കൊച്ചി: കൊച്ചി മെട്രോ  സ്റ്റേഷനുകളിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ വേതന തർക്കത്തിൽ ഇന്ന് കുടുംബശ്രീയും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡും യോഗം ചേരും. ഇതിനായി കുടുംബശ്രീയുടെ എക്സിക്യുട്ടീവ് ഡയറക്ടർ എസ്.ഹരികിഷോർ കൊച്ചിയിലെത്തി. കെഎംആർഎൽ ആസ്ഥാനത്ത് ഉച്ചകഴിഞ്ഞാണ് യോഗം. മെട്രോ സ്റ്റേഷനുകളിലെ ജീവനക്കാരുടെ വേതനം പലവിധ കാരണങ്ങൾ പറഞ്ഞ് കെഎംആർഎൽ തടഞ്ഞുവയ്ക്കുന്നുവെന്നാണ് കുടുംബശ്രീ കുറ്റപ്പെടുത്തിയത്.

മെട്രോ തൊഴിലാളികളുടെ വേതനമായി ഒന്നര കോടിയിലേറെ രൂപ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് തങ്ങൾക്ക് നൽകാനുണ്ടെന്ന് കുടുംബശ്രീ പ്രതിനിധികൾ പറഞ്ഞു. എന്നാൽ ഇത് അനാവശ്യ വിവാദവും ദൗർഭാഗ്യകരമായ സംഭവവുമാണെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ മുഹമ്മദ് ഹനീഷ് പറഞ്ഞു.

അതേസമയം, തൊഴിൽദിനങ്ങൾ കുറയുമെന്ന ഭീതിയും അവധി ദിവസങ്ങൾക്ക് വേതനം ലഭിക്കില്ലെന്ന ഭീതിയും കുടുംബശ്രീ നിയമനം നൽകിയ തൊഴിലാളികളെ ആശങ്കയിലാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കെഎംആർഎല്ലും കുടുംബശ്രീയും പരസ്പരം കുറ്റപ്പെടുത്തലുമായി രംഗത്തുവന്നത് തൊഴിലാളികളെ കൂടുതൽ പ്രതിസന്ധിയിലാക്കി.

തൊഴിൽ ദിനങ്ങൾ 26 ൽ നിന്ന് 15 ആക്കി വെട്ടിച്ചുരുക്കുകയും പ്രതിവാരം ലഭിക്കുന്ന ഒരു അവധി ദിനത്തിന് നൽകി വന്നിരുന്ന വേതനം അവസാനിപ്പിക്കുകയും ചെയ്തെന്നാണ് കുടുംബശ്രീ  ജീവനക്കാരുടെ ആരോപണം.  ഇതിന് പുറമേ തങ്ങളുടെ വേതനത്തിൽ നിന്ന് ഈടാക്കുന്ന ഇഎസ്ഐ-പിഎഫ് ആനുകൂല്യങ്ങളുടെ തുക അക്കൗണ്ടിൽ നിക്ഷേപിക്കുന്നില്ലെന്നും മെട്രോ സ്റ്റേഷനുകളിലെ ജീവനക്കാർ ആരോപിക്കുന്നുണ്ട്.

സംഭവത്തെ കുറിച്ച് കൊച്ചി മെട്രോയിലെ ഒരു കുടുംബശ്രീ ജീവനക്കാരി രേഷ്‌മ (പേര് യഥാർത്ഥമല്ല) പറഞ്ഞതിങ്ങനെ, “പ്രതിമാസം മൂവായിരം രൂപയോളമാണ് ഞങ്ങളുടെ ശമ്പളത്തിൽ നിന്ന് ഇഎസ്ഐ-പിഎഫ്  എന്നിവയ്ക്കായി എടുക്കുന്നത്. ആകെ ലഭിക്കുന്ന വേതനത്തിൽ നിന്ന് ഇത്രയും രൂപ കിഴിച്ചാൽ തന്നെ കൈയ്യിൽ കിട്ടുന്നത് തുച്ഛമായ തുകയാണ്. ഇപ്പോൾ പറഞ്ഞിരിക്കുന്നത് അടുത്ത മാസം മുതൽ 15 ദിവസമേ തൊഴിലുണ്ടാവുകയുളളൂ എന്നാണ്. അങ്ങിനെ വന്നാൽ ഇപ്പോൾ ലഭിക്കുന്ന വേതനത്തിന്റെ പാതിയാവും കിട്ടുക. കഴിഞ്ഞ മാസം എനിക്ക് ലഭിച്ചത് 8000 രൂപയാണ്. അതിലും കുറവ് വേതനം ഒന്ന് ഓർത്തുനോക്കൂ,” അവർ പറഞ്ഞു.

അതേസമയം, സംഭവത്തെ കുറിച്ച് വിശദീകരിച്ച കുടുബശ്രീയുടെ കൊച്ചി മെട്രോ പ്രൊജക്ട് മാനേജർ ദിൽരാജ് പറഞ്ഞതിങ്ങനെ. “ജനുവരിയിലെ തൊഴിലാളികളുടെ വേതനമായി  1.41 കോടി രൂപയുടെ ബില്ലാണ് ഞങ്ങൾ കൊടുത്തത്. എന്നാൽ കൊച്ചി മെട്രോ അനുവദിച്ചത് വെറും 86 ലക്ഷം രൂപയാണ്. ബാക്കി വരുന്ന 56 ലക്ഷം രൂപ പലവിധ കാരണങ്ങൾ പറഞ്ഞ് അനുവദിച്ചില്ല. ഇത്തരത്തിൽ നാല് മാസമായി തടഞ്ഞുവച്ചിരിക്കുന്ന ഒന്നരക്കോടിയിലേറെ രൂപ കുടുംബശ്രീക്ക് കൊച്ചി മെട്രോ റയിൽ ലിമിറ്റഡ് നൽകാനുണ്ട്,” ദിൽരാജ് പറയുന്നു.

പക്ഷെ ദിൽരാജിന്റെ ആരോപണം തളളിയാണ് കെഎംആർഎൽ മാനേജിങ് ഡയറക്ടർ ഇക്കാര്യത്തിൽ വിശദീകരണം നൽകിയത്. “കുടുംബശ്രീയുടെ താഴേക്കിടയിൽ ഉളള ഓഫീസർമാർ വെറുതേ ഓരോ ആരോപണങ്ങൾ ഉന്നയിക്കുകയാണ്. അവർ ചെയ്യേണ്ട കാര്യങ്ങൾ ഒന്നും ചെയ്യുന്നില്ല. ഇഎസ്ഐ-പിഎഫ് ആനുകൂല്യങ്ങൾ നൽകാതിരുന്നതിനെ തുടർന്ന് ഒരു കോടി രൂപ തടഞ്ഞുവച്ചു. പിന്നീട് ദിൽരാജ് വന്ന് സങ്കടം പറഞ്ഞതിനെ തുടർന്ന് ഒരു കോടി രൂപ ഞാൻ ഇടപെട്ട് നൽകി. ഇപ്പോൾ ഈ ഒന്നര കോടി രൂപയൊന്നും നൽകാനില്ല”, മുഹമ്മദ് ഹനീഷ് പറഞ്ഞു.

എന്നാൽ ഓരോ തവണ ജീവനക്കാരുടെ വേതന ബില്ല് സമർപ്പിച്ചാലും കെഎംആർഎൽ പല കാരണങ്ങൾ പറഞ്ഞ് ഇവ വെട്ടിക്കുറക്കുന്നുവെന്നാണ് ദിൽരാജ് ആരോപിച്ചത്. “എല്ലാ തവണയും ബില്ല് സമർപ്പിച്ചാൽ ഓരോ കാരണം പറഞ്ഞ് അവർ തരേണ്ട തുക വെട്ടിക്കുറയ്ക്കും. ഈ സാഹചര്യത്തിൽ ഇത്തവണ ഓഫ് ദിനങ്ങളുടെ വേതനം തന്നില്ലെങ്കിൽ തൊഴിലാളികൾക്ക് കുടുംബശ്രീ പ്ലാൻ ഫണ്ടിൽ നിന്ന് ഈ തുക കൊടുക്കില്ലെന്ന് അറിയിച്ചിരുന്നു. വേതനം കുറഞ്ഞതോടെയാണ് ജീവനക്കാർ പ്രതിഷേധിച്ചത്. സംഭവം വിവാദമായപ്പോൾ മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് പറഞ്ഞ് കെഎംആർഎൽ അധികൃതർ ഞങ്ങളോട് കയർത്തു,”  ദിൽരാജ് പറഞ്ഞു.

കൊച്ചി മെട്രോ സ്റ്റേഷനുകളുടെ പ്രവർത്തന ചുമതലയിലേക്ക് ജീവനക്കാരെ നിയമിക്കാൻ കുടുംബശ്രീക്കാണ് ചുമതല നൽകിയത്. ഇത്തരത്തിൽ ഓരോ സ്റ്റേഷനിലും ജീവനക്കാർ ജോലി ചെയ്യുന്നതിന് അനുസരിച്ച് അതത് മാസങ്ങളിലെ ബില്ല് കുടുംബശ്രീ കെഎംആർഎല്ലിന് നൽകണം. ഈ തുക കെഎംആർഎൽ അനുവദിക്കും.

“കൊച്ചി മെട്രോയുടെ സ്റ്റേഷനുകളിൽ 200 ഓളം പേരെ ആവശ്യമുണ്ടെന്നാണ് ആദ്യം കെഎംആർഎൽ പറഞ്ഞത്. ഇങ്ങിനെയാണ് കുടുംബശ്രീ റിക്രൂട്ട്മെന്റ് നടത്തിയത്. ഇപ്പോൾ അവർക്ക് പ്രതീക്ഷിച്ച വരുമാനം പല സ്റ്റേഷനുകളിലും ഇല്ല. ചില സ്റ്റേഷനുകളിൽ വളരെ കുറച്ച് പേരേ ഇറങ്ങുന്നുളളൂ. ഇങ്ങിനെ യാത്രക്കാർ കുറവുളള സ്റ്റേഷനുകളിൽ ജീവനക്കാരെ കുറയ്ക്കാൻ മെട്രോ അധികൃതർ ആവശ്യപ്പെട്ടു. അങ്ങിനെ കുറച്ചാലും തൊഴിലാളികളുടെ വേതനം കുറയും. ഇത്തരത്തിൽ കുറച്ചാലും ഇല്ലെങ്കിലും അവർ ബില്ലിൽ നിന്ന് തുക കുറയ്ക്കും. അപ്പോൾ പിന്നെ  ആളുകളുടെ തൊഴിൽ ദിനം കുറയ്ക്കുകയല്ലാതെ  വേറെ വഴിയില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ ജീവനക്കാർക്ക് വേതനം കുറയും. പക്ഷെ ആർക്കും തൊഴിൽ നഷ്ടപ്പെടില്ല,” ദിൽരാജ് ഇപ്പോഴത്തെ പ്രതിസന്ധിയെ കുറിച്ച് പറഞ്ഞു.

700 ഓളം പേരെയാണ് മെട്രോ സ്റ്റേഷനുകളിൽ തൊഴിലിനായി കുടുംബശ്രീ റിക്രൂട്ട് ചെയ്തത്. ഇവർക്ക് 26 തൊഴിൽ ദിനങ്ങളും പ്രതിമാസം നാല് അവധി ദിവസങ്ങളുമാണുളളത്.  ഒരു സമയം എല്ലാ മെട്രോ സ്റ്റേഷനുകളിലുമായി 200 പേരോളമാണ് തൊഴിലെടുക്കുന്നത്.

“കെഎംആർഎല്ലിന്റെ മുൻ മാനേജിങ് ഡയറക്ടർ ഏലിയാസ് ജോർജ്ജാണ് പൊതുചടങ്ങിൽ വച്ച് പ്രതിവാരം ഒരു അവധി ദിവസത്തിന് വേതനം നൽകുമെന്ന് പറഞ്ഞത്. ഇതിനായി പ്രിൻസിപ്പൽ സെക്രട്ടറിയുടെ കത്ത് ഹാജരാക്കണമെന്ന് അദ്ദേഹം പറഞ്ഞു. അത് കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടർ ഇടപെട്ട് നൽകി. പക്ഷെ തങ്ങൾക്ക് എംഡിയുടെ ഭാഗത്ത് നിന്ന് ഇങ്ങനെ ഒരു ഉത്തരവ് ലഭിച്ചില്ലെന്ന് പറഞ്ഞ് കെഎംആർഎൽ അവധി ദിവസത്തെ വേതനം അനുവദിച്ചില്ല,” കുടുംബശ്രീയുടെ എറണാകുളം ജില്ലാ കോർഡിനേറ്റർ കെആർ രാഗേഷ് പറഞ്ഞു.

“നാല് മാസത്തോളം ഈ അവധി ദിവസങ്ങളിലെ വേതനം കുടുംബശ്രീയുടെ പ്ലാൻ ഫണ്ടിൽ നിന്നാണ് നൽകിയത്. ഈ ഇനത്തിൽ 9 ലക്ഷം രൂപയുടെ ചിലവ് പ്രതിമാസം വരുന്നുണ്ട്. നാല് മാസത്തേക്ക് ഏതാണ്ട് 35 ലക്ഷം രൂപ കൊച്ചി മെട്രോ ഞങ്ങൾക്ക് നൽകാനുണ്ട്. എന്നാൽ മുൻ എംഡി ഇത് സംബന്ധിച്ച് യാതൊരു അറിയിപ്പും അവർക്ക് നൽകിയിട്ടില്ലെന്ന് പറഞ്ഞാണ് അവർ പണം തടയുന്നത്. പലതവണ ചർച്ച നടത്തിയാണ് ഇങ്ങിനെയൊരു പ്രഖ്യാപനം ഏലിയാസ് ജോർജ് നടത്തിയത്,” രാഗേഷ് കൂട്ടിച്ചേർത്തു.

മെട്രോ സ്റ്റേഷനുകളിലെ ജീവനക്കാരുടെ വേതനത്തിൽ നിന്ന് ഈടാക്കുന്ന ഇഎസ്ഐ-പിഎഫ് ആനുകൂല്യങ്ങൾ നൽകിയില്ലെന്നാരോപിച്ചാണ് ശമ്പള ബില്ല് കെഎംആർഎൽ വെട്ടിച്ചുരുക്കുന്നത് എന്ന് ദിൽരാജ് പറഞ്ഞു. ഇത് സംബന്ധിച്ച ചോദ്യത്തിന് കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടർ എസ് ഹരികിഷോർ നൽകിയ മറുപടി ഇങ്ങിനെ. “ഏതാണ്ട് 700 ഓളം ജീവനക്കാരാണ് മെട്രോയിൽ ഉളളത്. ഇവരുടെയെല്ലാം രജിസ്ട്രേഷൻ പൂർത്തിയാക്കാൻ കുറച്ച് സമയം എടുത്തു. എല്ലാവരുടെയും അക്കൗണ്ടിലേക്ക് ഒരുമിച്ചാണ് പണം നിക്ഷേപിച്ചത്.  രജിസ്ട്രേഷന് വേണ്ടി ഞങ്ങൾക്ക് തൊഴിലാളികൾ നൽകിയ വിവരങ്ങളും അവരുടെ ആധാറിലെ വിവരങ്ങളും വ്യത്യസ്തമായി വന്ന സാഹചര്യങ്ങളിൽ 130 പേരുടെ രജിസ്ട്രേഷൻ സമയത്തിന് പൂർത്തീകരിക്കാൻ സാധിച്ചില്ല. ഇവരിൽ 60-70 പേരുടേത് ഇപ്പോൾ പൂർത്തിയായിട്ടുണ്ട്. ഫെബ്രുവരി 15 വരെ ഇവർക്ക് യഥാർത്ഥ വിവരങ്ങൾ സമർപ്പിക്കാൻ സമയം കൊടുത്തിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു.

കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടറുടെ വാക്കുകളെ സാക്ഷ്യപ്പെടുത്തും വിധമാണ് മെട്രോ ജീവനക്കാരിയായ യുവതി ഐഇ മലയാളത്തോട് സംസാരിച്ചത്. “ഞാൻ ഡിസംബർ മുതൽ അവധിയിലാണ്. ആദ്യ മാസങ്ങളിൽ മാസം നാല് ഓഫ് ദിവസങ്ങൾക്ക് വേതനം ലഭിച്ചിരുന്നില്ല. എന്നാൽ പിന്നീട് ഇത് ലഭിച്ചു. നവംബർ-ഡിസംബർ മാസങ്ങളിൽ എനിക്ക് ഈ തുക ലഭിച്ചിരുന്നു.  ഈയടുത്ത് നവംബർ, ഡിസംബർ മാസങ്ങളിലെ പിഎഫ് തുക അക്കൗണ്ടിൽ നിക്ഷേപിച്ചതായി മെസേജും ലഭിച്ചു,”  തൃശ്ശൂർ മാള സ്വദേശിനിയായ യുവതി പറഞ്ഞു.

വിഷയത്തിൽ പ്രതികരണമറിയാൻ പല തവണ നിലവിലെ കെഎംആർഎൽ മാനേജിംഗ് ഡയറക്ടറുടെ മൊബൈൽ നമ്പറിൽ ബന്ധപ്പെട്ടെങ്കിലും ഫോൺ ഓഫ് ചെയ്തിരിക്കുകയായിരുന്നു.   “ഒരു ദിവസം 194 ഷിഫ്റ്റാണ് മെട്രോ സ്റ്റേഷനുകളിൽ ആകെയുളളത്. ഇതിന് 194 തൊഴിലാളികൾ എന്ന കണക്കാണ് കുടുംബശ്രീ സമർപ്പിച്ചത്. യഥാർത്ഥത്തിൽ 226 പേർ വേണമായിരുന്നു. ആദ്യം സമർപ്പിച്ച കണക്കനുസരിച്ച് കരാർ ഒപ്പുവച്ചു. ഈ കരാർ അടിസ്ഥാനത്തിലാണ് തുക നൽകുന്നത്. കുറവ് ആളുകളുടെ കണക്ക് വച്ചത് മൂലം ഉണ്ടായ സാമ്പത്തിക ബാധ്യതയാണ്. അത് കുടുംബശ്രീയുടെ ഭാഗത്ത് നിന്നുണ്ടായ പിഴവാണ്. ഇതിലിനി കെഎംആർഎല്ലിന് ഒന്നും കൂട്ടാനില്ല.” കെഎംആർഎൽ ജോയിന്റ് ജനറൽ മാനേജർ  രശ്മി സി ആർ.,  ഐഇ മലയാളത്തോട് ഇതേക്കുറിച്ച് പ്രതികരിച്ചു.

“ഓരോ ആൾക്കും മിനിമം വേതനത്തേക്കാൾ ഉയർന്ന തുകയാണ് ഞങ്ങൾ നൽകുന്നത്. ഇതിന്റെ കരാർ കുടുംബശ്രീ സമർപ്പിച്ച കണക്കിന്റെ അടിസ്ഥാനത്തിൽ നേരത്തേ ഒപ്പിട്ടതാണ്.  പക്ഷെ അവർക്ക് കണക്കിൽ പിഴവ് സംഭവിച്ചു. ഇപ്പോൾ കൂടുതൽ തുക ആവശ്യപ്പെടുന്നു. കരാർ അനുസരിച്ചാണ് പണമിടപാടുകൾ. അത് പെട്ടെന്ന് തിരുത്താൻ സാധിക്കില്ല,” രശ്‌മി പറഞ്ഞു.

“കരാർ അനുസരിച്ച് ഒരു ദിവസം എനിക്ക് ലഭിക്കേണ്ടത് 531 രൂപയാണ്. ആനുകൂല്യങ്ങൾ കിഴിച്ച ശേഷം 388 രൂപയാണ് ഒരു ദിവസം ലഭിക്കുക. ജോലി കഴിഞ്ഞാൽ ടിക്കറ്റിംഗ് സ്റ്റാഫിനെയാണ് വീട്ടിൽ കൊണ്ടുവിടാറുളളത്. ഇതിന് മുൻപ് ഇറങ്ങുന്നവർ സ്വന്തം നിലയ്ക്ക് വീട്ടിലേക്ക് മടങ്ങാറാണ് പതിവ്,” താൻ അവധിയിൽ പ്രവേശിക്കും മുൻപുളള സാഹചര്യം മാള സ്വദേശിനിയായ യുവതി വിവരിച്ചു.

പ്രതിമാസം നാല് ഓഫ് ദിനങ്ങൾക്ക് ശമ്പളം നൽകണമെന്ന കാര്യം പല തവണ  പറഞ്ഞിട്ടും കെഎംആർഎൽ ഇതിന് തയ്യാറായില്ലെന്ന് പറഞ്ഞ കുടുംബശ്രീ ജില്ല കോർഡിനേറ്റർ, ഫെബ്രുവരി മൂന്നിന് ഇത് സംബന്ധിച്ച കത്ത് കെഎംആർഎല്ലിന് നൽകിയതായും പറഞ്ഞു.

Kochi Metro, KMRL

നേരത്തേ കൊച്ചി മെട്രോയുടെ വിവിധ സ്റ്റേഷനുകളിൽ ട്രാൻസ്ജെന്റേഴ്‌സിനും സ്ത്രീകൾക്കും തൊഴിൽ നൽകി ലോകത്താകമാനം മാധ്യമ പ്രശംസ നേടിയത് കൊച്ചി മെട്രോ റയിൽ ലിമിറ്റഡ് ആയിരുന്നു. അന്ന് ഏലിയാസ് ജോർജ്ജായിരുന്നു കെഎംആർഎല്ലിന്റെ തലപ്പത്ത്. യഥാർത്ഥത്തിൽ കുടുംബശ്രീയാണ് ട്രാൻസ്ജെന്റേർസിനും സ്ത്രീകൾക്കും തൊഴിൽ നൽകിയത്.

“ട്രാൻസ്ജെന്റേഴ്സിനെ ഉൾപ്പെടുത്തി അയൽക്കൂട്ടങ്ങൾക്ക് ഞങ്ങൾ രൂപം നൽകുന്നുണ്ട്. ട്രാൻസ്ജെന്റേഴ്സിനായി സ്വയംതൊഴിൽ പദ്ധതികൾക്കും മറ്റും സാമ്പത്തിക സഹായവും നൽകുന്നുണ്ട്. കുടുംബശ്രീയുടെ ഈ നയത്തിന്റെ ഭാഗമായിരുന്നു മെട്രോ സ്റ്റേഷനുകളിൽ ജീവനക്കാരായി ട്രാൻസ്ജെന്റേഴ്സിനെ നിയമിക്കാനുളള തീരുമാനം. പക്ഷെ ആ ക്രഡിറ്റൊന്നും അവകാശപ്പെടാൻ ഞങ്ങളില്ല. തൊഴിലാളികളുടെ വേതനം കൃത്യമായി കൊടുക്കേണ്ടതുണ്ട്. അതിന് കെഎംആർഎൽ തയ്യാറാകണം,” കെ.ആർ.രാഗേഷ് പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ