കൊച്ചി: മെട്രോ ഇന്ന് മുതല്‍ പൊതുജനങ്ങള്‍ക്കായി സര്‍വീസ് നടത്തിത്തുടങ്ങി. മെട്രോയിലെ ആദ്യയാത്രയ്ക്കായി നിരവധി പേരാണ് ആവേശത്തോടെ പുലര്‍ച്ചയോടെ തന്നെ എത്തിത്തുടങ്ങിയത്. പാലാരിവട്ടത്ത് നിന്ന് ആലുവയിലേക്കും ആലുവയില്‍ നിന്ന് തിരിച്ചുമാണ് ഒരേ സമയം സര്‍വീസ് തുടങ്ങിയത്.
രാവിലെ 5.15ഓടെ തന്നെ യാത്രക്കാര്‍ ടിക്കറ്റിനായി നിരത്ത് കവിഞ്ഞൊഴുകിയെങ്കിലും 5.50ഓടെയാണ് ടിക്കറ്റ് നല്‍കിത്തുടങ്ങിയത്. ആദ്യ യാത്രയ്ക്ക് ടിക്കറ്റ് കിട്ടിയതിന്റെ ആവേശത്തിലായിരുന്നു മിക്കവരും. ആദ്യഘട്ടത്തില്‍ പാലാരിവട്ടത്തു നിന്നും ആലുവയില്‍ നിന്നും മാത്രമാണ് ടിക്കറ്റ് നല്‍കിയത്. ഓരോ മിനുട്ട് ഇടവെട്ടുളള 219 സര്‍വീസുകള്‍ രാത്രി 10 മണി വരെ നീണ്ടു നില്‍ക്കും.
പൊതുജനങ്ങള്‍ക്ക് പൂര്‍ണതോതില്‍ പ്രയോജനപ്പെടുത്താവുന്ന തരത്തിലുള്ള സര്‍വീസുകള്‍ നടത്തുന്നതിനായി എല്ലാ ഒരുക്കങ്ങളും കൊച്ചി മെട്രോ പൂര്‍ത്തിയാക്കിക്കഴിഞ്ഞിരുന്നു. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ അടക്കമുളളവര്‍ നേരത്തേ തന്നെ ആദ്യ യാത്രയ്ക്കായെത്തി. വരും ദിവസങ്ങളിലും സ്കൂളുകളിലേക്കുളള യാത്രയ്ക്ക് മെട്രോയെ തന്നെ ആശ്രയിക്കാനാണ് വിദ്യാര്‍ത്ഥികളുടേയും തീരുമാനം.
ആദ്യ ദിവസത്തെ യാത്രയ്ക്ക് കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ്ജും പുലര്‍ച്ചയോടെ തന്നെ എത്തി. പതിവുപോലെ സെല്‍ഫി എടുത്താണ് ആദ്യ ആംകാംക്ഷ പലരും ആഘോഷമാക്കിയത്. ഏലിയാസ് ജോര്‍ജിനൊപ്പം സെല്‍ഫി എടുക്കാനും യാത്രക്കാര്‍ മത്സരിച്ചു.
നിരവധി പേരാണ് ഇന്ന് രാവിലെയോടെയും മെട്യെ കുറിച്ചുളള സംശയങ്ങളും മറ്റും തീര്‍ക്കാന്‍ കസ്റ്റമര്‍ സര്‍വീസുകളെ ബന്ധപ്പെട്ടത്. ഗ്രൂപ്പ് ബുക്കിങ്ങിനായുള്ള സാധ്യതകള്‍ തേടിയും വ്യാപക അന്വേഷണമാണ് എത്തുന്നത്.
അദ്യദിനങ്ങളിലെ ആകാംക്ഷ അവസാനിച്ചാല്‍ യാത്രക്കാര്‍ കുറയാനുള്ള സാധ്യത പരിഗണിച്ച് യാത്രക്കാരെ ആകര്‍ഷിക്കാനുള്ള പദ്ധതികളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ആലുവ മുതല്‍ പാലാരിവട്ടം വരെ സഞ്ചരിക്കാന്‍ 40 രൂപയാണ് ചാര്‍ജ്. മിനിമം ചാര്‍ജ് പത്ത് രൂപ. മെട്രോ യാത്രയ്ക്ക് ഉപയോഗിക്കാവുന്ന കൊച്ചിവണ്‍ സ്മാര്‍ട് കാര്‍ഡ് സ്വന്തമാക്കാനുള്ള അവസരവും യാത്രക്കാര്‍ക്ക് ഒരുക്കിയിട്ടുണ്ട്.
യാത്രയെക്കുറിച്ച് എന്തെങ്കിലും സംശയമുണ്ടെങ്കിൽ തൊട്ടടുത്തുള്ള കസ്റ്റമർ കെയറിൽ സഹായം തേടാം. പ്ളാറ്റുഫോമിലെ മഞ്ഞവര ട്രെയിൻ നിറുത്തിയ ശേഷമേ മുറിച്ചു കടക്കാവൂ. 30 സെക്കന്റുകൾക്കുള്ളിൽ സ്റ്റേഷനിൽ നിന്ന് ട്രെയിൻ വിടും. ട്രെയിനിൽ സ്റ്റേഷന് പുറത്തിറങ്ങണമെങ്കിലും ടിക്കറ്റ് സ്കാൻ ചെയ്താലെ സുരക്ഷാ ബാർ തുറക്കുകയുള്ളൂ. അതുകൊണ്ട് തന്നെ ഇറങ്ങേണ്ടി സ്റ്റേഷന്‍ വരെ ടിക്കറ്റ് കളയാതെ സൂക്ഷിക്കണം.
ഒരു ട്രെയിനിലെ മൂന്നു കോച്ചുകളിൽ നിൽക്കുന്നവർ ഉൾപ്പെടെ 940 പേർക്ക് യാത്ര ചെയ്യാം. പേര്, മേൽവിലാസം, ഫോൺ നമ്പർ എന്നിവ സ്റ്റേഷൻ കൗണ്ടറുകളിൽ പറഞ്ഞാൽ വൺ കാർഡ് കിട്ടും. റീചാർജ് ചെയ്തോ അക്കൗണ്ടുമായി ബന്ധിപ്പിച്ചോ ടിക്കറ്റെടുക്കാതെ യാത്ര ചെയ്യാനുളള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.