/indian-express-malayalam/media/media_files/uploads/2021/09/kochi-metro-trains.jpg)
ഫൊട്ടോ കടപ്പാട്: കെഎംആർഎൽ
കൊച്ചി: കൊച്ചി മേട്രോ ട്രെയിനുകൾ ഇനി അറിയപ്പെടുക നദികളുടെ പേരുകളിലും കാറ്റിന്റെ പര്യായ പദങ്ങളിലും. ഇന്ത്യൻ റെയിൽവേക്ക് കീഴിലുള്ള റെഗുലർ ട്രെയിനുകൾക്ക് പേര് നൽകുന്ന മാതൃകയിലാണ് മെട്രോ ട്രെയിനുകൾക്കും പേര് നൽകിയിരിക്കുന്നത്. 25 ട്രെയിനുകൾക്കും പേരുകളായി.
ഗംഗ, യമുന, ബ്രഹ്മപുത്ര, പമ്പ, പെരിയാർ, ഭാരതപ്പുഴ, ശിരിയ, മാഹി, മന്ദാകിനി, വൈഗ തുടങ്ങി രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലെയും സംസ്ഥാനത്തെയും പ്രമുഖ നദികളുടെ പേരുകളാണ് ഏറെക്കുറെയും നൽകിയിരിക്കുന്നത്. ഇതോടൊപ്പം, കാറ്റിന്റെ പര്യായ പദങ്ങളായ വായു, മാരുത് എന്നിവയും ട്രെയിനുകളുടെ പേരുകളായി.
ഇന്ത്യയിൽ ആദ്യമായാണ് ഒരു മെട്രോ സർവീസിന് കീഴിലുള്ള ട്രെയിനുകൾക്ക് പേര് നൽകുന്നതെന്ന് കൊച്ചി മെട്രോ അറിയിച്ചു.ഇന്ത്യൻ സംസ്കാരവുമായി ചേർന്നുനിൽക്കുന്ന പേരുകളാണ് മെട്രോയ്ക്ക് നൽകിയിരിക്കുന്നതെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു. പമ്പ എന്ന് പേരിട്ട ഒരു മെട്രോ ട്രെയിനിന്റെ ചിത്രവും ഫെയ്സ്ബുക്ക് പോസ്റ്റിനൊപ്പം നൽകിയിട്ടുണ്ട്.
ഗാന്ധിജയന്തി ദിനത്തിൽ എല്ലാ യാത്രക്കാർക്കും ട്രെയിൻ നിരക്കിന്റെ 50 ശതമാനം ഇളവ് നൽകാനും കെഎംആർഎൽ തീരുമാനിച്ചു. കൊച്ചി വൺ കാർഡ് ഉടമകൾക്കും (ട്രിപ്പ് പാസ്) അവരുടെ കാർഡിലെ തുകയിലെ വ്യത്യാസത്തിന്റെ ക്യാഷ് ബാക്ക് ലഭിക്കും. മാനസിക വെല്ലുവിളി നേരിടുന്ന യാത്രക്കാർക്ക് സൗജന്യ ടിക്കറ്റും ഒപ്പമുള്ള ഒരാൾക്ക് ടിക്കറ്റിൽ 50 ശതമാനം ഇളവും നൽകുന്ന പദ്ധതി ഒക്ടോബർ രണ്ട് മുതൽ പ്രാബല്യത്തിൽ വരും.
ശനി, ഞായർ ദിവസങ്ങളിൽ മെട്രോയുടെ സമയം മാറ്റുന്നതിന് തീരുമാനിച്ചതായും കെഎംആർഎൽ അറിയിച്ചു. ശനിയാഴ്ചകളിൽ യാത്രക്കാർ കൂടുന്നതുകൊണ്ടും വാരാന്ത്യ ലോക്ക്ഡൗൺ പിൻവലിച്ചതിന് ശേഷം ഞായറാഴ്ചകളിൽ യാത്രക്കാരുടെ എണ്ണം വർദ്ധിച്ചതു കൊണ്ടുമാണ് സമയം മാറ്റുന്നതെന്ന് കെഎംആർഎൽ വ്യക്തമാക്കി.
പുതുക്കിയ ടൈംടേബിൾ അനുസരിച്ചുള്ള ട്രെയിൻ സമയം
- പ്രവർത്തി ദിവസങ്ങളിലെപോലെ ശനിയാഴ്ചകളിൽ, തിരക്കുള്ള സമയത്ത് 08 മിനിറ്റ് 15 സെക്കന്റും നോൺ-പീക്ക് സമയത്ത് 10 മിനിറ്റിന്റെ ഇടവേളകളിലുമായിരിക്കും ട്രെയിൻ സർവീസ്.
- ഞായറാഴ്ചകളിൽ, നിലവിലുള്ള 15 മിനിറ്റ് ഇടവേളക്ക് പകരം 10 മിനിറ്റ് ഇടവേള ആയിരിക്കും.
സാമൂഹിക അകലം പാലിക്കുന്നതിനായി യാത്രക്കാരുടെ എണ്ണത്തിലുള്ള വർദ്ധനവ് പരിഹരിക്കുന്നതിന് കൂടുതൽ ട്രെയിനുകൾ സ്റ്റാൻഡ്‌ബൈ ആയി സൂക്ഷിക്കുമെന്നും കെഎംആർഎൽ അറിയിച്ചു.
പെരുമ്പാമ്പിനെ പിടികൂടിയ പോലീസ് ഉദ്യോഗസ്ഥന് അഭിനന്ദനം
അതിനിടെ, ജെഎൽഎൻ സ്റ്റേഡിയം മെട്രോ സ്റ്റേഷന് മുൻപിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടിയ ട്രാഫിക് ഈസ്റ് പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ പിജെ സുനിലിന് കൊച്ചി മെട്രോ അഭിനന്ദനമറിയിച്ചു. പൊലീസ് ഉദ്യോഗസ്ഥന് കെഎംആർഎൽ മാനേജിങ് ഡയറക്ടർ ലോക്നാഥ് ബെഹ്‌റ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകി.
പൊലീസ് ഉദ്യോഗസ്ഥന്റെ സമയോചിതമായ ഇടപെടൽ മൂലം യാത്രക്കാരുടേയും മറ്റു ആളുകളുടെയും പരിഭ്രാന്തി ഒഴിവാക്കാൻ കഴിഞ്ഞുവെന്ന് കൊച്ചി മെട്രോ അധികൃതർ വാർത്താക്കുറിപ്പിൽ പറഞ്ഞു.
Also Read: ഡ്രൈവിങ് ലൈസൻസിന്റെയുംവാഹന രജിസ്ട്രേഷന്റെയും കാലാവധി നീട്ടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.