കൊച്ചി: വികസന പ്രവർത്തനങ്ങൾ നാടിന്റെയും രാജ്യത്തിന്റെയും വികസനത്തിന് ആവശ്യമായതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരത്തിലുള്ള പദ്ധതികൾക്ക് വിഷമതകൾ സഹിക്കുന്നവർക്ക് പരമാവധി പുനരധിവാസവും നഷ്ടപരിഹാരവും സർക്കാർ നൽകും. വിമർശനങ്ങൾ പിന്നെയും തുടർന്നാൽ വികസന പദ്ധതികളുമായി വിട്ടുവീഴ്ചയില്ലാതെ സർക്കാർ മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

നവകേരള സൃഷ്ടി നാടിന്റെ ആവശ്യമാണെന്നും അത് ഏതെങ്കിലും പക്ഷത്തിന്റെ മാത്രം ആവശ്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രവും സംസ്ഥാനവും യോജിച്ച് പൂർത്തിയാക്കിയ മെട്രോയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കണമെന്ന് സർക്കാർ നേരത്തേ മുതലേ ആഗ്രഹിച്ചിരുന്നുവെന്ന് പറഞ്ഞ മുഖ്യമന്ത്രി കൊച്ചി മെട്രോ രാജ്യത്തിന്റെയാകെ നേട്ടമാണെന്നും പറഞ്ഞു.

ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചവർക്ക് നിരാശയാണ് ഉണ്ടായിരിക്കുന്നത്. കേന്ദ്രവും സംസ്ഥാനവും ഈ കാര്യത്തിൽ യോജിച്ച് നീങ്ങി. പദ്ധതി പൂർണ്ണതയിലെത്തിച്ചത് രാജ്യത്തിന്റെയാകെ പരിശ്രമത്തിന്റെ ഫലം. നിർമ്മാണത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ മുഖ്യ പങ്കാളികളായത് മറക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊച്ചി മെട്രോയുടെ കാര്യത്തിൽ കാര്യത്തിൽ ഇ.ശ്രീധരന്റെ പങ്ക് ആർക്കും മറക്കാനാവുന്നതല്ല. കൊച്ചി മെട്രോയുടെ ഉദ്ഘാടനം ചെയ്ത ഭാഗം ഇന്ത്യയിൽ ഏറ്റവും വേഗം പണികഴിപ്പിച്ച മെട്രോയാണ്. വികസന കാര്യങ്ങളിൽ കേരളത്തിന് ഒരുപാട് മുന്നേറാനുണ്ട്. ഒഒട്ടേറെ കാര്യങ്ങളിൽ കേന്ദ്രവും സംസ്ഥാനവും യോജിച്ച് മുന്നോട്ട് പോകേണ്ടതുണ്ട്. വികസനം എന്നത് കേന്ദ്രം ആവർത്തിച്ച് പറയുന്നുണ്ട്. ആ കാര്യത്തിൽ വേണ്ടത്ര വിഭവശേഷിയില്ലാത്ത കേരളത്തിന് കേന്ദ്രം പിന്തുണ നൽകണം.

എല്ലാ ഘട്ടത്തിലും കേരളത്തിന് പിന്തുണ നൽകണം. ആദ്യമായാണ് സ്മാർട് കാർഡ് കൊച്ചി മെട്രോയുടെ ഭാഗമായി അവതരിപ്പിക്കുന്നത്. കൊച്ചി വൺ മൊബൈൽ ആപ്പിനും ഇന്ന് തുടക്കം കുറിക്കുന്നു. ലോകത്താകമാനമുള്ള നിക്ഷേപകർക്ക് നല്ലൊരു സന്ദേശം കൊച്ചി മെട്രോ നൽകുന്നു. ഏത് വികസന പ്രവർത്തനവും സമയബന്ധിതമായി പൂർത്തിയാക്കാനാവുമെന്ന് കേരളം തെളിയിച്ചു.

സംസ്ഥാനത്തെ വിവിധ പാതകളുടെ വികസനവുമായി ബന്ധപ്പെട്ട് പ്രകൃതിക്ക് ആഘാതമുണ്ടാക്കുന്ന പദ്ധതികളെ പിന്തുണയ്ക്കില്ല. ആറന്മുള പദ്ധതിയെ എതിർത്തത് ഇക്കാര്യത്തിലാണ്. ദേശീയ ജലപാത സഞ്ചാരയോഗ്യമാക്കാനുള്ള തീവ്രമായ ശ്രമം സമയബന്ധിതമായി ഇത് പൂർത്തിയാക്കും. ഇന്ത്യയിലെ തന്നെ ആദ്യത്തെ സോളാർ ബോട്ട് കേരളത്തിൽ പ്രവർത്തിപ്പിച്ചു. ഇത് പ്രകൃതിയോടും സുസ്ഥിര വികസനത്തോടുമുള്ള സർക്കാരിന്റെ പ്രതിബദ്ധത തെളിയിക്കുന്നു.

കൊച്ചി മെട്രോയുടെ വികസനത്തിന് ഇതര സംസ്ഥാന തൊഴിലാളികൾ നൽകുന്ന പിന്തുണയെ സർക്കാർ നന്ദിയോടെ സ്മരിക്കുന്നു. ഒരു ദിവസം ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഒരു ദിവസം സൗജന്യ യാത്ര നൽകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ