കൊച്ചി: തൈക്കൂടം വരെ യാത്ര നീട്ടിയതിന് പിന്നാലെ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവുമായി കൊച്ചി മെട്രോ. വ്യാഴാഴ്ച മാത്രം ഒരു ലക്ഷത്തിലധികം യാത്രക്കാരാണ് മെട്രോയിലൂടെ സഞ്ചരിച്ചത്. മെട്രോ കമ്മീഷൻ ചെയ്തതിന് ശേഷം ഇതാദ്യമായാണ് ഇത്രയും യാത്രക്കാർ മെട്രോ ഉപയോഗിക്കുന്നത്. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ തന്നെ മെട്രോ പുതിയ റെക്കോർഡ് സ്വന്തമാക്കിയിരുന്നു.

Also Read: കൊച്ചി മെട്രോ കൂടുതൽ ദൂരത്തേക്ക്; മഹാരാജാസ്-തൈക്കൂടം പാത മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

മഹാരാജാസ് മുതൽ തൈക്കൂടം വരെ സർവീസ് നീട്ടിയതിന് ശേഷം ഇതുവരെ മെട്രോയിൽ യാത്ര ചെയ്തത് 6.7 ലക്ഷം ആളുകളാണ്. സെപ്റ്റംബർ മൂന്ന് മുതലാണ് മെട്രോ സർവീസ് മഹാരാജാസിൽ നിന്നും തൈക്കൂടം വരെ നീട്ടിയത്. സെപ്റ്റംബർ ഏഴാം തീയതിയാണ് ഇതിന് മുമ്പ് ഏറ്റവും അധികം ആളുകൾ മെട്രോ ഉപയോഗിച്ചത്, 99680 പേർ. ഇതിന് മുമ്പ് മെട്രോ ഉദ്ഘാടനം ചെയ്ത ശേഷമുള്ള ആദ്യ ഞായറാഴ്ചയാണ് ഏറ്റവും കൂടുതൽ ആളുകൾ മെട്രോ ഉപയോഗിച്ചത്. അന്ന് 98310 ആളുകളാണ് മെട്രോ ഉപയോഗിച്ചത്. ഈ റെക്കോർഡാണ് ഇപ്പോൾ മറികടന്നിരിക്കുന്നത്. മെട്രോ സർവീസ് നീട്ടിയ കഴിഞ്ഞ മൂന്നാം തീയതി മുതൽ മെട്രോയിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം എഴുപതിനായിരത്തിന് മുകളിലാണ്.

ഓണത്തോട് അനുബന്ധിച്ച് യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഈ ദിവസങ്ങളിൽ മെട്രോ ഒരു മണിക്കൂർ അധിക സർവീസും നടത്തിയിരുന്നു. സാധാരണ ദിവസങ്ങളിൽ രാവിലെ ആറ് മുതൽ രാത്രി പത്ത് മണി വരെയാണ് മെട്രോയുടെ പ്രവർത്തനം. സെപ്റ്റംബർ 10 മുതൽ 12 വരെയുള്ള ദിവസങ്ങളിൽ രാത്രി 11 മണി വരെ മെട്രോ സർവീസ് നടത്തിയിരുന്നു.

Also Read: മെട്രോയും ലുലുമാളും കാണാൻ കാസർഗോഡ് നിന്നും ഒളിച്ചോടി വന്ന എട്ടാം ക്ലാസുകാർ പിടിയിൽ

ഓണത്തിന്റെ തിരക്കിന് പുറമെ കൊച്ചി ഗനഗരത്തിലെ ഗതാഗത കുരുക്കും ആളുകളെ മെട്രോ ഉപയോഗിക്കുന്നതിന് പ്രേരകമായി. ഗതാഗത കുരുക്ക് രൂക്ഷമായ വൈറ്റില ഭാഗത്തേക്ക് കൂടുതൽ ആളുകൾ മെട്രോ ഉപയോഗിക്കാൻ ആരംഭിച്ചു. ഇതിന് പുറമെ തൈക്കൂടം റൂട്ടിലേക്ക് സർവീസ് നീട്ടിയതിന്റെ ഭാഗമായി നിശ്ചിത ദിവസത്തേക്ക് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചതും ആളുകളെ മെട്രോയിലേക്ക് ആകർഷിക്കുന്നുണ്ട്. ഈ മാസം 18 വരെയാണ് മെട്രോ നിരക്കുകള്‍ പകുതിയായി കുറച്ചിരിക്കുന്നത്.

5600 കോടി രൂപയാണ് ഇതുവരെയുള്ള കൊച്ചി മെട്രോയുടെ നിർമാണ ചെലവ്. പുതിയ അഞ്ച് സ്റ്റേഷനുകൾ ഉൾപ്പടെ ആകെ ഇരുപത്തിയൊന്ന് സ്റ്റേഷനുകളാണ് മെട്രോയിലുള്ളത്. ആലുവ മുതൽ തൈക്കൂടം വരെ ആകെ ദൂരം 23.81 കിലോമീറ്ററും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.