/indian-express-malayalam/media/media_files/uploads/2018/03/Auto.jpg)
കൊച്ചി: കാക്കി വേഷത്തിൽ അവരെ കണ്ടില്ലെങ്കിൽ ഇനി അമ്പരക്കേണ്ട. കൊച്ചിയിലെ പുതിയ യൂനിഫോമാണത്. മെട്രോയുമായി ചേർന്ന് ഫീഡർ സർവ്വീസ് നടത്തുന്ന ഓട്ടോ ഡ്രൈവർമാർക്കാണ് പുതിയ യൂനിഫോം നടപ്പാക്കുന്നത്. കറുത്ത നിറത്തിലുളള പാന്റും നീല, ചാര നിറങ്ങൾ ചേർന്ന ടീഷർട്ടുമാണ് വേഷം.
യൂനിഫോമിന് പുറമേ പേരും മറ്റു വിവരങ്ങളും വ്യക്തമാക്കുന്ന പ്രത്യേകം രൂപകല്‍പ്പന ചെയ്ത ബാഡ്ജും ഡ്രൈവര്‍മാര്‍ ധരിക്കണം. ഇവയൊക്കെ ആദ്യഘട്ടത്തിൽ കെഎംആർഎൽ ഡ്രൈവർമാർക്ക് നൽകും. യൂണിയൻ ഭാരവാഹികളുമായി മെട്രോ അധികൃതർ നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം.
കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡും കിലയും ചേർന്ന് കൊച്ചിയിലെ മുന്നൂറിലധികം ഓട്ടോ ഡ്രൈവർമാരെ പ്രത്യേകം പരിശീലിപ്പിച്ചിരുന്നു. റോഡ് സുരക്ഷ, സ്വഭാവരൂപീകരണം എന്നീ വിഷയങ്ങളിലായിരുന്നു പരിശീലനം. ഓട്ടോയാത്രയുടെ സ്വഭാവത്തിലും സംസ്‌കാരത്തിലും മാറ്റം വരുത്തി മാതൃകാ ഡ്രൈവര്‍മാരാക്കുകയെന്ന ലക്ഷ്യമാണ് ഈ സംരംഭത്തിനുള്ളത്.
ഫീഡര്‍ ഓട്ടോറിക്ഷകള്‍ സര്‍ക്കാര്‍ അംഗീകൃത നിരക്കിലാണ് ഓടുകയെന്ന് ഡപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ കെ. അജിത്കുമാര്‍ പറഞ്ഞു. ഷെയർ ഓട്ടോ ആശയത്തിലാവും ഇവ പ്രവർത്തിക്കുക. ഒരാള്‍ മാത്രമായി ഉപയോഗിക്കുമ്പോള്‍ മുഴുവന്‍ നിരക്കും ഈടാക്കും. രണ്ടോ മൂന്നോ പേര്‍ യാത്ര ചെയ്യുമ്പോള്‍ ഒരാള്‍ അതനുസരിച്ചുള്ള ഭാഗിക നിരക്ക് നല്‍കിയാല്‍ മതിയാകും.
ഓട്ടോറിക്ഷകളുടെ പ്രവര്‍ത്തനച്ചെലവ് കുറയ്ക്കുന്നതിനുള്ള വിവിധ പദ്ധതികള്‍ക്കും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് രൂപം നല്‍കിയിട്ടുണ്ട്. ഫീഡര്‍ റൂട്ടുകള്‍ നിശ്ചയിക്കുക, വിവരങ്ങള്‍ യാത്രക്കാര്‍ക്ക് ലഭ്യമാക്കുക തുടങ്ങിയ നടപടികളും കെ.എം.ആര്‍.എല്‍ ആരംഭിച്ചിട്ടുണ്ട്. വിശാലകൊച്ചി മേഖലയിലെ 15000 ഓട്ടോറിക്ഷകളെയും ഒരൊറ്റ സംവിധാനത്തിന് കീഴിലാക്കുന്നത് ലക്ഷ്യമിടുന്ന സഹകരണസംഘം രൂപീകരണം അന്തിമഘട്ടത്തിലാണ്.
/indian-express-malayalam/media/media_files/uploads/2018/03/Uniform-Auto-Metro-Kochi.jpg)
ഫീഡര്‍ ഓട്ടോറിക്ഷകളുടെ ഡ്രൈവര്‍മാര്‍ക്ക് പുതിയ യൂണിഫോം അനുവദിച്ച് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ കെ. പത്മകുമാറാണ് ഉത്തരവിട്ടത്. ജില്ലാ ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് യൂണിയന്‍ കോ ഓഡിനേഷന്‍ കമ്മിറ്റിയുടെ ആവശ്യപ്രകാരമാണ് പ്രത്യേക യൂണിഫോം. തുടക്കത്തില്‍ കൊച്ചി മെട്രോയുടെ അനുബന്ധ സര്‍വ്വീസായും ഭാവിയില്‍ ബസ്സുകള്‍ക്കുള്ള അനുബന്ധ സര്‍വ്വീസായും ഫീഡര്‍ ഓട്ടോ പ്രവര്‍ത്തിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.