എറണാകുളം: മെട്രോയുടെ പാലാരിവട്ടം മുതല്‍ മഹാരാജാസ് കോളേജ് ഗ്രൗണ്ട് വരെയുള്ള റൂട്ടില്‍ ഇന്ന് നടത്തിയ പരീക്ഷണ ഓട്ടം വിജയകരം എന്ന് കെ.എം.ആർ.എൽ. ഇന്ന് രാവിലെ മുതൽ നിരവധി തവണ മെട്രോ ഈ റൂട്ടിലൂടെ സഞ്ചരിച്ചു. ആദ്യ സർവ്വീസുകൾ വേഗം കുറച്ചായിരുന്നു. എന്നാൽ പിന്നീട് മെട്രോ സാധാരണ വേഗതയിലും ട്രാക്കിലൂടെ പാഞ്ഞു. സെപ്റ്റംബര്‍ മൂന്നാം ആഴ്ചയോടെ യാത്രാ സര്‍വീസ് തുടങ്ങാനാണ് ലക്ഷ്യമെന്ന് കൊച്ചി മെട്രോ അധികൃതര്‍ പറഞ്ഞു.
പരീക്ഷണ ഓട്ടത്തിനു മുന്നോടിയായി ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് ജനറലിന്റെ അനുമതി ബുധനാഴ്ച ലഭിച്ചിരുന്നു. ട്രാക്ക് പരിശോധനയ്ക്കായതിനാല്‍ ആദ്യ ദിവസം ഒരു ട്രെയിനാണ് പരീക്ഷണ ഓട്ടത്തിന് ഉപയോഗിച്ചത്.
അഞ്ചു സ്റ്റേഷനുകളാണ് ഈ റൂട്ടിലുള്ളത്. ജവഹര്‍ ലാല്‍ നെഹ്‌റു സ്റ്റേഡിയം, കലൂര്‍, ലിസ്സി, എം.ജി. റോഡ്, മഹാരാജാസ് കോളേജ് എന്നിവയാണ് ഈ സ്റ്റേഷനുകള്‍. പേട്ട വരെയാണ് കൊച്ചി മെട്രോ പദ്ധതിയുടെ ഒന്നാം ഘട്ടം.
ആദ്യഘട്ടമായ ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള മെട്രോയുടെ നിര്‍മ്മാണം കഴിഞ്ഞ് മറ്റു പദ്ധതികളെക്കുറിച്ച് ആലോചിച്ചാല്‍ മതിയെന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം. നിര്‍മ്മാണത്തിനുള്ള ഫണ്ട് കണ്ടെത്തുന്നതിനുള്ള പ്രയാസമായിരുന്നു ഇതിന് പിന്നില്‍.
ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്റര്‍ മാത്രമാണ് യാഥാര്‍ത്ഥ്യമായത്. പാലാരിവട്ടം മുതല്‍ മഹാരാജാസ് കോളേജ് വരെയുള്ള നിര്‍മ്മാണം പൂര്‍ത്തിയായതിന് പിന്നാലെയാണ് പരീക്ഷണ ഓട്ടം നടക്കുന്നത്.
