കൊച്ചി: മെയ് 29 മുതൽ ജൂൺ 3 വരെ പ്രധാനമന്ത്രി ഇന്ത്യയിൽ ഇല്ലെന്നറിഞ്ഞുകൊണ്ടാണ് സംസ്ഥാനസർക്കാർ മെട്രോയുടെ ഉദ്ഘാടനം മെയ് 30ന് തീരുമാനിച്ചതെന്ന് കെ സുരേന്ദ്രന്‍. പ്രധാനമന്ത്രി നടത്തുന്ന വിദേശപര്യടനത്തിന്റെ തീയതി ഏപ്രിൽ 19 നുതന്നെ വിദേശകാര്യമന്ത്രാലയം പുറത്തുവിട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.

“മെയ് 29 മുതൽ ജൂൺ 3 വരെ പ്രധാനമന്ത്രി ഇന്ത്യയിൽ ഇല്ലെന്നറിഞ്ഞുകൊണ്ടാണ് സംസ്ഥാനസർക്കാർ മെട്രോയുടെ ഉദ്ഘാടനം തീരുമാനിക്കുന്നത്. തികഞ്ഞ അൽപ്പത്തമാണ് കേരളസർക്കാർ കാണിക്കുന്നത്. പ്രധാനമന്ത്രിയെ അപമാനിക്കാൻ കരുതിക്കൂട്ടി നടത്തിയ നീക്കമാണിത്. ഇതുകൊണ്ട് കേരളത്തിന് ഗുണമൊന്നും ഉണ്ടാവില്ലെന്ന് മാത്രമല്ല ദോഷമേ ഉണ്ടാവുകയുള്ളുവെന്നും സുരേന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി. ഇത്തരം വിലകുറഞ്ഞ രാഷ്ട്രീയം ആരും കളിക്കരുതെന്നും ടീം ഇന്ത്യ എന്ന സ്പിരിററിലാണ് കേന്ദ്രം പ്രവർത്തിക്കുന്നതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

ഈ മാസം 30 ന് കൊച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങ് നടക്കുമെന്നാണ് മന്ത്രി കടകംപളളി സുരേന്ദ്രൻ പ്രഖ്യാപിച്ചത്. ആലുവ മുതൽ പാലാരിവട്ടം വരെയാണ് ആദ്യ ഘട്ടത്തിൽ സർവീസ് ആരംഭിക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. ആദ്യ സ്റ്റേഷനായ ആലുവയിൽ വച്ചാണ് മെട്രോയുടെ ഉദ്ഘാടനം നടക്കുക.

മന്ത്രിസഭയുടെ ഒന്നാം വാർഷികാഘോഷത്തോട് അനുബന്ധിച്ച് 30ന് ഉദ്ഘാടനം നടത്തണമെന്ന നിർദേശം കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ യോഗത്തിൽ​ ഉണ്ടായിരിന്നു. മൂന്നുകോച്ചുളള ആറു ട്രെയിനാകും തുടക്കത്തില്‍ സര്‍വീസ് നടത്തുക. രാവിലെ ആറുമുതല്‍ രാത്രി പതിനൊന്നുവരെ പത്ത് മിനിറ്റ് ഇടവിട്ടാകും സര്‍വീസ്. തിരക്ക് കുറവുളള സമയങ്ങളില്‍ ഈ ഇടവേള ദീര്‍ഘിപ്പിക്കുന്നതും പരിഗണനയിലുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ