കൊച്ചി: പാലാരിവട്ടം മുതൽ മഹാരാജാസ് ഗ്രൗണ്ട് വരെയുള്ള കൊച്ചി മെട്രോ സർവീസിന് നാളെ തുടക്കമാകും. ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിന് സമീപം മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര മന്ത്രി ഹർദീപ് സിങ് പുരിയും ചേർന്ന് ഉദ്ഘാടനം നിർവഹിക്കും.
ഇരുവരും മെട്രോയിൽ യാത്ര ചെയ്ത ശേഷം എറണാകുളം ടൗൺ ഹാളിൽ ഉദ്ഘാടന ചടങ്ങ് നടക്കും. പുതിയ സർവീസിന്റെ ആദ്യ ദിവസത്തെ യാത്രക്കാർക്ക് അവരുടെ തന്നെ കാരിക്കേച്ചർ സമ്മാനമായി നൽകാനും കെഎംആർഎല്ലിന് താത്പര്യമുണ്ട്.
പാലാരിവട്ടത്ത് നിന്നും മഹാരാജാസ് ഗ്രൗണ്ട് വരെയുള്ള അഞ്ച് കിലോമീറ്റർ ദൂരം യാത്ര ചെയ്യുന്നതിന് 20 രൂപയാണ് ടിക്കറ്റ് നിരക്ക്. ആലുവയിൽ നിന്ന് മഹാരാജാസ് വരെയുള്ള ദൂരം 50 രൂപയാക്കി പുനഃക്രമീകരിച്ചിട്ടുണ്ട്.
അണ്ടർ 17 ലോകകപ്പ് മത്സരം നടക്കും മുൻപ് തന്നെ കൊച്ചി മെട്രോ നഗരഹൃദയത്തിലേക്ക് ഓടിയെത്തുമെന്ന വാഗ്‌ദാനം ഇതോടെ പാലിക്കപ്പെടും. ഇതോടെ മെട്രോ കൂടുതൽ പേർ ഉപയോഗിക്കുമെന്ന പ്രതീക്ഷയിലാണ് കെഎംആർഎൽ.