിവയായിരിക്കും ആ സ്റ്റേഷനുകൾ.
ടെലികോം സേവനദാതാക്കള്‍ക്കും അടിസ്ഥാനസൗകര്യ വികസനം നടത്തുന്ന ഏജന്‍സികള്‍ക്കും റോഡിലൂടെ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ ഇടുന്നതിന് എല്ലാ അനുമതികളും ലഭ്യമാക്കാന്‍ ഏകജാലക വെബ്പോര്‍ട്ടല്‍ ഏര്‍പ്പെടുത്തും ഇതിന്റെ ചുമതല ഐടി മിഷനെ ഏൽപ്പിക്കാൻ തീരുമാനിച്ചു. കേബിള്‍ ഇടാന്‍ അനുമതി ചോദിക്കുന്ന കമ്പനി തന്നെ റോഡ് പൂര്‍വ്വ സ്ഥിതിയിലാക്കണമെന്ന വ്യവസ്ഥയോടെയാണ് ഈ സംവിധാനം നടപ്പിലാക്കുന്നത്.ഈ പദ്ധതിക്ക് ഇനി കേന്ദ്രസർക്കാരിന്റെ അനുമതി ആവശ്യമാണ്.
കാക്കനാടേയ്ക്കുളള മെട്രോയുടെ വികസനത്തിനായി 6.97 ഏക്കർ സ്ഥലമാണ് ഏറ്റെടുക്കേണ്ടി വരിക. ഇതിന് 93.50 കോടിരൂപയാണ് മതിപ്പ് ചെലവ് കണക്കാക്കയിട്ടുളളത്. ഇതിന് പുറമെ രണ്ടാംഘട്ട വികസനത്തിന്റെ പ്രാരംഭ ജോലികൾക്കായി 8.55 ഏക്കർ സ്ഥലം വേറെ ഏറ്റെടുക്കേണ്ട ആവശ്യവുമുണ്ടെന്ന് കെ എം ആർ എൽ അറിയിച്ചു.
മഴ മാറി വെള്ളം ഇറങ്ങുമ്പോള്‍ സാംക്രമിക രോഗങ്ങള്‍ പടരാതിരിക്കാന്‍ ഫലപ്രദമായ ശുചീകരണം നടത്തുന്നതിന് സ്വന്തം ഫണ്ട് തികയാത്ത തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മൂന്നു ലക്ഷം രൂപ വരെ കലക്ടറുടെ റിപ്പോര്‍ട്ട് പ്രകാരം അനുവദിക്കാന്‍ തീരുമാനിച്ചു.
സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ മരണമടഞ്ഞ കണ്ണൂര്‍ ചെമ്പിലോട് കുടിവളപ്പ് വീട്ടില്‍ സതി, മകന്‍ രതീഷ്, വളപ്പട്ടണം മന്ന വി.പി. ഹൗസിലെ മുനീര്‍ എന്നിവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് എട്ട് ലക്ഷം രൂപ വീതം ധനസഹായം അനുവദിക്കാന്‍ തീരുമാനിച്ചു. ഈ കുടുംബങ്ങള്‍ക്ക് നേരത്തെ രണ്ടു ലക്ഷം രൂപ വീതം നല്‍കിയിരുന്നു. വൃത്തിഹീനമായ തൊഴില്‍ചെയ്യുമ്പോള്‍ മരണപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്ക് സുപ്രീംകോടതി നിര്‍ദേശപ്രകാരം പത്ത് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കേണ്ടതുണ്ട്. അതനുസരിച്ചാണ് ബാക്കി എട്ടു ലക്ഷം രൂപ കൂടി അനുവദിക്കുന്നത്.
കേരള സാഹിത്യ അക്കാദമി, ലളിതകലാ അക്കാദമി, കേരള സംഗീത നാടക അക്കാദമി, കേരള ഫോക്ലോര്‍ അക്കാദമി എന്നീ സാംസ്കാരിക സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്ക് ഏകീകൃത നിരക്കില്‍ വേതനം നിശ്ചയിച്ചു. 2018 ഏപ്രില്‍ ഒന്നു മുതല്‍ 50,000 രൂപ പ്രതിമാസം വേതനം നല്‍കാനാണ് മന്ത്രിസഭാ തീരുമാനം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.