കൊച്ചി: കൊച്ചി മെട്രോയുടെ പേട്ട-എസ്.എന്‍. ജങ്ഷന്‍ റീച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. മെട്രാ രണ്ടാം ഘട്ടത്തിന്റെ തറക്കല്ലിടീല്‍ ചടങ്ങും പ്രധാനമന്ത്രി നിര്‍വഹിച്ചു. സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍,ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അടക്കമുള്ളവര്‍ പങ്കെടുത്തു.
ഗതാഗത സൗകര്യങ്ങള്‍ക്കായി 4600 കോടി രൂപയുടെ പദ്ധതി അധികമായി ലഭിക്കുകയാണ്. അടുത്ത 25 വര്‍ഷം മഹത്തായ വികസന പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യമാണ് രാജ്യം മുന്നോട്ട് വയ്ക്കുന്നത്. ഇതിന് കേരളത്തിലും തുടക്കമിടുകയാണ്. പ്രകൃതി സൗഹൃദ നെറ്റ് സീറോ എമിഷനുകള്‍ക്ക് കൊച്ചി മെട്രാ പോലുള്ള പദ്ധതികള്‍ മുതല്‍ കൂട്ടാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
വിവിധ റെയില്‍വെ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച മോദി രാജ്യത്തെ റെയില്‍വെ സ്‌റ്റേഷനുകള്‍ എയര്‍പോര്‍ട്ടുകളുടെ മാതൃകയില്‍ വികസിപ്പിക്കുമെന്നും പറഞ്ഞു. സംസ്ഥാനത്തെ മൂന്ന് റെയില്‍വെ സ്‌റ്റേഷനുകളായ എറണാകുളം ടൗണ്‍, സൗത്ത്, കൊല്ലം സ്‌റ്റേഷനുകളുകള്‍ മികച്ച നിലവാരത്തില്‍ ഉയര്‍ത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
നെടുമ്പാശേരി സിയാല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ റെയില്‍വേയുടെ കുറുപ്പന്തറ-കോട്ടയം-ചിങ്ങവനം ഇരട്ടപ്പാത ഉദ്ഘാടനം, കൊല്ലം-പുനലൂര്‍സിംഗിള്‍ ലൈന്‍ വൈദ്യുതീകരണ ഉദ്ഘാടനം, സ്‌പെഷ്യല്‍ ട്രെയിന്‍ ഫ്‌ലാഗ് ഓഫ്, എറണാകുളം സൗത്ത്, നോര്‍ത്ത്, കൊല്ലം സ്റ്റേഷനുകളുടെ നവീകരണ പ്രവൃത്തികളുടെ ശിലാസ്ഥാപനം എന്നിവയും പ്രധാനമന്ത്രി നിര്‍വഹിച്ചു.