കൊച്ചി: രാജ്യസഭാംഗമായ ബിജെപി നേതാവ് നടൻ സുരേഷ് ഗോപിയെ കേരളത്തിന്റെ അഭിമാന പദ്ധതിയായ കൊച്ചി മെട്രോയുടെ ബ്രാൻഡ് അംബാസിഡറാക്കും. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ആവശ്യപ്പെട്ടതിനെ തുടർന്ന് എംപി ഇതിന് സമ്മതം അറിയിച്ചു. തൊട്ടുപിന്നാലെ കോൺഗ്രസ് എംഎൽഎയായ വി.ടി.ബൽറാം ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി.

കൊച്ചി മെട്രോയുടെ ഡാറ്റാ അനാലിസിസ് പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ വച്ചാണ് സുരേഷ് ഗോപി എംപിയോട് ബ്രാന്റ് അംബാസഡർ ആകണമെന്ന് കെഎംആർഎൽ എംഡി മുഹമ്മദ് ഹനീഷ് ആവശ്യപ്പെട്ടത്. അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. തൊട്ടുപിന്നാലെ ഉദ്ഘാടന പ്രസംഗം നടത്തിയ സുരേഷ് ഗോപി ബ്രാന്റ് അംബാസഡറാകാൻ തനിക്ക് പൂർണ സമ്മതമാണെന്ന് അറിയിച്ചു.

ഇത് വാർത്തയായതോടെയാണ് വി.ടി.ബൽറാം പ്രതിഷേധവുമായി രംഗത്തെത്തിയത്. “എന്തടിസ്ഥാനത്തിലാണ് ഈ തീരുമാനം? ഒരു സംഘപരിവാർ എംപിയെ കേരള സർക്കാരിന്റെ ഈ അഭിമാന പദ്ധതിയുടെ ബ്രാൻഡ് അംബാസഡറാക്കാനുള്ള തീരുമാനം ഉദ്യോഗസ്ഥ തലത്തിൽ എടുത്തതാണോ, അതോ മുഖ്യമന്ത്രി അടക്കമുള്ളവരുടെ അറിവോടെയാണോ?” എന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

സംഭവം വിവാദമായതോടെ കെഎംആർഎൽ വിശദീകരണവുമായി രംഗത്ത് വന്നു. “കൊച്ചി മെട്രോയുടെ ആതിഥ്യം സ്വീകരിച്ച് സിനിമാ താരവും രാജ്യസഭാ എം പിയുമായ സുരേഷ് ഗോപി ഇന്ന് കൊച്ചി മെട്രോയുടെ ഓഫീസിൽ വന്നിരുന്നു. കൊച്ചി മെട്രോയുടെ നിരവധി ജനോപകാരപ്രദമായ പദ്ധതികളിൽ സഹകരിക്കാൻ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചു. ഔദ്യോഗികമായ ഘടകങ്ങൾ ഒന്നും തന്നെ ഈ തീരുമാനത്തിലില്ല. ഇത് സംബന്ധിച്ചാണ് കൊച്ചി മെട്രോ എംഡി ശ്രീ മുഹമ്മദ് ഹനീഷ് ഇന്ന് മാധ്യമങ്ങളിൽ പ്രതികരിച്ചത്. തികച്ചും അനൗദ്യോഗികമായ പ്രതികരണം മാത്രമായിരുന്നു ഇത് എന്ന് അറിയിക്കുന്നു”, ഫെയ്സ്ബുക്കിലെ ഔദ്യോഗിക പേജിൽ കെഎംആർഎൽ വിശദീകരിച്ചു.

ഉദ്ഘാടന പ്രസംഗത്തിൽ കൊച്ചി മെട്രോ സർവീസ് തൃശൂർ ജില്ലയിലെ ചാലക്കുടി മുതൽ ആലപ്പുഴ ജില്ലയിലെ ചേർത്തല വരെ നീട്ടണമെന്ന് സുരേഷ് ഗോപി എംപി ആവശ്യപ്പെട്ടിരുന്നു. സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ഇ.കെ.നായനാർ കൊണ്ട് വന്ന ഹോവർ ക്രാഫ്റ്റ് ജലഗതാഗത പദ്ധതിക്ക് തുരങ്കം വച്ചവരുടെ നാടാണ് കേരളമെന്ന് അദ്ദേഹം പ്രസംഗത്തിൽ പരാമർശിച്ചു.

കൊച്ചി മെട്രോയിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ കൃത്രിമ ബുദ്ധിയുടെ (Artificial Intelligence) സഹായത്തോടെ വിശകലനം ചെയ്ത് യാത്രക്കാർക്ക് അനുബന്ധ യാത്രാ സൗകര്യം ഒരുക്കാനുളള പദ്ധതികൾ ആവിഷ്കരിക്കുന്നതാണ് ഡാറ്റാ അനാലിസിസ് പരിപാടി. രാജഗിരി കോളേജും തൃശൂർ ജ്യോതി കോളേജും ചേർന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്‍റെ സഹകരണത്തോടെയാണ് ഡാറ്റാ അനാലിസിസ് നടത്തുന്നത്. പദ്ധതിയുടെ ഉദ്ഘാടനത്തിനെത്തിയ സുരേഷ് ഗോപി എംപി കൊച്ചി മെട്രോയിൽ എംജി റോഡ് മുതൽ ആലുവ വരെ യാത്ര ചെയ്തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ