കൊച്ചി: കൊച്ചി മെട്രോയുടെ പാലാരിവട്ടം മുതൽ മഹാരാജാസ് വരെയുള്ള രണ്ടാം ഘട്ടത്തിന് അനുമതി. ബാംഗ്ലൂര്‍ ഉപകേന്ദ്രത്തില്‍ നിന്നുള്ള മെട്രോ റെയില്‍ സുരക്ഷാ കമ്മീഷണര്‍(സിഎംആര്‍എസ്) കെ എ മനോഹരന്റെ നേതൃത്വത്തില്‍ രണ്ടു ദിവസമായി നടന്ന പരിശോധനയുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പാലാരിവട്ടം മുതല്‍ മഹാരാജാസ് കോളജ് വരെ മെട്രോ ഓടുന്ന കാര്യത്തില്‍ അനുമതി ലഭിച്ചത്.
രണ്ടാം റീച്ചിലെ സൗകര്യങ്ങളില്‍ സുരക്ഷാ കമ്മീഷണര്‍ സംതൃപ്തി പ്രകടിപ്പിച്ചിട്ടുള്ള സാഹചര്യ ത്തിലാണ് അനുകൂല റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ട്രെയിനിലേയും ട്രാക്കിലേയും പരിശോധനകളാണ് പ്രധാനമായി നടന്നത്. മട്ടം യാര്‍ഡിലെ സംവിധാനങ്ങളും പരിശോധനാ വിധേയമാക്കി. ശ്രദ്ധയില്‍പ്പെട്ട ചെറിയ പോരായ്മകള്‍ എത്രയും വേഗം പരിഹരിക്കാന്‍ കമ്മീഷണര്‍ മെട്രോ അധികൃതര്‍ക്കു നിര്‍ദേശം നല്കി.
ഇതോടെ അടുത്ത മാസം മുന്നിന് പാലാരിവട്ടത്തുനിന്നു മഹാരാജാസ് ഗ്രൗണ്ട് സ്റ്റേഷനിലേക്ക് മെട്രോ ഓടിത്തുടങ്ങും. രണ്ട് ദിവസമായി നടന്ന പരിശോധനയില്‍ ആദ്യദിനം മെട്രോ സ്റ്റേഷനുകളിലെയും യാത്രക്കാര്‍ക്ക് ഏര്പ്പെടുത്തിയിട്ടുള്ളതുമായി സൗകര്യങ്ങളാണ് പ്രധാനമായും വിലയിരുത്തിയത്.
സ്റ്റേഷനിലേക്കും പുറത്തേക്കും കടക്കുന്നതിനുള്ള സൗകര്യങ്ങള്‍, ദിശാഫലകങ്ങള്‍, ലിഫ്റ്റും എസ്കലേറ്ററും അടങ്ങുന്ന സൗകര്യങ്ങള്‍, സുരക്ഷാ സംവിധാനങ്ങള്‍, സാങ്കേതിക സംവിധാനങ്ങള്‍, കണ്ട്രോള് റൂം, പ്ലാറ്റ്ഫോമിലെ സൗകര്യങ്ങള്‍ എന്നിവ സംഘം വിശദമായി പരിശോധിച്ചു വിലയിരുത്തി. മെട്രോയുടെ എറ്റവും വലിയ സ്റ്റേഷനായ കലൂര്‍ സ്റ്റേഡിയം സ്റ്റേഷനില്‍ ആറുമണിക്കൂറിലേറെ സമയമെടുത്താണു പരിശോധനകള്‍ പൂര്‍ത്തിയാക്കിയത്. തുടര്‍ന്നു മറ്റു സ്റ്റേഷനുകളിലെ സൗകര്യങ്ങള്‍ സംഘം വിലയിരുത്തി.