കൊച്ചി: സുരേഷ് ഗോപിയെ കൊച്ചി മെട്രോയുടെ ബ്രാന്റ് അംബാസഡറാകാൻ ക്ഷണിച്ച എംഡി മുഹമ്മദ് ഹനീഷ് തീരുമാനത്തിൽ നിന്ന് പിൻവാങ്ങി. എംഡിയുടെ ക്ഷണം എംപി സ്വീകരിച്ചത് വാർത്തയായതോടെ പ്രതിഷേധവുമായി വി.ടി.ബൽറാം എംഎൽഎ രംഗത്ത് എത്തിയിരുന്നു. തൊട്ട് പിന്നാലെയാണ് തീരുമാനം അനൗദ്യോഗികമാണെന്നും സഹകരണം മാത്രമാണ് ഉദ്ദേശിച്ചതെന്നും കെഎംആർഎൽ വിശദീകരിച്ചത്.

കൊച്ചി മെട്രോയുടെ ഡാറ്റാ അനാലിസിസ് പരിപാടിയുടെ ഉദ്ഘാടന ചടങ്ങിലാണ് സംഭവം. കെഎംആർഎൽ എംഡി മുഹമ്മദ് ഹനീഷാണ് സുരേഷ് ഗോപി എംപിയോട് ബ്രാന്റ് അംബാസഡർ ആകണമെന്ന് ആവശ്യപ്പെട്ടത്. ഉദ്ഘാടന പ്രസംഗത്തിൽ സുരേഷ് ഗോപി ആവശ്യം അംഗീകരിച്ചതോടെ ഇദ്ദേഹം ബ്രാന്റ് അംബാസഡറാകുമെന്ന വാർത്ത പ്രചരിച്ചു.

Read More: കൊച്ചി മെട്രോ: സുരേഷ് ഗോപി ബ്രാന്റ് അംബാസഡറാകും; എതിർപ്പുമായി വി.ടി.ബൽറാം 

എന്നാൽ കേരളത്തിന്റെ അഭിമാന പദ്ധതിക്ക് സംഘപരിവാർ എംപിയെ അംബാസഡറാക്കാനുളള തീരുമാനം എന്തടിസ്ഥാനത്തിലാണെന്ന് വി.ടി.ബൽറാം എംഎൽഎ ചോദിച്ചു. “എന്തടിസ്ഥാനത്തിലാണ് ഈ തീരുമാനം? ഒരു സംഘപരിവാർ എംപിയെ കേരള സർക്കാരിന്റെ ഈ അഭിമാന പദ്ധതിയുടെ ബ്രാൻഡ് അംബാസഡറാക്കാനുള്ള തീരുമാനം ഉദ്യോഗസ്ഥ തലത്തിൽ എടുത്തതാണോ, അതോ മുഖ്യമന്ത്രി അടക്കമുള്ളവരുടെ അറിവോടെയാണോ?” എന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

സംഭവം വിവാദമായതോടെ പ്രതികരണവുമായി കെഎംആർഎൽ രംഗത്ത് വന്നു. “കൊച്ചി മെട്രോയുടെ ആതിഥ്യം സ്വീകരിച്ച് സിനിമാ താരവും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി ഇന്ന് കൊച്ചി മെട്രോയുടെ ഓഫീസിൽ വന്നിരുന്നു. കൊച്ചി മെട്രോയുടെ നിരവധി ജനോപകാരപ്രദമായ പദ്ധതികളിൽ സഹകരിക്കാൻ തയാറാണെന്ന് അദ്ദേഹം അറിയിച്ചു. ഔദ്യോഗികമായ ഘടകങ്ങൾ ഒന്നും തന്നെ ഈ തീരുമാനത്തിലില്ല. ഇത് സംബന്ധിച്ചാണ് കൊച്ചി മെട്രോ എംഡി മുഹമ്മദ് ഹനീഷ് ഇന്ന് മാധ്യമങ്ങളിൽ പ്രതികരിച്ചത്. തികച്ചും അനൗദ്യോഗികമായ പ്രതികരണം മാത്രമായിരുന്നു ഇത് എന്ന് അറിയിക്കുന്നു,” കെഎംആർഎൽ വിശദീകരിച്ചു.

കൊച്ചി മെട്രോയിൽ വ്യക്തികൾ യാത്ര ചെയ്യുന്ന വിവരങ്ങൾ കൃത്രിമ ബുദ്ധിയുടെ (Artificial Intelligence) സഹായത്തോടെ വിശകലനം ചെയ്ത്, അനുബന്ധ യാത്രാ സൗകര്യം ഒരുക്കാനുളള പദ്ധതികൾ ആവിഷ്കരിക്കുന്നതാണ് ഡാറ്റാ അനാലിസിസ് പരിപാടി. രാജഗിരി കോളേജും തൃശൂർ ജ്യോതി കോളേജും ചേർന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്‍റെ സഹകരണത്തോടെയാണ് ഡാറ്റാ അനാലിസിസ് നടത്തുന്നത്. പദ്ധതിയുടെ ഉദ്ഘാടനത്തിനെത്തിയ സുരേഷ് ഗോപി എംപി കൊച്ചി മെട്രോയിൽ എംജി റോഡ് മുതൽ ആലുവ വരെ യാത്ര ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.