/indian-express-malayalam/media/media_files/uploads/2017/05/kochi-metro4.jpg)
ആകാശദൂരത്തിൽ ഒന്നിന് പുറകേ ഒന്നായി കളക്ഷൻ റെക്കോഡ് തിരുത്തിക്കുറിക്കുകയാണ് കൊച്ചി മെട്രോ. ഓട്ടം ആരംഭിച്ച് ഒരാഴ്ച പിന്നിട്ടപ്പോൾ രണ്ടാം തവണയാണ് കളക്ഷൻ റെക്കോഡ് മെട്രോ തിരുത്തിയത്. ചെറിയ പെരുന്നാൾ ദിവസമായ തിങ്കളാഴ്ച ജനകീയമായി യാത്ര നടത്തിയ മെട്രോ നേടിയത് 34 ലക്ഷം രൂപ. ഇതോടെ ആദ്യ ആഴ്ചത്തെ കളക്ഷനിൽ ഇന്ത്യയിലെ മറ്റെല്ലാ മെട്രോകളെയും മറികടന്നിരിക്കുകയാണ് കൊച്ചി മെട്രോ.
ഒരാഴ്ച കൊണ്ട് 5.3 ലക്ഷം പേർ യാത്ര ചെയ്ത കൊച്ചി മെട്രോ ഇതിനിടെ നേടിയത് 1.77 കോടി രൂപയാണ്. ഇത് ഇന്ത്യയിലെ മറ്റേത് മെട്രോയേക്കാളും ഉയർന്ന കളക്ഷനാണ്. ആദ്യ ആഴ്ചത്തെ സർവ്വീസിൽ ഇന്ത്യയിൽ മറ്റൊരു മെട്രോയും ഇത്രയും രൂപ കളക്ഷൻ നേടിയിട്ടില്ല.
5,30,713 പേരാണ് ഈ ഒരാഴ്ചയ്ക്കിടെ കൊച്ചി മെട്രോയിൽ യാത്ര ചെയ്തത്. ആകെ കളക്ഷനായി ലഭിച്ചത് 1,77,54,002 രൂപയും. ഇന്നലെ മാത്രം 98,713 പേർ കൊച്ചി മെട്രോയിൽ യാത്ര ചെയ്തു. ഇതിൽ നിന്ന് 34,13,752 രൂപയാണ് കൊച്ചി മെട്രോയുടെ അക്കൗണ്ടിലേക്ക് എത്തിയത്. ഓരോ മിനുട്ട് ഇടവെട്ടുളള 219 സര്‍വീസുകള്‍ രാത്രി 10 മണി വരെ നീണ്ടു നില്‍ക്കും.
"കനത്ത മഴയെ അവഗണിച്ചും എല്ലാ വൈകുന്നേരങ്ങളിലും ഞങ്ങൾക്ക് ഒരുപാടധികം യാത്രക്കാരുണ്ടായിരുന്നു. യാത്രക്കാരല്ലാം ഉയർന്ന മാന്യത യാത്രയിലുടനീളം പുലർത്തുകയും മെട്രോ സൗകര്യങ്ങളോട് വളരെയധികം സഹകരിക്കുകയും ചെയ്തു. എല്ലാ യാത്രക്കാരോടും ഈ അവസരത്തിൽ നന്ദി പറയുന്നു"വെന്ന് കൊച്ചി മെട്രോ റയിൽ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ഏലിയാസ് ജോർജ് പറഞ്ഞു.
ഒരാഴ്ചക്കിടെ ഒരു ദിവസം ശരാശരി 66,340 പേർ യാത്ര ചെയ്തതായിട്ടാണ് കെഎംആർഎൽ അറിയിച്ചിരിക്കുന്നത്. ഇതിന് പുറമേ ശരാശരി വരുമാനം 22,19,250 രൂപയുമാണ്. കേരളത്തിന്റെ അഭിമാന പദ്ധതിയായ കൊച്ചി മെട്രോയ്ക്ക് ആദ്യ ദിവസം തന്നെ വൻ ജനപിന്തുണയായിരുന്നു ലഭിച്ചത്. 20,42,740 രൂപയാണ് ആദ്യ ദിവസം മെട്രോ നേടിയത്.
രാവിലെ 6 മണി മുതൽ വൈകിട്ട് 7 മണി വരെയുള്ള വരുമാനമാണ് 20 ലക്ഷം രൂപ കഴിഞ്ഞത്. ഈ സമയത്തിനിടെ 62,320 പേരാണ് മെട്രോ ട്രയിനിൽ യാത്ര ചെയ്തത്. ദിവസം പൂർത്തിയാകാൻ മൂന്ന് മണിക്കൂറുകൾ പിന്നെയും ബാക്കി നിൽക്കുമ്പോഴാണ് കളക്ഷൻ 20 ലക്ഷം തൊട്ടത്. ഉദ്ഘാടന ദിവസം രാവിലെ 5.15ഓടെ തന്നെ യാത്രക്കാര്‍ ടിക്കറ്റിനായി നിരത്ത് കവിഞ്ഞൊഴുകിയെങ്കിലും 5.50ഓടെയാണ് ടിക്കറ്റ് നല്‍കിത്തുടങ്ങിയത്.
എന്നാൽ ഈ കളക്ഷൻ റെക്കോഡ് മറികടന്നാണ് ആദ്യ ഞായറാഴ്ച കൊച്ചി മെട്രോ 30 ലക്ഷം വരുമാനം നേടിയത്. ഞായറാഴ്ച രാവിലെ ആറ് മണി മുതൽ എട്ട് മണി വരെയുള്ള കളക്ഷൻ രേഖകൾ പ്രകാരം 85474 പേരാണ് മെട്രോയിൽ യാത്ര ചെയ്തതത്. 30,91,236 ലക്ഷം രൂപയാണ് ഞായറാഴ്ച നേടിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.