എറണാകുളം: കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട സർവീസിന്റെ ഔദ്യോഗിക ഉദ്ഘാടനം ഒക്ടോബർ മൂന്നിന് നടക്കും. മുഖ്യമന്ത്രി പിണറായി വിജയനായിരിക്കും രണ്ടാം ഘട്ട സർവീസിന്റെ ഉദ്ഘാടനം നിർവഹിക്കുക. കേന്ദ്ര നഗര വികസന മന്ത്രി ഹർദീപ് സിങ് പുരി ചടങ്ങിൽ പങ്കെടുക്കും. പലാരിവട്ടം മുതൽ മഹാരാജാസ് വരെയുള്ള സർവീസാണ് ആരംഭിക്കുന്നത്.

ഒക്ടോബർ മൂന്നാം തിയതി രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങിലാണ് രണ്ടാം ഘട്ട സർവീസിന്റെ ഉദ്ഘാടനം. എറണാകുളം ടൗൺ ഹാളിൽവച്ചാണ് ചടങ്ങുകൾ നടക്കുക. പാലാരിവട്ടം മുതൽ മഹാരാജാസ് വരെയുള്ള സർവീസ് കൂടി ആരംഭിക്കുന്നതോടെ കൊച്ചി മെട്രോയുടെ സർവീസ് ദൂരം 18 കിലോമീറ്റർ ആകും.

അണ്ടർ 17 ലോകകപ്പ്​ ആരംഭിക്കുന്നതിന് മുൻപ് മെട്രോയുടെ രണ്ടാം ഘട്ടം പൂർത്തീകരിക്കുമെന്ന് കെഎംആർഎൽ അറിയിച്ചിരുന്നു. സ്ഥിരം യാത്രക്കാർക്ക് നിരക്കുകളിൽ ഇളവ് നൽകുന്നതടക്കമുള്ള പരിഷ്കാരങ്ങൾ പുതിയ സർവീസ് തുടങ്ങുന്നതോടെ ഉണ്ടാകും. പുതിയ സ്റ്റേഷനുകളിൽ കേരളത്തനിമയും മലയാള സാഹിത്യവും നിറഞ്ഞുനിൽക്കുന്ന തീമുകളാകും ഉണ്ടാകുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ