കൊച്ചി: മെട്രോ നഗരത്തിൽ ഡീസൽ, സിഎൻജി ഓട്ടോറിക്ഷകൾക്ക് പുറമെ ഇനി ഇലക്ട്രിക് ഓട്ടോകളും. കൊച്ചി മെട്രോ സർവ്വീസിന്റെ ഫീഡർ സർവ്വീസുകളായി ഇലക്ട്രിക് ഓട്ടോകൾ സർവ്വീസ് നടത്തും. കൊച്ചി മെട്രോ എംഡി എപിഎം മുഹമ്മദ് ഹനീഷ് കൊച്ചിയിൽ നടന്ന ചടങ്ങിൽ ഓട്ടോ റിക്ഷകൾ ഫ്ലാഗ് ഓഫ് ചെയ്തു.

ഒരു തവണ ചാർജ്ജ് ചെയ്താൽ 70 കിലോമീറ്റർ വരെ ഓടാൻ സാധിക്കുന്ന ഓട്ടോറിക്ഷകളാണിത്. കൈനറ്റിക് ഗ്രീൻ എനർജി ആന്റ് പവർ സൊല്യുഷൻസാണ് ഓട്ടോറിക്ഷകളുടെ വിതരണക്കാർ. എറണാകുളം ഓട്ടോറിക്ഷാ ഡ്രൈവേർസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് ഇ-ഓട്ടോ സർവ്വീസ് നടത്തുന്നത്. കൊച്ചിയിലെ ആറ് ഓട്ടോ റിക്ഷാ തൊഴിലാളി യൂണിയനുകളുടെ സംയുക്ത കൂട്ടായ്മയാണിത്. സിഐടിയു, ഐഎൻടിയുസി, എഐടിയുസി, ടിയുസിഐ,എസ്‌ടിയു,ബിഎംഎസ് എന്നീ ട്രേഡ് യൂണിയനുകളിലെ പ്രവർത്തകരാണ് ഈ സൊസൈറ്റിയിൽ അംഗങ്ങളായിട്ടുളളത്.

ആദ്യ ഘട്ടത്തിൽ 16 ഓട്ടോറിക്ഷകളാണ് നിരത്തിലിറക്കിയിരിക്കുന്നത്. ഡ്രൈവർമാരെല്ലാം സൊസൈറ്റി അംഗങ്ങളാണ്. മെട്രോ സ്റ്റേഷനുകളിലെത്തുന്നവർക്ക് ലക്ഷ്യസ്ഥാനത്തേക്ക് പോകുന്നതിന് കൂടുതൽ സൗകര്യമൊരുക്കുകയെന്നതാണ് ലക്ഷ്യം. ഇങ്ങിനെവന്നാൽ മെട്രോയെ ആശ്രയിക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുമെന്നും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് പ്രതീക്ഷിക്കുന്നുണ്ട്.

രണ്ടാം ഘട്ടത്തിൽ 22 ഓട്ടോറിക്ഷകൾ കൂടി കൊച്ചിയിൽ കൈനറ്റിക് ഗ്രീൻ എനർജി വിതരണം ചെയ്യും. ഭാവിയിൽ ഇ ഓട്ടോകളുടെ എണ്ണം 200 ആക്കി ഉയർത്താനാണ് ശ്രമം.  ആലുവ, കളമശേരി, ഇടപ്പളളി, കലൂർ, എംജി റോഡ്, മഹാരാജാസ് കോളജ് സ്റ്റേഷനുകളിലാണ് ഓട്ടോറിക്ഷകൾ വിന്യസിക്കുക. ഇവിടങ്ങളിൽ ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.