കൊച്ചി: പത്ത് രൂപയ്ക്ക് ഓട്ടോ സർവ്വീസ്! പറഞ്ഞാൽ വിശ്വസിക്കുമോ? നുണയല്ല, സത്യമാണ്. കൊച്ചിയിൽ പത്ത് രൂപയ്ക്ക് ഓട്ടോ സർവ്വീസ് വന്നിരിക്കുന്നു. രാഷ്ട്രീയ ഭേദമന്യേ ഓട്ടോത്തൊഴിലാളി സംഘടനകളുടെ സംയുക്ത സമിതിയുടെ കീഴിൽ കൊച്ചി മെട്രോയുടെ ഫീഡർ സർവ്വീസായി പ്രവർത്തിക്കുന്ന ഇലക്ട്രിക് ഓട്ടോകൾക്ക് 10 രൂപയാണ് മിനിമം ചാർജ്.

എറണാകുളം ഓട്ടോ ഡ്രൈവേർസ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിൽ അണിനിരന്നാണ് പുതിയ ഓട്ടോ സർവ്വീസിന് ഓട്ടോറിക്ഷാ തൊഴിലാളികൾ തുടക്കം കുറിച്ചിരിക്കുന്നത്. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ ഫീഡർ സർവ്വീസ് എന്നോണം ആരംഭിച്ച ഈ സർവ്വീസ് നിരത്തുകൾ കീഴടക്കാൻ അധികം താമസമുണ്ടാകില്ല. കൊച്ചി മെട്രോ റെയിൽ കോർപ്പറേഷൻ ആവിഷ്‌കരിച്ച പദ്ധതിയിൽ  പിന്നീട് കൈനറ്റിക് ഗ്രീനും ഓട്ടോത്തൊഴിലാളികളും പങ്കാളികളാവുകയായിരുന്നു.

പത്ത് രൂപ എങ്ങിനെ?

ഇ-ഓട്ടോകൾക്ക് നിശ്ചയിച്ചിരിക്കുന്ന മിനിമം ചാർജ്ജ് പത്ത് രൂപയാണ്. ഒരു കിലോമീറ്റർ ദൂരം സഞ്ചരിക്കുന്നതിനാണ് ഈ നിരക്ക്. ആദ്യത്തെ രണ്ട് കിലോമീറ്ററിന് പത്ത് രൂപ വീതവും പിന്നിടുളള ഓരോ കിലോമീറ്ററിനും അഞ്ച് രൂപ വീതവുമാണ് നിരക്ക്.  ഇത് പക്ഷെ ഒരു യാത്രക്കാരനുളള നിരക്കാണ്. ഇ-ഓട്ടോയിൽ ഡ്രൈവറുടെ തൊട്ടരികിൽ ഒരാൾക്കും പുറകിലെ സീറ്റുകളിൽ നാല് പേർക്കും ഇരിക്കാം. ഓരോ യാത്രക്കാരനും പത്ത് രൂപ നൽകണം. ഷെയർ ഓട്ടോ മാതൃകയിലാണ് സർവ്വീസ്.

ഇ-ഓട്ടോ അകവശം

ഓട്ടോ സർവ്വീസ് എവിടെയൊക്കെ?

കൊച്ചി മെട്രോയുടെ ആറ് സ്റ്റേഷനുകളിലാണ് ഇ-ഓട്ടോ സേവനം ലഭ്യമാകുക. ആലുവ, കളമശേരി, ഇടപ്പളളി, കലൂർ, എംജി റോഡ്, മഹാരാജാസ് കോളേജ് സ്റ്റേഷനുകളിലാണ് ഇ ഓട്ടോകൾക്ക് പാർക്കിങ്. ഇവിടെ നിന്നും നഗരത്തിൽ എവിടേക്ക് വേണമെങ്കിലും സർവ്വീസ് വിളിക്കാം. യാത്രക്കാരനെ ഇറക്കിയ ശേഷം ഓട്ടോ തിരികെ മെട്രോ സ്റ്റേഷനുകളിൽ തന്നെ പാർക്ക് ചെയ്യും.

എന്താണ് ഇ-ഓട്ടോ സേവനത്തിന്റെ ഗുണം

പരിസ്ഥിതി മലിനീകരണം തീർത്തും ഇല്ലാത്തതാണ് ഇ-ഓട്ടോയുടെ മേന്മ. രണ്ട് മണിക്കൂർ ചാർജ്ജ് ചെയ്താൽ 70 കിലോമീറ്റർ വരെ ഓട്ടോറിക്ഷ സർവ്വീസ് നടത്തും. ജിപിഎസ് സംവിധാനം ഉളളതിനാൽ ഓട്ടോറിക്ഷകളിൽ സഞ്ചരിക്കുന്ന യാത്രക്കാരുടെ സുരക്ഷിതത്വവും ഉറപ്പാക്കാനാവും.

കൊച്ചി മെട്രോ ഫീഡർ ഇ-ഓട്ടോറിക്ഷകൾ

രാഷ്ട്രീയം മറന്നതെങ്ങിനെ?

എറണാകുളം ജില്ലയിലാകെ 23000 ഓട്ടോറിക്ഷാ തൊഴിലാളികളാണ് ഉളളതെന്നാണ് കണക്ക്. അവരെല്ലാം ഓരോ തൊഴിലാളി സംഘടനകളുടെ അംഗങ്ങൾ. കൊച്ചി മെട്രോയുടെ ഫീഡർ സർവ്വീസായി ഇ ഓട്ടോകൾ രംഗത്തിറക്കാൻ തൊഴിലാളി സംഘടനകൾ പൂർണ്ണ പിന്തുണ അറിയിച്ചു. അങ്ങിനെ ഐഎൻടിയുസി, സിഐടിയു, എഐടിയുസി, ടിയുസിഐ, എസ്‌ടിയു, ബിഎംഎസ് എന്നീ സംഘടനകളാണ് ഒറ്റക്കെട്ടായി സഹകരണ സൊസൈറ്റി രൂപീകരിച്ചത്.

ഓട്ടോയ്ക്ക് നൂറ് രൂപ വാടക, ഡ്രൈവർക്ക് 600 രൂപ വേതനം

ഇ-ഓട്ടോകൾ നിർമ്മിച്ച് നൽകിയത് കൈനറ്റിക് ഗ്രീൻ എന്ന കമ്പനിയാണ്. സൊസൈറ്റിയുമായാണ് കമ്പനി കരാറിലെത്തിയിരിക്കുന്നത്. ഇപ്പോൾ 16 ഓട്ടോകളാണ് എത്തിയിരിക്കുന്നത്. അടുത്ത ഘട്ടത്തിൽ 22 ഓട്ടോകൾ കൂടി എത്തും.

ഓട്ടോയുടെ ഉടമസ്ഥാവകാശം സൊസൈറ്റിക്കല്ല. കൈനറ്റിക് ഗ്രീൻ കമ്പനിക്കാണ്. “ഒരു ദിവസം 100 രൂപയാണ് ഒരു ഓട്ടോയ്ക്ക് വാടക. അത് ഞങ്ങൾ കൈനറ്റിക് കമ്പനിക്ക് നൽകണം. ഒരു ഓട്ടോയ്ക്ക് പ്രതിമാസം 3000 രൂപ. 16 ഓട്ടോകൾക്ക് 48000 രൂപ,” സൊസൈറ്റി ചെയർമാനും ഐഎൻടിയുസി നേതാവുമായ കെകെ ഇബ്രാഹിംകുട്ടി പറഞ്ഞു.

കൊച്ചി മെട്രോ ഫീഡർ ഇ-ഓട്ടോ ഡ്രൈവർമാർ നീല യൂനിഫോം അണിഞ്ഞ്

“ഞങ്ങൾക്ക് 600 രൂപയാണ് ഒരു ദിവസം കിട്ടുക,” ആലുവ സ്വദേശിയും എസ്‌ടിയു പ്രവർത്തകനും ഇ-ഓട്ടോ ഡ്രൈവറുമായ വികെ അഷ്റഫ് പറഞ്ഞു. “ഓരോ ഓട്ടോയ്ക്കും രണ്ട് ഡ്രൈവർമാർ വീതമാണ് ഉളളത്. രണ്ട് ഷിഫ്റ്റായാണ് ജോലി. അതാത് ദിവസത്തെ കളക്ഷൻ ഞങ്ങൾ സൊസൈറ്റിയെ ഏൽപ്പിക്കും. ഞങ്ങൾ ജോലി ചെയ്ത ദിവസത്തെ വേതനം ഓരോ മാസവും ഞങ്ങൾക്ക് സൊസൈറ്റി നൽകും. ഒരു ദിവസം ജോലി ചെയ്താൽ 600 രൂപയാണ് ലഭിക്കുക,” അഷ്റഫ് വിശദീകരിച്ചു.

ഓട്ടോ സൗജന്യമായി ചാർജ്ജ് ചെയ്യാൻ കെഎംആർഎൽ

ഇ-ഓട്ടോ സർവ്വീസ് കൊച്ചിയിൽ നടപ്പിലാക്കിയത് കൊച്ചി മെട്രോയിലേക്ക് കൂടുതൽ യാത്രക്കാരെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ്. അതിനാൽ തന്നെ ഇ-ഓട്ടോകൾക്ക് മെട്രോ സ്റ്റേഷനുകളിൽ പാർക്കിങിനും ചാർജ്ജിങിനും സൗകര്യം ഒരുക്കി. ഫലത്തിൽ രണ്ട് മണിക്കൂർ ചാർജ്ജിങ് സൗജന്യമാണ്. ഇതിന് വരുന്ന ചിലവ് കെഎംആർഎൽ വഹിക്കും.

ഇ-ഓട്ടോയിലെ ഏക വനിതാ ഡ്രൈവറായ ആലുവ സ്വദേശിനി നസീ ജബ്ബാർ (ഇടത്തേയറ്റത്ത്)

ഞങ്ങൾക്ക് ലക്ഷ്യം ബ്രാന്റിങ്

ഇ-ഓട്ടോകൾ കൊച്ചിയിലിറക്കിയത് കൈനറ്റിക് ഗ്രീൻ എന്ന കമ്പനിയാണ്. “ഇ-ഓട്ടോയ്ക്ക് ഒന്നിന് 1.80 ലക്ഷം രൂപയാണ് വിലയായത്,” എന്ന് കമ്പനിയുടെ വൈസ് പ്രസിഡന്റായ ഹൈദർ അലി ഖാൻ പറഞ്ഞു. “ഇപ്പോൾ 16 ഓട്ടോറിക്ഷകളാണ് ഇറക്കിയിരിക്കുന്നത്.  പരിസ്ഥിതി സൗഹൃദമായ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ബോധവത്കരണം നടത്താനുമാണ് ഞങ്ങൾ ശ്രമിക്കുന്നത്. അതിലൂടെ കൈനറ്റിക് ഗ്രീൻ എന്ന ബ്രാന്റിനെ കൂടുതൽ പേരിലേക്ക് എത്തിക്കാനാണ് ശ്രമം. കൊച്ചി മെട്രോ റെയിൽ പോലെ വലിയ സ്ഥാപനത്തിന്റെ ഭാഗമായതും അതിനാലാണ്. ഇത് പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചതാണ്. ആദ്യത്തെ മൂന്ന് മാസം നൂറ് രൂപയ്ക്കാണ് ഓട്ടോറിക്ഷകൾ നൽകിയിരിക്കുന്നത്. പിന്നീട് ഈ തുക 150 ആക്കി ഉയർത്തും,” ഹൈദർ അലി ഖാൻ ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.

ഡ്രൈവർമാരെല്ലാം ഓഹരി ഉടമകൾ

ഓട്ടോ ഡ്രൈവേർസ് കോപ്പറേറ്റീവ് സൊസൈറ്റി കേരളം ഇതുവരെ പരിചയിച്ചിട്ടില്ലാത്ത രാഷ്ട്രീയ സൗഹൃദത്തിന്റെ അടയാളമാണ്. സിപിഎമ്മിന്റെ ശക്തിയായ സിഐടിയു, കോൺഗ്രസിന്റെ ഐഎൻടിയുസി, സിപിഐയുടെ ഭാഗമായ എഐടിയുസി, മുസ്ലിം ലീഗ് അനുഭാവമുളള എസ്‌ടിയു, ബിജെപിയുടെ ബിഎംഎസ് എന്നീ സംഘടനകൾ ഒരേ മനസോടെയാണ് ഈ ലക്ഷ്യത്തിന് വേണ്ടി കൈകോർത്തിരിക്കുന്നത്.

കൊച്ചി മെട്രോ ഫീഡർ സർവ്വീസ് ഇ ഓട്ടോ ഉദ്ഘാടന ചടങ്ങിൽ നിന്ന്

ഇ-ഓട്ടോയുടെ ഡ്രൈവർമാരെല്ലാം സൊസൈറ്റിയിൽ ഓഹരി ഉടമകളാണ്. നൂറ് രൂപയാണ് ഓഹരി വില. “സൊസൈറ്റിയിൽ 400 പേരാണ് ഉളളത്. 23000 പേരെയും അംഗങ്ങളാക്കി സൊസൈറ്റി വിപുലീകരിക്കാനാണ് ശ്രമം. രാഷ്ട്രീയ വ്യത്യാസമില്ലാതെയാണ് ഞങ്ങൾ മുന്നോട്ട് പോകുന്നത്. പ്രധാനമായും സ്വകാര്യ കുത്തക കമ്പനികൾ ടാക്സി സേവന രംഗത്തേക്ക് കടന്നുവരികയും സാധാരണക്കാരെ ചൂഷണം ചെയ്തുകൊണ്ടിരിക്കുകയുമാണ്. 2030 ഓടെ എല്ലാ വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളായി മാറും. തൊഴിലാളികളെ സംരക്ഷിച്ച് നിർത്തുകയെന്നത് ഞങ്ങളുടെ ചുമതലയാണ്. അതിനാലാണ് ഈ തരത്തിൽ ഒരുമിച്ച് പോകുന്നത്,” സിഐടിയു നേതാവും സൊസൈറ്റി കൺവീനറുമായ ആർ സ്യമന്തഭദ്രൻ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.