കൊച്ചി: മെട്രോയുടെ പണി തുടങ്ങിയതും 85 ശതമാനത്തോളം പൂര്‍ത്തിയാക്കിയതും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണെന്ന് അഡ്വ. എ ജയശങ്കര്‍. കൊച്ചി മെട്രോയുടെ ആലോചന തുടങ്ങിയത് ഇകെ നായനാരാണ്, പ്ലാൻ വരപ്പിച്ചത് വിഎസ്സാണ് എന്നൊക്കെ ഇപ്പോൾ ന്യായീകരണ തൊഴിലാളികൾ പറയുന്നു. നരേന്ദ്ര മോദിയുടെ കേമത്തം കൊണ്ടാണ് മെട്രോ യാഥാർത്ഥ്യമായതെന്ന് ബിജെപിക്കാർ ഫ്ലെക്സ് വച്ചിട്ടുമുണ്ടെന്നും അദ്ദേഹം പരിഹസിച്ചു.

“കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന് ഉമ്മൻ ചാണ്ടിക്കു ക്ഷണമില്ല. കാരണം, അദ്ദേഹമിപ്പോൾ അധികാര സ്ഥാനത്തല്ല, പ്രതിപക്ഷ നേതാവുമല്ല. രമേശ് ചെന്നിത്തലയ്ക്കു വേദിയിൽ ഇടംകൊടുത്ത സംഘാടകർ ഉമ്മച്ചനെ സർവാണി സദ്യക്കു കൂടി ക്ഷണിച്ചില്ല. കൊച്ചി മെട്രോയുടെ ആലോചന തുടങ്ങിയത് ഇകെ നായനാരാണ്, പ്ലാൻ വരപ്പിച്ചത് വിഎസ്സാണ് എന്നൊക്കെ ഇപ്പോൾ ന്യായീകരണ തൊഴിലാളികൾ പറയുന്നു. നരേന്ദ്ര മോദിയുടെ കേമത്തം കൊണ്ടാണ് മെട്രോ യാഥാർത്ഥ്യമായതെന്ന് ബിജെപിക്കാർ ഫ്ലെക്സ് വച്ചിട്ടുമുണ്ട്”, അദ്ദേഹം പറഞ്ഞു.
“കൊച്ചി മെട്രോയുടെ പണി തുടങ്ങിയതും 80-85% പൂർത്തീകരിച്ചതും ഉമ്മൻ ഭരണത്തിലാണ്. അത് കൊച്ചിയിലെ കൊച്ചു കുട്ടികൾക്കു വരെ അറിയാം. പെയിന്റിങ്ങും പൂച്ചെടി വച്ചു പിടിപ്പിക്കലുമാണ് ഈ സർക്കാരിൻ്റെ കാലത്ത് കാര്യമായി നടന്നതെന്നും ജയശങ്കര്‍ പറഞ്ഞു.

“ഉമ്മൻ ചാണ്ടിയെ ക്ഷണിച്ചില്ലെന്നു കരുതി ചടങ്ങ് അലങ്കോലമാക്കാൻ കോൺഗ്രസ് ഉദ്ദേശിക്കുന്നില്ല. ചെന്നിത്തലയെ കൂടാതെ മേയർ സൗമിനി ജെയിനും വേദിയിൽ ഉണ്ടാകും. ജൂൺ20ന് കുഞ്ഞൂഞ്ഞും കൂട്ടരും ആലുവായിൽ നിന്നു പാലാരിവട്ടം വരെ മെട്രോയിൽ ടിക്കറ്റ് എടുത്തു യാത്ര ചെയ്യാനാണ് തീരുമാനം.

കെപിസിസി പ്രസിഡന്റ് എംഎം ഹസ്സനും മുൻ ഗതാഗത മന്ത്രി ആര്യാടൻ മുഹമ്മദും ഒപ്പമുണ്ടാകും. ടിക്കറ്റ് എടുത്തു ജനകീയ യാത്ര നടത്താനുളള തീരുമാനം വിപ്ലവകരമാണ്. കോൺഗ്രസിന്റെ പ്രതിഷേധം നടക്കും, മെട്രോയ്ക്ക് വരുമാനവുമാകും.ജനകീയ യാത്രയ്ക്ക് അഭിവാദ്യങ്ങൾ, ആശംസകൾ!”, ജയശങ്കര്‍ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ