കൊച്ചി: സംസ്ഥാനത്തിന്റെ അഭിമാനപദ്ധതിയായ കൊച്ചി മെട്രോയിൽ യാത്ര ചെയ്യാനെത്തുന്നവർക്ക് സന്തോഷിക്കാൻ വക. ടിക്കറ്റിന് 50 ശതമാനം ഇളവാണ് കൊച്ചി മെട്രോ നിയന്ത്രിക്കുന്ന കൊച്ചി മെട്രോ റയിൽ ലിമിറ്റഡ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇളവിന് പുറമേ സ്ഥിരം യാത്രക്കാർക്ക് പ്രത്യേക പാസുകൾ അനുവദിക്കുന്ന കാര്യവും പരിഗണനയിലാണെന്ന് കെഎംആർഎൽ വിശദീകരിച്ചു.

ചില നിബന്ധനകളോടെയാണ് കൊച്ചി മെട്രോയിൽ ടിക്കറ്റ് നിരക്കിൽ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. മെട്രോയിൽ ഒരിടത്തേക്ക് യാത്ര ചെയ്യുമ്പോൾ തന്നെ മടക്കയാത്രയുടെ ടിക്കറ്റും ബുക്ക് ചെയ്യുന്നവർക്കാണ് ഈ സൗകര്യം. ഇവരുടെ റിട്ടേൺ ടിക്കറ്റിന്റെ 50 ശതമാനം മാത്രമേ കെഎംആർഎൽ ഈടാക്കൂ.

എന്നാൽ ഈ സൗകര്യം അനിശ്ചിതകാലത്തേക്കല്ല പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് മുതൽ ഈ മാസം 23 വരെ പത്ത് ദിവസത്തേക്കാണ് ഇളവുള്ളത്. എന്നാൽ കൊച്ചി വൺ കാർഡ് ഉപയോഗിക്കുന്ന യാത്രക്കാർക്ക് ഈ ഇളവ് ലഭിക്കില്ല. മാത്രമല്ല യാത്ര ചെയ്തില്ലെങ്കിൽ ഒരു വശത്തേക്കുള്ള ടിക്കറ്റിന്റെ തുക മാത്രമേ യാത്രക്കാർക്ക് തിരികെ ലഭിക്കൂ.

ഇതിന് പുറമേ വിവിധ കാറ്റഗറികളിലായി പാസുകളും കെഎംആർഎല്ലിന്റെ പരിഗണനയിലുണ്ട്. ഒരു മാസം കാലാവധിയുള്ള പാസ്, വിദ്യാർഥികൾക്കുള്ള പാസ്, വാരാന്ത്യ പാസ്, ദിവസ പാസ്, സീസണൽ പാസ് എന്നിവയാണ് പരിഗണനയിലുള്ളത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ