കൊച്ചി: നഗരത്തിന്റെ മോടി കൂട്ടിയ കൊച്ചി മെട്രോയ്ക്ക് ഒരു വയസ്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 17 നായിരുന്നു കൊച്ചിക്കാരുടെ ദീര്‍ഘനാളത്തെ സ്വപ്‌നം സത്യമായത്. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വിവിധ പരുപാടികളാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.

രാവിലെ 11-ന് ഇടപ്പള്ളി മെട്രോ സ്റ്റേഷനില്‍ വിവിധ പൊതുപ്രവര്‍ത്തകര്‍ക്കൊപ്പം കെ.എം.ആര്‍.എല്‍. മാനേജിങ് ഡയറക്ടര്‍ മുഹമ്മദ് ഹനീഷ് കേക്ക് മുറിച്ച് വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. പിന്നാലെ മാന്ത്രികന്‍ ഗോപിനാഥ് മുതുകാട് ഒരുക്കുന്ന മാജിക് ഷോ ‘ടൈം ട്രാവല്‍ മാജിക് മെട്രോ’ അരങ്ങേറും.

തുടര്‍ന്ന് മെട്രോയുടെ യാത്ര സുഗമമാക്കാന്‍ ഒരുമിച്ചുനിന്ന കുടുംബശ്രീ, കൊച്ചി മെട്രോ പോലീസ് തുടങ്ങിയ സംഘടനകളിലെ അംഗങ്ങളെ ആദരിക്കും. സൗജന്യ യാത്രയടക്കമുള്ള സമ്മാന പദ്ധതികളും അധികൃതര്‍ തയ്യാറാക്കിയിട്ടുണ്ട്. ഉച്ചയ്ക്ക് 2.30 മുതല്‍ ഇടപ്പള്ളി, ആലുവ സ്റ്റേഷനുകളില്‍ സംസ്‌കാരിക പരിപാടികള്‍ നടക്കും. ഇടപ്പള്ളി സ്റ്റേഷനില്‍ എല്ലാ കലാകരന്മാര്‍ക്കുമായി വേദിയൊരുക്കിയിട്ടുണ്ട്. ആലുവ, മഹാരാജാസ് സ്റ്റേഷനുകളില്‍ പരിസരത്തെ വിവിധ കോളേജുകളിലെ സംഘങ്ങള്‍ വിവിധ പരിപാടികള്‍ അവതരിപ്പിക്കും.

പ്രതിദിന ചെലവിന്റെ ഒപ്പം വരുമാനമെത്തിക്കാനായില്ലെങ്കിലും കിതക്കാതെ ഓടാന്‍ കൊച്ചി മെട്രോക്കായിട്ടുണ്ട്. ടിക്കറ്റ് വരുമാനത്തിനൊപ്പം ടിക്കറ്റ് ഇതര വരുമാനമാണ് കൊച്ചി മെട്രോയെ താങ്ങി നിര്‍ത്തുന്നത്.

സാധാരണക്കാരെ ആകര്‍ഷിക്കാനായില്ല എന്നതാണ് മെട്രോ നേരിടുന്ന വെല്ലുവിളി. ഇതുമൂലം തുടക്കത്തില്‍ പ്രതിമാസം ആറ് കോടി രൂപ നഷ്ടം നേരിട്ടു. തുടരത്തുടരെയുളള ഗതാഗതക്കരുക്കില്‍ നിന്ന് രക്ഷപ്പെടാന്‍ ആളുകള്‍ കൊച്ചി മെട്രോയെത്തേടിയെത്തിയതോടെ ടിക്കറ്റ് വരുമാനം മെച്ചപ്പെട്ടു. ഇപ്പോള്‍ 40,000ത്തില്‍ അധികം യാത്രക്കാര്‍ പ്രതിദിനം മെട്രോയില്‍ യാത്ര ചെയ്യുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ