കൊച്ചി: കൊച്ചി മെട്രോയിലെ ഭിന്നലിംഗക്കാരായ ജീവനക്കാർക്ക് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് താമസസൗകര്യം ഒരുക്കുന്നു. കാക്കനാടില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന ഹോസ്റ്റലിലാണ് ഭിന്നലിംഗക്കാര്‍ക്കുള്ള താമസസൗകര്യം ഒരുങ്ങുന്നത്.

ഇരുപത്തിമൂന്ന് ഭിന്നലിംഗക്കാരാണ് മെട്രോയിലെ ജോലിക്കായുള്ള പരിശീലനത്തില്‍ പങ്കെടുത്തത്. ഇതില്‍ രണ്ടു പേര്‍ക്ക് പരിശീലനശേഷം വേണ്ട യോഗ്യതയില്ലായെന്നു ചൂണ്ടിക്കാട്ടി ജോലിയില്‍ നിന്നും ഒഴിവാക്കിയതായി ആരോപണം ഉയര്‍ന്നിരുന്നു. ബാക്കിയുള്ള ഇരുപത്തൊന്ന് പേരില്‍ പതിമൂന്നുപേര്‍ മാത്രമാണ് ജോലിയില്‍ പ്രവേശിച്ചത്.

മെട്രോയില്‍ ജോലി ലഭിച്ചുവെങ്കിലും താമസസൗകര്യം ലഭിക്കുന്നില്ല എന്ന ബുദ്ധിമുട്ടുകള്‍ കാട്ടിയാണ് പരിശീലനം ലഭിച്ച ഭിന്നലിംഗക്കാരില്‍ പലരും കൊഴിഞ്ഞുപോയത്. ഭിന്നലിംഗക്കാരെ സംബന്ധിച്ചിടത്തോളം ഒരു വീട് വാടകയ്ക്ക് കിട്ടുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. കൊച്ചിയിലുള്ള ഭിന്നലിംഗക്കാര്‍ മിക്കവാറും ലോഡ്ജുകളിലും മറ്റുമായാണ് കഴിഞ്ഞുകൂടുന്നതെന്നാണു ഭിന്നലിംഗക്കാരിയും മെട്രോ ജീവനക്കാരിയുമായ രാജി പറയുന്നത്.

ഭിന്നലിംഗകാര്‍ക്ക് വാടകയ്ക്ക് നല്‍കുന്ന ലോഡ്ജുകള്‍ ആണെങ്കിലും സാധാരണയായി ഈടാക്കുന്നതിലും അധിക തുകയാണ് ഭിന്നലിംഗക്കാരില്‍ നിന്നും ഈടാക്കുന്നത്. ഇതിനുപുറമേ കൂടുതല്‍ ആളുകളുള്ള സമയങ്ങളില്‍ ലോഡ്ജിന്‍റെ സ്വീകരണമുറിയിലേക്ക് വരുന്നത് വരെ വിലക്കികൊണ്ടാണ് ഭിന്നലിംഗക്കാര്‍ക്ക് മുറി കൊടുക്കാറുള്ളത്. ഈ കാരണങ്ങളൊക്കെ കൊണ്ട് തന്നെ പരിശീലനം ലഭിച്ചവര്‍ പിന്നീടും പണത്തിനായി ലൈംഗികവൃത്തിയിലും യാചനയിലും ഏര്‍പ്പെടുകയാണ് എന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനുപിന്നാലെയാണ് ഭിന്നലിംഗകാര്‍ക്ക് താമസിക്കാനുള്ളൊരിടവും ഒരുക്കിക്കൊണ്ട് മെട്രോയുടെ പുതിയ നീക്കം.

Read More : വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ഭിന്നലിംഗകാര്‍ക്ക് കൊച്ചി മെട്രോയുടെ അവഗണന

ഇങ്ങനെയുള്ള ബുദ്ധിമുട്ടുകളൊക്കെ ഒഴിവാക്കുന്നതാണ് മെട്രോയുടെ തീരുമാനം എന്നാണു രാജി പറയുന്നത്. ” കൊച്ചി മെട്രോയുടെ തീരുമാനം സ്വാഗതാഹാര്‍ഹമാണ്” രാജി പറഞ്ഞു. “താമസ സൗകാര്യം വേണ്ടത് എത്ര പേര്‍ക്കാണെന്ന് അറിയിക്കണം എന്നു മെട്രോ നിര്‍ദ്ദേശിച്ചിട്ടുണ്ട്.” രാജി പറഞ്ഞു. താമസത്തിനായി മാസം അഞ്ഞൂറു രൂപ വാടകയാണ് കൊടുക്കേണ്ടത് എന്ന് മെട്രോ അറിയിച്ചതായി രാജി പറഞ്ഞു.

” കെഎംആര്‍എല്‍ ഇടപെട്ട് സംസാരിച്ചതുകൊണ്ട് കാക്കനാടിലുള്ള ജ്യോതി ഭവന്‍ ഹോസ്റ്റല്‍ അവര്‍ക്കുള്ള താമസം ഒരുക്കാം എന്ന് സമ്മതിച്ചിട്ടുണ്ട്” കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍ സീനിയര്‍ മാനേജര്‍ രശ്മി അറിയിച്ചു.

രാജി

വീടിനു പുറമെ, ഭിന്നലിംഗക്കാരായ ജീവനക്കാരെ ഹോസ്റ്റല്‍ മുതല്‍ അവരവരുടെ ജോലി സ്ഥലത്തും തിരിച്ചും എത്തിക്കുവാനുള്ള ഗതാഗത സൗകര്യവും ഒരുക്കാന്‍ ധാരണയായിട്ടുണ്ട് എന്നാണു കൊച്ചി മെട്രോറെയില്‍ ലിമിറ്റഡ് അറിയിക്കുന്നത്. “കുടുംബംശ്രീയാണ് അതിന്‍റെ ചുമതല ഏറ്റെടുത്തിരിക്കുന്നത് ” രശ്മി പറഞ്ഞു. വെവ്വേറെ സ്റ്റേഷനുകളിലും തസ്തികകളിലുമായാണ് മെട്രോയിലെ ഭിന്നലിംഗക്കാര്‍ ജോലി ചെയ്യുന്നത്. ഡിഗ്രി വരെ വിദ്യാഭ്യാസയോഗ്യതയുള്ളവരെ ടിക്കറ്റ് കൗണ്ടറുകളിലും മറ്റുമാണ് നിയമിച്ചിട്ടുള്ളത്. കുറഞ്ഞ വിദ്യാഭ്യാസയോഗ്യതയുള്ളവരെ മെട്രോയുടെ ശുചീകരണ പ്രവര്‍ത്തനങ്ങളിലാണ് നിയമിച്ചിട്ടുള്ളത്.

പുതിയ താമസസൗകര്യം ഒരുങ്ങുന്നു എന്നതിന്‍റെ സന്തോഷത്തിലാണ് ഭിന്നലിംഗക്കാരായ ജീവനക്കാര്‍. മെട്രോയിലെ ജോലി സമൂഹത്തിനു തങ്ങളോടുള്ള സമീപനത്തെ മാറ്റിമറിക്കും എന്നാണവര്‍ പ്രതീക്ഷിക്കുന്നത്. സ്ഥിരമായൊരു ജോലിയും, ശമ്പളവും ഇപ്പോള്‍ താമസസൗകര്യവും തന്നു എന്നതിന് കൊച്ചി മെട്രോയോടും കുടുംബശ്രീയോടും ഇപ്പോഴും സ്നേഹവും നന്ദിയും ഉണ്ടാവും എന്നാണു രാജി പറയുന്നത്. “തീര്‍ച്ചയായും ഇതൊരു വലിയ കാര്യമാണ്. ഇനി ബാക്കിയുള്ളവര്‍ ഞങ്ങളെ അവരിലൊരാളായി തിരിച്ചറിയുന്ന ഒരു സാഹചര്യം കൂടി ഉണ്ടാവണം. അതുണ്ടാവും എന്ന് തന്നെയാണ് വിശ്വസിക്കുന്നത്” എന്ന് രാജി പറയുമ്പോള്‍ കണ്ണുകളില്‍ പ്രതീക്ഷയുടെ തിളക്കം.

മുമ്പ് ഭിന്നലിംഗകാര്‍ക്കായി വിദ്യാലയം ആരംഭിക്കുവാനുള്ള ശ്രമത്തെക്കുറിച്ച് ഐ ഇ മലയാളം റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. 2016 ഡിസംബർ 30നാണ് ഭിന്നലിംഗകാര്‍ക്കായുള്ള ആദ്യ വിദ്യാലയത്തിന്‍റെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. സഹജ് ഇന്റർനാഷനൽ ഓൾട്ടർനേറ്റീവ് ലേണിങ് സെന്‍റര്‍ എന്ന പേരിൽ തുടങ്ങിയ വിദ്യാലയത്തിനായ് സ്ഥാപക വിജയരാജ മല്ലിക മാസങ്ങളോളമായിരുന്നു സ്ഥലം അന്വേഷിച്ചു നടന്നത്. പിന്നീട് സിഎംസി വിമല പ്രൊവിന്‍സ്‌ ആണ് സ്കൂള്‍ തുടങ്ങുവാനായി തൃക്കാക്കരയിലുള്ള ഒന്നര ഏക്കര്‍ ഭൂമി വിട്ടുകൊടുത്തുകൊണ്ട്‌ മാതൃക കാട്ടിയത്.

സമൂഹത്തിന്‍റെ മനസ്സാക്ഷിയില്‍ മാറ്റം കൊണ്ടുവരുക എന്നതാണ് ഭിന്നലിംഗങ്ങളെ മുഖ്യധാരയിലേക്ക് എത്തിക്കാനുള്ള ആദ്യപടി എന്നാണ് രാജിയെപോലുള്ളവര്‍ക്ക് പറയാനുള്ളത്. ഇത്തരത്തിലുള്ള നടപടികളിലൂടെ ചുരുങ്ങിയത് അടുത്ത തലമുറയെങ്കിലും മുന്‍വിധികള്‍ ഇല്ലാതെ തങ്ങളെ സമീപിക്കും എന്നാണ് ഭിന്നലിംഗകാര്‍ പ്രതീക്ഷിക്കുന്നത്.

Read More : ആ സത്യമറിഞ്ഞ് തകർന്ന ഹൃദയത്തിൽ സ്നേഹസ്പന്ദനം, അമ്മ ഹൃദയത്തിൽ വിജയരാജ മല്ലിക

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ