കൊച്ചി: മെട്രോയുടെ വരുമാനവും ചെലവും തമ്മിലുള്ള പ്രതിദിന അന്തരം 22 ലക്ഷം രൂപ. മാസം 6.60 കോടി രൂപയുടേതാണ് നഷ്ടം. പ്രതിദിന ടിക്കറ്റ് വരുമാനം 12 ലക്ഷം. ടിക്കറ്റിതര വരുമാനം 5.16 ലക്ഷം. ദിവസച്ചിലവ് 38 ലക്ഷത്തോളം വരും. ദിനേന 70,000 യാത്രക്കാരെയെങ്കിലുമാണ് മെട്രോ പ്രതീക്ഷിക്കുന്നത്. പക്ഷേ 35,000 മുതല്‍ 45,000 വരെയാണ് ഇപ്പോഴത്തെ ശരാശരി. ആസൂത്രണം ചെയ്തതിന്റെ നാലിലൊന്ന് യാത്രക്കാരെപ്പോലും ഇതുവരെയായും ആകര്‍ഷിക്കാന്‍ കഴിഞ്ഞിട്ടില്ല.
കൊച്ചി നഗരത്തിന്റെ ഗാതാഗതക്കുരുക്കഴിക്കാന് മെട്രോ പദ്ധതിക്ക് കഴിയുമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ വന്‍മാറ്റത്തിന് കളമൊരുക്കാന്‍ ഇതുവരെ മെട്രോയ്ക്കായിട്ടില്ല. ടിക്കറ്റിലൂടെയുള്ള വരുമാനത്തിലൂടെ ഇന്ത്യയിലെ ഒരു മെട്രോയും ലാഭത്തിലായിട്ടില്ലെന്നിരിക്കെ ടിക്കറ്റിതര വരുമാന മാര്‍ഗങ്ങള്‍ കാര്യക്ഷമമാക്കാന്‍ മെട്രോ അധികൃതര്‍ക്ക് സാധ്യമാകുന്നില്ല. എന്നാല്‍ ഉയര്‍ന്ന നിരക്കില്‍ പാര്‍ക്കിങ് സൗകര്യം ലഭ്യമാക്കുന്നതും യാത്രക്കാര്‍ക്ക് തലവേദനയാണ്.
മൂന്നും നാലും വർഷങ്ങള്‍ക്ക് ശേഷമാണ് മറ്റുള്ള സംസ്ഥാനങ്ങളിലെ മെട്രോകൾക്ക് പിടിച്ചുനിൽക്കാനായത്. എന്നാൽ, മറ്റു മെട്രോകൾ ടിക്കറ്റ് ഇതര വരുമാനത്തിലൂടെ ലാഭമുണ്ടാക്കുമ്പോൾ അത്തരം വരുമാനത്തിനുള്ള കൊച്ചി മെട്രോയുടെ പദ്ധതികളെല്ലാം സർക്കാർ കെട്ടിപ്പൂട്ടി വച്ചിരിക്കുകയാണ്. കാക്കനാട് എൻജിഒ ക്വാർട്ടേഴ്സിൽ മെട്രോ ടൗൺഷിപ് പദ്ധതിയുടെ നടത്തിപ്പിനായി 17 ഏക്കർ സ്ഥലം കൈമാറാനുള്ള തീരുമാനത്തിലാണു സർക്കാർ ഒന്നര വർഷമായി അടയിരിക്കുന്നത്.