കൊച്ചി: കൊച്ചി മെട്രോയുടെ പുതിയ പാതയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിച്ചു. മഹാരാജാസ് മുതൽ തൈക്കൂടം വരെയുള്ള പാതയുടെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചത്. കേന്ദ്ര നഗരകാര്യ സഹമന്ത്രി ഹർദീപ് സിങ്ങ് പുരി, ഹൈബി ഈഡൻ എം പി, കൊച്ചി കോർപ്പറേഷൻ മേയർ സൗമിനി ജെയിൻ എന്നിവരും ഉദ്ഘാടനചടങ്ങിന് സാക്ഷികളായി. ഇതോടെ മഹാരാജാസ് ഗ്രൗണ്ട് മുതൽ തൈക്കൂടം വരെയുള്ള 5.5 കിലോമീറ്റർ പാതയാണ് മുഖ്യമന്ത്രി യാത്രക്കാർക്കായി തുറന്നുകൊടുത്തത്.

Read More: കൊച്ചി മെട്രോയുടെ പുതിയ പാതയിലെ പരീക്ഷണ ഓട്ടം വിജയകരം

വാട്ടർ മെട്രോയുടെ ആദ്യ ടെർമിനലിന്‍റെയും പേട്ട എസ് എൻ ജംഗ്ഷന്‍റെയും നിർമ്മാണോൽഘാടനവും ഇന്നു നടക്കും.

ബുധനാഴ്ച(സെപ്റ്റംബർ നാല്) മുതൽ പതിനാല് ദിവസത്തേക്ക് യാത്രക്കാ‍ർക്ക് ടിക്കറ്റിൽ 50 ശതമാനം ഇളവ് ലഭിക്കും. 5600 കോടി രൂപയാണ് ഇത് വരെയുള്ള കൊച്ചി മെട്രോയുടെ നിർമ്മാണ ചെലവ്. പുതിയ അഞ്ച് സ്റ്റേഷൻ കൂടി വരുന്നതോടെ ആകെയുള്ള സ്റ്റേഷനുകളുടെ എണ്ണം ഇരുപത്തിയൊന്നാകും. ആകെ ദൂരം 23.81 കിലോമീറ്ററും.

ജൂലൈ 21നായിരുന്നു പുതിയ പാതയില്‍ പരീക്ഷണ ഓട്ടം. ഇത് വിജയകരമായിരുന്നു. മഹാരാജാസ‌് കോളേജ‌് മുതൽ തൈക്കൂടംവരെയുള്ള പാതയാണ് രണ്ടാംഘട്ടമെങ്കിലും 1.5 കി.മി ദൂരമായിരുന്നു പരീക്ഷണ ഓട്ടം നടത്തിയത്. ക്യാന്‍ഡി ലിവര്‍ പാലത്തിലാണ് പരീക്ഷണ ഓട്ടം നടന്നത്.

അന്നേദിവസം രാവിലെ 7.30ഓടെ മണിക്കൂറില്‍ വെറും 5.കിമി വേഗത്തിലാണ് ട്രെയിന്‍ പരീക്ഷണ ഓട്ടം ആരംഭിച്ചത്. മഹാരാജാസില്‍ നിന്നും ആരംഭിച്ച ട്രയല്‍ റണ്‍ യാത്ര സൗത്ത് റെയിൽവേ സ്റ്റേഷന്‍ ഭാഗത്തേക്കാണ് ആദ്യം പുറപ്പെട്ടത്. തുടര്‍ന്ന് കടവന്ത്രയിലെത്തി തിരികെ മഹാരാജാസ് സ്റ്റേഷനിലെത്തി.

മുന്നറിയിപ്പുകളൊന്നും ഇല്ലാതിരുന്നതിനാൽ തന്നെ പരീക്ഷണ ഓട്ടത്തിന് സാക്ഷ്യം വഹിക്കാന്‍ ജനങ്ങളൊന്നും തന്നെ എത്തിയിരുന്നില്ല. മുമ്പ് നടന്ന പരീക്ഷണ ഓട്ടങ്ങള്‍ കാണാന്‍ നിരവധി പേര്‍ എത്തിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.