എറണാകുളം : ആമ്പല്ലൂര്‍ ലക്ഷംവീട് കോളനിവാസിയായ ശാന്തയ്ക്കുള്ള (52) ഒരേയൊരു രക്തബന്ധം ചേച്ചിയാണ്. ചേച്ചിയുടേയും വികലാംഗനായ അളിയന്‍റെയും കൂടെയാണ് അവര്‍ കഴിയുന്നത്. ഭിന്നലിംഗക്കാരിയും നിരക്ഷരയുമായ ശാന്ത നാല്‍പതുവര്‍ഷത്തോളം വീടുപണികളും കൂലിപ്പണിയും ചെയ്താണ് ജീവിച്ചുപോന്നത്. അതിനിടയില്‍ ആറുവര്‍ഷം മുമ്പാണ് ഫൈവ് സ്റ്റാര്‍ ഹോട്ടലിലൊരു ജോലിയും താമസിക്കാനൊരു ഒറ്റമുറിയും അവരെ തേടിയെത്തുന്നത്. ആറുകൊല്ലം അങ്ങനെ അവിടെ പണിചെയ്ത് മൂന്നുപേരടങ്ങുന്ന കുടുംബത്തിന്‍റെ ഭദ്രതയ്ക്കായി തന്‍റെതായ സംഭാവന നല്‍കികൊണ്ടിരിക്കുന്നതിനിടയിലാണ് കൊച്ചി മെട്രോയില്‍ ഭിന്നലിംഗകാരെ ജോലിക്കെടുക്കുന്നു എന്ന വിവരം കുടുംബശ്രീ വഴി ശാന്തയെ തേടിയെത്തുന്നത്.
ഇരുപത്തിമൂന്നു ഭിന്നലിംഗക്കാരാണ് മെട്രോയിലെ ജോലിക്കായി കൊച്ചിമെട്രോ റെയില്‍ ലിമിറ്റഡിന്‍റെ ആദ്യഘട്ടപരിശീലനം മുതല്‍ പങ്കെടുത്തത് എന്ന് ശാന്ത പറയുന്നു. മെട്രോയില്‍ ജോലികിട്ടുമെന്ന ഉറപ്പിലാണ് ശാന്ത ഹോട്ടല്‍ ജോലി ഉപേക്ഷിക്കുന്നതും പരിശീലനങ്ങളില്‍ പങ്കെടുക്കുന്നതും. ” എറണാകുളം സിറ്റി അസിസ്റ്റന്റ് പൊലീസ് അസിസ്റ്റന്റ് കമീഷണര്‍ വഴിയാണ് ആ ജോലി തരപ്പെടുന്നത്. ഒട്ടും വിദ്യാഭ്യാസമില്ലാത്ത ആളാണ് ഞാന്‍ എന്ന് ആദ്യമേ പറഞ്ഞിട്ടുണ്ട്, പ്രായവും മറച്ചുവച്ചിട്ടില്ല. പ്രായമോ വിദ്യാഭ്യാസയോഗ്യതയോ ജോലിക്ക് പ്രശ്നമല്ല എന്നാണ് കുടുംബശ്രീയും തന്ന ഉറപ്പ്. ഫെബ്രുവരി അവസാനവും മാര്‍ച്ച് ആദ്യവുമായി കുറച്ചുദിവസം രാജഗിരിയില്‍ ക്ലാസിനു പോവുകയുണ്ടായി. അതിനുശേഷം അവര്‍ ഒരു ഇന്‍റര്‍വ്യൂവിലും പങ്കെടുത്തിരുന്നു. പിന്നീട് രണ്ടു ഫോട്ടോ വീതം വാങ്ങുകയും ഒരു കരാറില്‍ ഒപ്പിടീക്കുകയുമൊക്കെ ചെയ്തു. ഈയോരോ ഘട്ടത്തിലും ചോദിക്കുമ്പോള്‍ പ്രായവും വിദ്യാഭ്യാസയോഗ്യതയും വിഷയമാവില്ല എന്നാണ് കെഎംആര്‍എല്ലും കുടുംബശ്രീയും പറഞ്ഞത്.” ശാന്ത പറഞ്ഞു. മറ്റുള്ളവരെയൊക്കെ ജോലിക്കായി വിളിച്ചപ്പോഴും തന്നെ വിളിച്ചില്ല എന്നുമാത്രമല്ല ജോലി നിഷേധിച്ചുവെന്ന് അറിയിക്കുവാനുള്ള മാന്യത കൂടി കൊച്ചി മെട്രോ കാണിച്ചില്ല എന്നാണ് ശാന്തയുടെ പരാതി.

കുടുംബശ്രീവഴിയാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് ഭിന്നലിംഗക്കാരെ ജോലിക്കെടുക്കുന്നത്. കുടുംബശ്രീയിലെ സ്ത്രീജീവനകാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന യോഗ്യതകാളല്ല ഭിന്നലിംഗക്കാരുടെ കാര്യത്തില്‍ കണക്കിലെടുത്തത് എന്ന് കെഎംആര്‍എല്‍ പറയുന്നു. “സാമൂഹികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗം എന്ന നിലയില്‍ ഭിന്നലിംഗക്കാരെ മുന്നോട്ടു കൊണ്ടുവരിക എന്നതാണ് കെഎംആര്‍എല്‍ ലക്ഷ്യം വെച്ചത്. അതിനാല്‍ തന്നെ യോഗ്യതാതലത്തില്‍ മറ്റുള്ളവരുടെ അവരുടെ മെറിറ്റുകളല്ല ഭിന്നലിംഗക്കാരുടെ കാര്യത്തില്‍ പരിഗണിച്ചത്” എന്നാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് കോര്‍പ്പറേറ്റ് കമ്മ്യൂണികേഷന്‍ സീനിയര്‍ മാനേജര്‍ രശ്മി സി എസ് പറയുന്നത്. നിലവില്‍ മെട്രോ സ്റ്റേഷനുകളിലെ കൗണ്ടറില്‍ ഇരിക്കുന്ന സ്ത്രീകള്‍ മിക്കവാറും ഉന്നതവിദ്യാഭ്യാസയോഗ്യതയുള്ളവര്‍ ആണ് എന്നാണ് കെഎംആര്‍എല്‍ ചൂണ്ടിക്കാണിക്കുന്നത്. “മറ്റു ഹൗസ് കീപ്പിങ്ങ് പോലുള്ള ജോലി ചെയ്യുന്നവര്‍ ആണെങ്കിലും സ്ത്രീകള്‍ പത്താംക്ലാസ് പാസ്സായവരാണ്. എന്നാല്‍ ഇത്സംബന്ധിച്ച് ഭിന്നലിംഗക്കാര്‍ക്ക് നല്‍കിയിരിക്കുന്ന പരിധി അഞ്ചാം ക്ലാസാണ്. അതില്‍ കുറവ് യോഗ്യതയുള്ളവരെ മാത്രമാണ് ഒഴിവാക്കേണ്ടി വന്നത്. ഭിന്നലിംഗക്കാരുടെ കാര്യത്തില്‍ പ്രായം പരിഗണിച്ചിട്ടെയില്ല.” എന്നാണ് കെഎംആര്‍എല്ലിന്‍റെ പക്ഷം.
Read More : കൊച്ചി മെട്രോയില്‍ ജോലി ലഭിച്ച ഭിന്നലിംഗക്കാര്‍ക്കുളള പരിശീലനത്തിന്റെ രണ്ടാംഘട്ടം- ചിത്രങ്ങള്‍ കാണാം
ഭിന്നലിംഗക്കാരായ ഇരുപത്തിമൂന്നുപേരാണ് കെഎംആര്‍എല്ലിന്‍റെ പരിശീലനത്തില്‍ പങ്കെടുത്തത്. ഇതില്‍ പതിനാറു പേരാണ് നിലവില്‍ കെഎംആര്‍എല്ലിനു കീഴില്‍ ജോലിയെടുക്കുന്നത്. മെച്ചപ്പെട്ട വിദ്യാഭ്യാസയോഗ്യതയുള്ളവരെ ടിക്കറ്റ് കൗണ്ടറുകളിലും മറ്റു ചിലരെ സ്റ്റേഷന്‍, കക്കൂസ് ശുചീകരണ പ്രവര്‍ത്തനങ്ങളിലുമായാണ് വിന്യസിപ്പിച്ചിരിക്കുന്നത്. ഭാവിയില്‍ പാര്‍കിംഗിലും ഭിന്നലിംഗകാര്‍ക്ക് ജോലി നല്‍കാന്‍ ആലോചിക്കുന്നതായി കെഎംആര്‍എല്‍ പറയുന്നു. നിലവിലുള്ള പ്രശ്നങ്ങളെ മറികടന്നുകൊണ്ട് ഇത്തരം ജോലികളിലേക്ക് കൂടുതല്‍ ഭിന്നലിംഗക്കാരെ ഉള്‍പ്പെടുത്താമെന്നാണ് കെഎംആര്‍എല്‍ പറയുന്നത്. “നിലവില്‍ പരിശീലനം ലഭിച്ച രണ്ടുപേര്‍ക്ക് ജോലി ലഭിച്ചില്ല എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്” എന്നാണ് കെഎംആര്‍എല്‍ പറയുന്നത്. ഇവര്‍ക്ക് വേണ്ട വിദ്യാഭ്യാസ യോഗ്യതകളൊന്നും ഇല്ലായെന്നതാണ് കെഎംആര്‍എല്‍ പക്ഷം. “രണ്ടാമത് പരിശോധന നടത്തിയപ്പോഴാണ് അവരുടെ വിദ്യാഭ്യാസയോഗ്യതയെ കുറിച്ച് മനസ്സിലാവുന്നത്. രണ്ടുപേരുടെ കാര്യത്തിലാണ് ഇത് സംബന്ധിച്ചിട്ടുള്ളത്.” രശ്മി പറയുന്നു.
ജോലിക്കുള്ള യോഗ്യതയില്ലായെങ്കില്‍ എന്തുകൊണ്ട് മുന്നേ പറഞ്ഞില്ല എന്നാണ് ശാന്തയുടെ ചോദ്യം. ” ഒന്നും മറച്ചുവെച്ചുകൊണ്ടല്ല ഞാന്‍ ജോലിക്ക് ശ്രമിച്ചത്. ജോലിക്ക് ചേരുകയാണ് എങ്കില്‍ 13,000ത്തില്‍ ആനുകൂല്യങ്ങള്‍ കുറച്ചശേഷം 9,500 രൂപ ശമ്പളം കിട്ടുമെന്ന ഉറപ്പിലാണ് ഞാന്‍ ഉണ്ടായിരുന്ന ജോലി കളഞ്ഞതും പരിശീലനം, ക്ലാസ് എന്നൊക്കെ പറഞ്ഞുകൊണ്ട് മാസങ്ങളോളം ഇതിനുപിന്നാലെ ഓടിയതും. പിന്നീട് ഓരോരുത്തരേയും ജോലിക്ക് വിളിച്ചപ്പോള്‍ എനിക്കും ആതിരയ്ക്കും മാത്രം അവര്‍ ഒരു അറിയിപ്പ് പോലും തന്നില്ല. പതിനഞ്ചാം തീയതി പേട്ടയിലുള്ള മെട്രോയുടെ ഓഫീസില്‍ ഇതിനെക്കുറിച്ച് അന്വേഷിച്ചിരുന്നു ‘വൈകീട്ട് നാലുമണിയാവുമ്പോള്‍ വിവരം അറിയിക്കാം’ എന്നായിരുന്നു അവരുടെ മറുപടി. ഇന്ന് വരെ നാലുമണിയായിട്ടില്ല.” ശാന്ത പരിഭവം മറച്ചുവെക്കുന്നില്ല.
പലകാര്യങ്ങളിലും അയവുവരുത്തിയശേഷമാണ് ഭിന്നലിംഗക്കാരെ മെട്രോ തൊഴിലിനായി പരിഗണിക്കുന്നത് എന്നാല്‍ ‘ഓരോതവണയും അതിനു നിയമപരമായ ചട്ടക്കൂട് തീര്‍ക്കുക’ എന്നതാണ് തങ്ങള്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി എന്നാണ് രശ്മി സിഎസ് പറയുന്നത്.
മെട്രോയില്‍ ജോലികിട്ടിയില്ലെങ്കിലും വേണ്ടില്ല ഇതിനൊക്കെ ഉത്തരം പറയാനുള്ള ബാധ്യത അവര്‍ക്കുണ്ട് എന്നാണ് ശാന്ത പറയുന്നത്. ” ഇപ്പോള്‍ പുറത്തിറങ്ങിനടക്കാന്‍ പറ്റാതായി. ആളുകളൊക്കെ മെട്രോകാരി പോന്നു എന്നു പറഞ്ഞു പരിഹസിക്കുകയാണ് ഇപ്പോള്‍. ഞാനിതുവരെ പണത്തിനായി സെക്സില്‍ ഏര്‍പ്പെട്ടിട്ടില്ല. ഇതുവരെ കൂലിപ്പണിയൊക്കെ ചെയ്താണ് ജീവിച്ചത്. മെട്രോയില്‍ പോയത് കലക്ടര്‍ ഉദ്യോഗത്തിനോന്നുമല്ല. അവിടെ അടിച്ചുവാരുകയോ കക്കൂസ് കഴുകുകയോ ഒക്കെ ചെയ്‌താല്‍ എന്തെങ്കിലും ശമ്പളം കിട്ടും എന്നുള്ളത് കൊണ്ടാണ്. അതിനുവേണ്ടി കള്ളംപറഞ്ഞിട്ടുമില്ല. ഇനിയും ഇത്രയുംകാലത്തെ പോലെ തന്നെ പണിയെടുത്ത് തന്നെ ജീവിക്കും. പക്ഷെ എനിക്ക് ഇത്രയും ആശ തന്നതിനെക്കുറിച്ച് സമാധാനം പറയേണ്ടത് മെട്രോയും കുടുംബശ്രീയുമാണ്” ശാന്ത പറയുന്നു.
Read More : കൊച്ചി മെട്രോ-ലിംഗ സമത്വത്തിന്റെ പുതുവഴികളിലേയ്ക്കുളള യാത്ര